പാക്കിസ്‌ഥാനു തിരിച്ചടി നല്കാൻ സേനയ്ക്കു സ്വാതന്ത്ര്യം: മോദി
പാക്കിസ്‌ഥാനു തിരിച്ചടി നല്കാൻ സേനയ്ക്കു സ്വാതന്ത്ര്യം: മോദി
Monday, June 27, 2016 12:51 PM IST
ന്യൂഡൽഹി: സമാധാനത്തിന്റെ പാതയാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കിലും അതിനു വിരുദ്ധമായ പ്രവർത്തനങ്ങൾ ഇന്ത്യക്കെതിരേ ഉണ്ടായാൽ ചുട്ട മറുപടി കൊടുക്കാൻ സൈന്യം സുസജ്‌ജമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താക്കീത്. ശ്രീനഗറിനു സമീപം പാംപോറിൽ എട്ടു ജവാന്മാർ ഭീകരരുടെ വെടിയേറ്റു വീരമൃത്യുവരിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ കർശന നിലപാട്.

“”പാക്കിസ്‌ഥാനിൽ നിരവധി അധികാരസ്‌ഥാനങ്ങളുണ്ട്. എന്നാൽ ഇന്ത്യക്കുള്ളത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംവിധാനമാണ്. പാക്കിസ്‌ഥാനുൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായി എപ്പോഴും സൗഹൃദം നിലനിൽക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. മേശയ്ക്കു ചുറ്റുമിരുന്നുള്ള ചർച്ചകൾ അങ്ങനെതന്നെ തുടരും. എന്നാൽ, ഇന്ത്യയുടെ അതിർത്തി സംരക്ഷിക്കേണ്ടവർ അവരുടെ കരുത്ത് എന്താണെന്ന് അറിയിക്കേണ്ടിവന്നാൽ അത് അങ്ങനെതന്നെ ചെയ്യും. അതിനുള്ള പരിപൂർണ സ്വാതന്ത്ര്യം സൈന്യത്തിനുണ്ട്. ഓരോരുത്തരും അവരവരുടെ ചുമതല ഭംഗിയായി ചെയ്യുക എന്നതാണ് അഭിലഷണീയം. ഇന്ത്യൻ സേന അവരുടെ ഉത്തരവാദിത്വം വളരെ ഫലപ്രദമായി ചെയ്യുന്നതിനാൽ അതിർത്തി കടക്കാനൊരുങ്ങുന്ന ഭീകരർ അങ്കലാപ്പിലാണ്. പലപ്പോഴും അവരുടെ ലക്ഷ്യങ്ങൾ വിഫലമാകുന്നു. ഈ നിരാശയാണു ഭീകരരെ വൻ ആക്രമണത്തിനു പ്രേരിപ്പിക്കുന്നത്.


എന്നാൽ, പ്രതികൂല സാഹചര്യങ്ങളെ തൃണവൽഗണിച്ച് അതിർത്തി കാക്കുന്ന ധീരരായ ജവാന്മാരെക്കുറിച്ചു രാജ്യത്തിന് എപ്പോഴും പൂർണ വിശ്വാസവും തികഞ്ഞ അഭിമാനവുമാണ്’’– പ്രധാനമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.