ദീപിക മലയാളികൾക്കു മാർഗദീപം: മാർ ആന്റണി കരിയിൽ
ദീപിക മലയാളികൾക്കു മാർഗദീപം: മാർ ആന്റണി കരിയിൽ
Wednesday, June 22, 2016 1:09 PM IST
ബംഗളൂരു: കേരളത്തിന്റെ രാഷ്ട്രീയ–സാംസ്കാരിക–സാമൂഹിക മണ്ഡലങ്ങളിൽ ദീപിക ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് മാണ്ഡ്യ ബിഷപ് മാർ ആന്റണി കരിയിൽ സിഎംഐ. പക്വതയാർന്നതും മൂല്യാധിഷ്ഠിതവുമായ പത്രപ്രവർത്തനത്തിലൂടെ മലയാളികൾക്കു മാർഗദീപമാണ് ദീപികയെന്നും മാർ ആന്റണി കരിയിൽ പറഞ്ഞു.

ബംഗളൂരുവിൽ ദീപികയുടെ നൂറ്റിമുപ്പതാം വാർഷികാഘോഷം ധർമാരാം സെന്റ് തോമസ് ഫൊറോനാ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. കഴിഞ്ഞ 130 വർഷത്തെ കേരളചരിത്രത്തിൽ നിർണായകമായ കാലഘട്ടങ്ങളിലെല്ലാം ദീപിക ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സാധാരണക്കാർ മുതൽ അധികാര കേന്ദ്രങ്ങളിലിരിക്കുന്നവർ വരെ ഓരോ വിഷയങ്ങളിലും ദീപികയുടെ മുഖപ്രസംഗങ്ങൾ സസൂക്ഷ്മം ശ്രദ്ധിക്കുന്നുണ്ട്.

കുടുംബങ്ങളിൽ മാധ്യമങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. വിശ്വാസ പരിശീലനത്തിൽവരെ മാധ്യമങ്ങളുടെ സ്വാധീനം വലുതാണ്. ഇവിടെയാണ് ദീപികയുടെ പ്രസക്‌തി. ദീപിക സ്വന്തമാക്കാൻ എല്ലാ കുടുംബങ്ങളും മുന്നോട്ടുവരണമെന്നും മാർ ആന്റണി കരിയിൽ പറഞ്ഞു. ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. മാണ്ഡ്യ രൂപത വികാരി ജനറാൾ റവ.ഡോ. മാത്യു കോയിക്കര സിഎംഐ, ധർമാരാം കോളജ് റെക്ടർ റവ.ഡോ. തോമസ് ഐക്കര സിഎംഐ, ബംഗളൂരു എൻഎസ്എസ് ചെയർമാൻ രാമചന്ദ്രൻ പലേരി, ബിബിഎംപി അസിസ്റ്റന്റ് കമ്മീഷണർ കെ. മത്തായി, മാണ്ഡ്യ രൂപത മാതൃവേദി പ്രസിഡന്റ് ആൻസി ആൽബർട്ട് എന്നിവർ പ്രസംഗിച്ചു.


ആഘോഷപരിപാടികളോടനുബന്ധിച്ച് വിവിധ രംഗങ്ങളിൽ സാമൂഹിക പ്രതിബദ്ധത തെളിയിച്ച മഹത് വ്യക്‌തിത്വങ്ങളെ ആദരിച്ചു. പ്രവാസി വ്യവസായിയായ ജോൺസൻ ടെക്നോളജി സിസ്റ്റംസ് ഇൻകോർപറേഷൻ –യുഎസ്എ സിഇഒ ജോ മീനാംകുന്നേൽ, ബംഗളൂരുവിലെ ആകാശപ്പറവകളുടെ സംരക്ഷകരായ ഷാജു ഐ. തോമസ്–ഷിജു ഷാജു, ബംഗളൂരു കെഎംസിസി ജനറൽ സെക്രട്ടറി നൗഷാദ് എന്നിവരെയാണ് ആദരിച്ചത്. ആദരവ് ഏറ്റുവാങ്ങിയവർ മറുപടി പ്രസംഗം നടത്തി. രാഷ്ട്രദീപിക കർണാടക റീജണൽ ഡയറക്ടർ റവ.ഡോ. തോമസ് കല്ലുകളം സിഎംഐ സ്വാഗതവും റീജണൽ മാനേജർ ജോസ് വേങ്ങത്തടം നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.