മലേഗാവ് സ്ഫോടനം: പ്രജ്‌ഞാസിംഗ് ഠാക്കുറിന്റെ ജാമ്യാപേക്ഷ തള്ളി
Tuesday, June 28, 2016 12:27 PM IST
മുംബൈ: മലേഗാവ് സ്ഫോടനത്തിലെ പ്രതി സാധ്വി പ്രജ്‌ഞാസിംഗ് ഠാക്കുറിന്റെ ജാമ്യാപേക്ഷ മുംബൈ പ്രത്യേക എൻഐഎ കോടതി തള്ളി. പ്രജ്‌ഞാസിംഗിനെതിരേ തെളിവില്ലെന്നു കഴിഞ്ഞ മാസം കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. അതിനാൽ, എൻഐഎ ജാമ്യാപേക്ഷയെ എതിർത്തില്ല.

തനിക്കെതിരേ തെളിവൊന്നുമില്ലെന്നു ചൂണ്ടിക്കാട്ടിയാണു പ്രത്യേക കോടതി ജഡ്ജി എസ്.ഡി. തേകലയ്ക്കു മുമ്പാകെ പ്രജ്‌ഞാസിംഗ് ജാമ്യഹർജി സമർപ്പിച്ചത്. സ്ഫോടനത്തിന് ഉപയോഗിച്ച തന്റെ പേരിലുള്ള മോട്ടോർസൈക്കിൾ കേസിൽ ഒളിവിൽ കഴിയുന്ന രാമചന്ദ്ര കൽസംഗ്രയുടെ ഉടമസ്‌ഥതയിലാണെന്നും മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിന്റെ മർദനത്തെത്തുടർന്നാണു പലരും തനിക്കെതിരേ മൊഴി നല്കിയതെന്നും അവർ കോടതിയിൽ വാദിച്ചു. കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി മേയ് 13നു കോടതയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ തെളിവുകളുടെ അഭാവത്തെത്തുടർന്നു പ്രജ്‌ഞാസിംഗിനും മറ്റ് അഞ്ചു പേർക്കും ക്ലീൻ ചിറ്റ് നല്കിയിരുന്നു.


എന്നാൽ, സ്ഫോടനത്തിൽ പരിക്കേറ്റ നിസാർ അഹമ്മദ് സയീദ് ബിലാൽ ഇവർക്കു ജാമ്യം നല്കുന്നതിനെ കോടതിയിൽ എതിർത്തു. 2008 സെപ്റ്റംബർ 29നു വടക്കൻ മഹാരാഷ്ട്രയിലെ മുസ്ലിം ഭൂരിപക്ഷപ്രദേശത്തു നടന്ന സ്ഫോടനത്തിൽ ഏഴു പേർ മരിക്കുകയും നിരവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിനുപയോഗിച്ച മോട്ടോർ സൈക്കിളിന്റെ ഉടമയായ പ്രജ്‌ഞാസിംഗിനെതിരേ 2009ലാണ് ഭീകരവിരുദ്ധ സ്ക്വാഡ് കുറ്റം ചുമത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.