മദ്യം നിലവാരമുള്ളതാക്കാൻ കേന്ദ്രം
Monday, June 27, 2016 12:42 PM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: മദ്യപാനം ആരോഗ്യത്തിനു ഹാനികരമെന്ന നിരന്തര മുന്നറിയിപ്പുകൾക്കിടെ രാജ്യത്തു വിറ്റഴിക്കുന്ന മദ്യത്തിന് നിലവാരമേർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. സ്റ്റാൻഡേർഡ് ഡ്രിങ്കിന്റെ അളവു സംബന്ധിച്ചും മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളിന്റെ അളവും മറ്റു ചേരുവകകളും സംബന്ധിച്ചും പുതുക്കിയ മാനദണ്ഡങ്ങളടങ്ങിയ ഔദ്യോഗിക വിജ്‌ഞാപനം കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടൻ പുറത്തിറക്കും.

പാശ്ചാത്യ രാജ്യങ്ങളെ മാതൃകയാക്കി ഭക്ഷ്യസുരക്ഷാ അഥോറിറ്റി നിശ്ചയിച്ചതാണു പുതിയ മാനദണ്ഡങ്ങൾ. അതേസമയം, ഇന്ത്യയിൽ അപകടകരമായ സ്‌ഥിതിയിലേക്കു നീങ്ങിയ മദ്യപാന ശീലത്തെ തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ ഭക്ഷ്യസുരക്ഷാ അഥോറിറ്റി നിർദേശങ്ങൾ നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി വ്യാപക വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.

ഇതാദ്യമായാണു രാജ്യത്തു മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നിർദേശങ്ങളിറക്കുന്നത്.

ഇന്ത്യയിൽ വിറ്റഴിക്കുന്ന ബീയർ, ബ്രാണ്ടി, ജിൻ, റം, വോഡ്ക, വൈൻ, വിസ്കി തുടങ്ങിയവയിലെ ആൽക്കഹോൾ അളവും മറ്റു ചേരുവകകളുടെ അളവും സംബന്ധിച്ച പുതുക്കിയ മാനദണ്ഡങ്ങൾ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് വൈൻ ആൻഡ് വൈൻ സ്റ്റാൻഡേർഡ്സുമായി (ഒഐവി) ചേർന്നു രൂപപ്പെടുത്തിയതാണെന്നു ഭക്ഷ്യസുരക്ഷാ അഥോറിറ്റി സിഇഒ പവൻകുമാർ അഗർവാൾ വ്യക്‌തമാക്കി.

അന്തർദേശീയ തലത്തിൽ മദ്യത്തിന്റെ ഘടങ്ങൾ സംബന്ധിച്ച് ഏകീകൃത നിർദേശങ്ങൾ നൽകുന്ന സർക്കാർ അംഗീകൃത ഏജൻസിയാണ് ഒഐവി.

ഓരോ മദ്യക്കുപ്പിയുടെയും ക്യാനുകളുടെയും പുറത്ത് ഉള്ളിലുള്ള സ്റ്റാൻഡേർഡ് ഡ്രിങ്കിന്റെ എണ്ണം രേഖപ്പെടുത്തിയിരിക്കണം. ഒരു സ്റ്റാൻഡേർഡ് ഡ്രിങ്ക് എന്നാൽ 10 ഗ്രാമോ 12.7 മില്ലി ഗ്രാമോ ഈതൈൽ ആൽക്കഹോൾ അടങ്ങിയ മദ്യമാണ്. ഇതനുസരിച്ച് 750 മില്ലി ബീയറിൽ 12.5 ശതമാനം ആൽക്കഹോൾ അടങ്ങിയിരിക്കുന്നു. ഈ കുപ്പിയുടെ പുറത്ത് 7.4 സ്റ്റാൻഡേർഡ് ഡ്രിങ്ക് എന്നാണു രേഖപ്പെടുത്തേണ്ടത്. 375 മില്ലി ബീയർ കാനിൽ 4.9 ശതമാനം ആൽക്കഹോൾ അടങ്ങിയിരിക്കുന്നു. ഇതിൽ 1.4 സ്റ്റാൻഡേർഡ് ഡ്രിങ്ക് എന്നാണ് അടയാളപ്പെടുത്തേണ്ടത്. 750 മില്ലി വിസ്കി ബോട്ടിലിലും റമ്മിലും 36 ശതമാനം ആൽക്കഹോൾ അടങ്ങിയിരിക്കുന്നു. ഇതിന്റെ കുപ്പികളിൽ 22 സ്റ്റാൻഡേർഡ് ഡ്രിങ്കുകൾ എന്നാണ് രേഖപ്പെടുത്തേണ്ടത്.


