എൻഎസ്ജി: മോദി–ഷി ചർച്ച നാളെ
എൻഎസ്ജി: മോദി–ഷി ചർച്ച നാളെ
Tuesday, June 21, 2016 12:52 PM IST
ന്യൂഡൽഹി: ആണവദാതാക്കളുടെ സംഘ (എൻഎസ്ജി)ത്തിൽ അംഗത്വം നേടുന്നതിനു വേണ്ടി ഇന്ത്യ നയതന്ത്രപരിശ്രമം തീവ്രമാക്കി. ഒപ്പം പാക്കിസ്‌ഥാനും എൻഎസ്ജി അംഗത്വം നേടിക്കൊടുക്കാനുള്ള ചൈനയുടെ ശ്രമവും ചൂടുപിടിച്ചു.

ആണവ നിർവ്യാപന ഉടമ്പടി (എൻപിടി) യിൽ ഒപ്പിടാത്ത ഇന്ത്യക്ക് അംഗത്വം നല്കിയാൽ അതേ നിലയിലുള്ള പാക്കിസ്‌ഥാനും നല്കണമെന്നാണ് ചൈന ശഠിക്കുന്നത്.

പാക്കിസ്‌ഥാനു പിന്നീട്അംഗത്വം നൽകുന്നതിന് ഇന്ത്യ എതിരുനിൽക്കുകയില്ലെന്നു ഞായറാഴ്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞതുകൊണ്ടു ചൈന തൃപ്തമല്ല.

ഇന്ത്യ നാളെ നിർണായകമായ രണ്ടു നയതന്ത്ര നീക്കങ്ങൾ നടത്തും. ഒന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി താഷ്കെന്റിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി നടത്തുന്ന കൂടിക്കാഴ്ചയാണ്. രണ്ടു ദക്ഷിണകൊറിയൻ തലസ്‌ഥാനമായ സിയൂളിൽ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ വിവിധ എൻഎസ്ജി അംഗരാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തുന്ന ചർച്ച.


മോദി–ഷി കൂടിക്കാഴ്ചയിൽ ധാരണ ഉണ്ടായാൽ നാളെയും മറ്റന്നാളും സീയൂളിൽ നടക്കുന്ന എൻഎസ്ജി വാർഷിക യോഗത്തിൽ ഇന്ത്യക്ക് അംഗത്വം കിട്ടും. ധാരണ ഇല്ലെങ്കിൽ വർഷാവസാനമോ അടുത്ത വർഷമോ ആകും ഇന്ത്യയുടെ അംഗത്വം.

ഇന്ത്യക്ക് അംഗത്വം നല്കണമെന്നഭ്യർഥിച്ച് അമേരിക്ക അംഗരാജ്യങ്ങൾക്കു കത്തയച്ചിരുന്നു. എന്നാൽ, തുർക്കി, കസാക്കിസ്‌ഥാൻ തുടങ്ങിയവയും ചൈനയും എതിർപ്പ് തുടരുകയാണ്. താഷ്കെന്റിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ സഹായത്തോടെ കസാക്കിസ്‌ഥാന്റെ എതിർപ്പ് ഒഴിവാക്കാമെന്നാണ് ഇന്ത്യ കരുതുന്നത്. മോദി പുടിനുമായി ചർച്ച നടത്തും. തുർക്കിയുടെ മേലും പുടിൻ സമ്മർദം ചെലുത്തണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.