കുന്ദാപുരത്തു വാഹനാപകടം; എട്ടു കുട്ടികൾ മരിച്ചു
Tuesday, June 21, 2016 12:43 PM IST
കുന്ദാപുരം(മംഗളൂരു): കുന്ദാപുരത്തിനടുത്ത് ദേശീയപാതയിലെ ട്രാസിയിൽ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഓംനിവാൻ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പെൺകുട്ടികളുൾപ്പെടെ എട്ടു കുട്ടികൾ മരിച്ചു. സ്കൂൾ വാഹനത്തിന്റെ ഡ്രൈവറും ഒരു അധ്യാപികയുമുൾപ്പെടെ 12 പേർക്കു പരിക്കേറ്റു. കുന്ദാപുരത്തിനടുത്ത മൊവാദിയിലെ ഡോൺബോസ്കോ സ്കൂളിലെ വിദ്യാർഥികളാണ് മരിച്ചത്.

ഇന്നലെ രാവിലെ ഒൻപതോടെ ട്രാസിക്കടുത്ത മോഹാദി ക്രോസിലായിരുന്നു അപകടം. ഡോൺബോസ്കോ സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനി നിഖിത, എൽകെജി വിദ്യാർഥിനി കലിസ്റ്റ, ഒന്നാംക്ലാസ് വിദ്യാർഥിനി അനന്യ, എൽകെജി വിദ്യാർഥി ഡെൽവിൻ, മൂന്നാംക്ലാസ് വിദ്യാർഥി റോയ്സ്റ്റൺ, രണ്ടാംക്ലാസ് വിദ്യാർഥിനി ആൽവിത, നാലാംക്ലാസ് വിദ്യാർഥിനി ആൻസിറ്റ എന്നിവരാണു മരിച്ചത്.


ബൈന്ദൂരിൽനിന്നും കുന്ദാപുരത്തേക്കു പോകുകയായിരുന്ന സ്വകാര്യബസ്് കുട്ടികൾ സഞ്ചരിച്ചിരുന്ന മാരുതി ഓംനി വാനിൽ ഇടിക്കുകയായിരുന്നു. രണ്ടു കുട്ടികൾ സംഭവസ്‌ഥലത്തുവച്ചും മറ്റു കുട്ടികൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പരിക്കേറ്റവരെ മണിപ്പാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർ മഞ്ജുനാഥിനെയും കണ്ടക്ടർ ശങ്കറിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 18 കുട്ടികളും ഒരു അധ്യാപികയുമാണ് മാരുതി വാനിലുണ്ടായിരുന്നത്.

അപകടത്തിൽ ബസിലുണ്ടായിരുന്ന മൂന്നു യാത്രക്കാർക്ക് നിസാര പരിക്കേറ്റു. സംഭവസ്‌ഥലം എസ്പി അണ്ണാമലൈ സന്ദർശിച്ചു. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന് എസ്പി വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.