നിഷ് കേന്ദ്ര സർവകലാശാലയാകും
Monday, June 20, 2016 12:30 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിനെ (നിഷ്) കേന്ദ്രസർവകലാശാലയാക്കി ഉയർത്തുന്നതിനു കേന്ദ്ര മന്ത്രിസഭ ഉടൻ അംഗീകാരം നൽകും. ഈ മാസം 30ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നു കേന്ദ്ര സാമൂഹ്യ ക്ഷേമമന്ത്രി തവർചന്ദ് ഗെഹ്ലോട്ട് ഉറപ്പു നൽകിയതായി സംസ്‌ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും നിർഭയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും ഭിന്നശേഷി വിഭാഗത്തിൽ പെട്ട ഏഴുലക്ഷം പേർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകാനും കേന്ദ്ര സർക്കാർ സഹായം നൽകുമെന്നു കേന്ദ്രമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രി വ്യക്‌തമാക്കി.

തിരുവനന്തപുരത്തെ നിഷിനെ യൂണിവേഴ്സിറ്റി ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് റിഹാബിലിറ്റേഷൻ സയൻസസ് ആയി ഉയർത്തുമെന്നു നേരത്തേ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള അംഗീകാരമാണു കേന്ദ്രമന്ത്രിസഭാ യോഗം നൽകുക. മന്ത്രിസഭാ യോഗത്തിനുള്ള പദ്ധതിയുടെ കുറിപ്പ് കൈമാറിയെന്നും മന്ത്രി ഗെഹ്ലോട്ട് സംസ്‌ഥാന മന്ത്രിയെ അറിയിച്ചു.

സംസ്‌ഥാനത്തെ ഭിന്നശേഷിയുള്ളവർക്ക് ഉപയോഗിക്കാവുന്ന ഏകീകൃത തിരിച്ചറിയൽ കാർഡ് നിർമിക്കുന്നതിനുള്ള സോഫ്റ്റ്വെയറും കാർഡും അടക്കമുള്ള സഹായമാണ് കേന്ദ്ര സർക്കാർ നൽകുക. ഇത്തരത്തിൽ രൂപീകരിക്കുന്ന കാർഡ് ഇന്ത്യയിൽ എവിടെയും ഉപയോഗിക്കാൻ നടപടിയെടുക്കാമെന്നും തവർചന്ദ് ഗെഹ്ലോട്ട് ഉറപ്പു നൽകി.


നിർഭയ സെന്ററുകൾ ആരംഭിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളോടെ 300 സ്ക്വയർ മീറ്റർ കെട്ടിടം 14 ജില്ലകളിലും കണ്ടെത്തി റിപ്പോർട്ട് നൽകിയാലുടൻ അനുമതി നൽകാമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിയാണ് ഉറപ്പു നൽകിയത്. പുതിയ ആംഗൻവാടികളുടെ സൗകര്യം വർധിപ്പിക്കുന്നതിന് ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സഹായങ്ങൾ നൽകും. കേരളത്തിൽ എയിംസ് മാതൃകയിലുള്ള ആശുപത്രി സ്‌ഥാപിക്കുന്നതിനായി സംസ്‌ഥാന സർക്കാർ തെരഞ്ഞെടുത്തിട്ടുള്ള നാല് സ്‌ഥലങ്ങൾ കേന്ദ്ര സംഘം ഉടൻ സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയും ഉറപ്പു നൽകി.

കേന്ദ്ര ധനമന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുത്താലുടൻ വിദഗ്ധ സംഘം സ്‌ഥലം സന്ദർശിക്കും. ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജുകൾ സെന്റർ ഓഫ് എക്സലൻസ് ആയി ഉയർത്തുമെന്നു നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. 150 കോടി രൂപ വീതമാണ് ഇതിന് ലഭിക്കുക. കോട്ടയം, തൃശൂർ മെഡിക്കൽ കോളജുകളെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്താമെന്നും കേന്ദ്രമന്ത്രി ഉറപ്പു നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.