ആൽക്കഹോൾ അടങ്ങിയ പാനീയങ്ങളിൽ ബീയറും വൈനിനും പുറമേ കള്ളും ഉൾപ്പെടും. 30 മില്ലി വിദേശമദ്യം കഴിച്ചാൽ ശരീരത്തിലെത്തുന്നത് 10 ഗ്രാം ഈതൈൽ ആൽക്കഹോളാണ്. 100–250 മില്ലി ലിറ്റർ വൈനിലും 250–300 മില്ലി ബീയറിലും ഇതേ അളവിൽ തന്നെ ആൽക്കഹോളുണ്ട്. അതായത് നാലു പെഗ് മദ്യം കഴിക്കുന്ന ആൾ അകത്താക്കുന്നതിനേക്കാൾ ആൽക്കഹോളാണ് രണ്ടു കുപ്പി ബീയർ കുടിക്കുന്നയാളുടെ ഉള്ളിലെത്തുന്നത്. 30 മില്ലി ലിറ്റർ വിദേശമദ്യം, 100 മില്ലി ലിറ്റർ വൈൻ, 250 മില്ലി ബിയർ, 500 മില്ലി ലിറ്റർ കള്ള് എന്നിവയിൽ ആൽക്കഹോളിന്റെ അംശം ഒരേ അളവിലാണ്.

എന്നാൽ, മദ്യത്തിന്മേൽ ഭക്ഷ്യസുരക്ഷാ അഥോറിറ്റിയുടെ പുതിയ മാനദണ്ഡങ്ങളിൽ ആരോഗ്യവിദഗ്ധർ ആശങ്ക ഉയർത്തിയിട്ടുണ്ട്. ലേബലിൽ സ്റ്റാൻഡേർഡ് ഡ്രിങ്കുകളുടെ എണ്ണം രേഖപ്പെടുത്തിയതുകൊണ്ട് കാര്യമായ പ്രയോജമില്ലെന്നും രാജ്യത്തെ ജനങ്ങളുടെ മദ്യപാനശീലം നിയന്ത്രിക്കുന്ന നടപടികളാണു വേണ്ടതെന്നും അവർ വിമർശിക്കുന്നു. ഇന്ത്യയിലെ ഗുരുതരമായ മദ്യ ഉപഭോഗം സംബന്ധിച്ചു ഭക്ഷ്യസുരക്ഷാ അഥോറിറ്റിക്ക് എന്തു സന്ദേശമാണു നൽകാനുള്ളതെന്ന് ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കു ആരോഗ്യസംഘടനയായ ഹെൽത്ത് പ്രമോഷൻ ആൻഡ് ടുബാക്കോ കൺട്രോളിന്റെ ഡയറക്ടർ മോണിക്ക അറോറ ചൂണ്ടിക്കാട്ടി.

വൈൻ ബോട്ടിലുകൾക്കു പുറത്ത് മുന്തിരി ഏതു തരത്തിലുള്ളതാണെന്നും മറ്റു ചേരുവകളുടെ പേരും രേഖപ്പെടുത്തണം. ഒരു വൈൻ ബോട്ടിലിന്റെ പുറത്ത് നിർമാണം നടന്ന സ്‌ഥലത്തിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വൈൻ ഉത്പാദിപ്പിക്കാൻ ഉപയോഗിച്ച മുന്തിരിയുടെ 75 ശതമാനവും ആ പ്രദേശത്തുനിന്നുള്ളതായിരിക്കണം തുടങ്ങിയ നിർദേശങ്ങളും ഭക്ഷ്യസുരക്ഷാ അഥോറിറ്റി പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.