പൊട്ടാസ്യം ബ്രോമേറ്റ് നിരോധിച്ചു
പൊട്ടാസ്യം ബ്രോമേറ്റ് നിരോധിച്ചു
Tuesday, June 21, 2016 12:52 PM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കളിൽ കാൻസറിനു കാരണമാകുന്ന രാസവസ്തുവായ പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കുന്നതു ഭക്ഷ്യസുരക്ഷാ അഥോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ) നിരോധിച്ചു.

ബ്രെഡിലും ബേക്കറി ഉത്പന്നങ്ങളിലും അനുവദനീയമായ അളവിൽ കൂടുതൽ പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കുന്നതായി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (സിഎസ്ഇ) പുറത്തുവിട്ട പഠനറിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നു. ഒരു മനുഷ്യൻ ദിവസേന രണ്ടു കഷണം ബ്രെഡ് കഴിച്ചാൽ കാൻസർ രോഗിയാകുമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ റിപ്പോർട്ടിലുണ്ടായിരുന്നു. 84 ശതമാനം ബ്രാൻഡുകളുടെ ബ്രെഡ്, ബൺ ഉത്പന്നങ്ങളിലും പൊട്ടാസ്യം ബ്രോമേറ്റും പൊട്ടാസ്യം അയോഡേറ്റും കണ്ടെത്തി. ഉത്പന്നങ്ങൾ മൃദുവാകാനും കേടാകാതിരിക്കാനും വേണ്ടിയാണ് ഇത്തരം രാസപദാർഥങ്ങൾ കലർത്തിയിരുന്നത്.

പൊട്ടാസ്യം ബ്രോമേറ്റ് നിരോധിച്ചെങ്കിലും ബ്രെഡിൽ ഉപയോഗിക്കുന്ന മറ്റൊരു അപകട വസ്തുവായ പൊട്ടാസ്യം അയഡേറ്റ് ഇനിയും നിരോധിച്ചിട്ടില്ല. ഇതു സംബന്ധിച്ചു പഠിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായി ഫുഡ് സേഫ്റ്റി സ്റ്റാൻഡാർഡ് അഥോറിറ്റി ഓ ഫ് ഇന്ത്യ സിഇഒ പവൻകുമാർ അഗർവാൾ പറഞ്ഞു.

തൈറോയിഡ് പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്ന പൊട്ടാസ്യം അയോഡേറ്റ് നിരവധി രാജ്യങ്ങളിൽ നിരോധിച്ചിട്ടുള്ള രാസപദാർഥമാണ്. മുൻപ് നിശ്ചിത അളവിൽ ഈ രാസവസ്തുക്കൾ ചേർക്കാൻ ഭക്ഷ്യസുരക്ഷാ അഥോറിറ്റി അനുമതി നൽകിയിരുന്നു.

ബ്രെഡിലും ബണ്ണിലും പൊട്ടാസ്യം ബ്രോമേറ്റും അയോഡേറ്റും ഉപയോഗിക്കുന്നതു മൂലം ഉണ്ടാകുന്ന ദുരന്തഫലങ്ങൾ ചൂണ്ടിക്കാട്ടി ‘വിലയ്ക്കു വാങ്ങുന്ന രോഗങ്ങൾ’ എന്നപേരിൽ കഴിഞ്ഞ ദിവസങ്ങളിൽ ദീപിക പ്രത്യേക പരമ്പര പ്രസിദ്ധീകരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.