ഇന്ത്യൻ എഡ്യൂക്കേഷൻ സർവീസ് രൂപീകരിക്കണമെന്ന്
Monday, June 20, 2016 12:30 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് മാതൃകയിൽ ഇന്ത്യൻ എഡ്യൂക്കേഷൻ സർവീസ് രൂപീകരിക്കണമെന്നു ദേശീയ വിദ്യാഭ്യാസ നയം രൂപീകരിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. മുൻ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ സുബ്രഹ്മണ്യന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ സമിതി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ശിപാർശ.

ഓരോ സംസ്‌ഥാനത്തു നിന്നുള്ള സിവിൽ സർവീസ് ഉദ്യോഗസ്‌ഥരുടെ സേവനം അതതു സംസ്‌ഥാനങ്ങളിൽ വിദ്യാഭ്യാസ മേഖലയിൽ ലഭ്യമാകുന്നില്ല. ഇതു കണക്കിലെടുത്ത് ഐഎഎസ് മാതൃകയിൽ ഇന്ത്യൻ എഡ്യുക്കേഷണൽ സർവീസ് രൂപീകരിക്കണമെന്നാണു സമിതി ശിപാർശ ചെയ്യുന്നത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഓൾ ഇന്ത്യ എഡ്യുക്കേഷണൽ സർവീസ് ഉദ്യോഗസ്‌ഥരെ അതാതു സംസ്‌ഥാനങ്ങളിൽ നിയമിക്കണം. കേന്ദ്ര–സംസ്‌ഥാന സർക്കാരുകളിൽ നയരൂപീകരണ സ്‌ഥാനങ്ങളിൽ ഇവരെ ഉന്നത പദവികളിൽ നിയമിക്കണം. യുപിഎസ്സി ഐഇഎസ് ഉദ്യോഗസ്‌ഥരെ നിയമിക്കണമെന്നാണു സമിതി ശിപാർശ ചെയ്യുന്നത്.

ഒരു കോടിയിലേറെ ഉദ്യോഗസ്‌ഥരെ ഉൾക്കൊള്ളുന്നതാണ് രാജ്യത്തെ വിദ്യാഭ്യാസ മേഖലയെന്ന് സുബ്രഹ്മണ്യൻ സമിതിയുടെ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. മുഖ്യമായും പൊതുധാരയിലുള്ള ഈ മേഖലയ്ക്ക് രാജ്യത്തിന്റെ മുന്നേറ്റത്തിന്റെ മുഖ്യ പങ്കാളിയെന്ന നിലയിൽ വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല. പല സംസ്‌ഥാനങ്ങൾക്കും അവരുടേതായ വിദ്യാഭ്യാസ നയങ്ങളുണ്ടെങ്കിലും ഇവയുടെ രൂപീകരണത്തിൽ മുതിർന്ന ഉദ്യോഗസ്‌ഥരുടെ സേവനം ലഭ്യമാക്കാൻ സാധിക്കുന്നില്ലെന്നും സമിതി നിരീക്ഷിക്കുന്നു. 1968, 1986, 1992 വർഷങ്ങളിൽ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഇതു സംബന്ധിച്ച ശിപാർശ ഉണ്ടായിരുന്നെങ്കിലും നടപടിയിതുവരെ ഉണ്ടായിട്ടില്ല.

<ആ>സമിതിയുടെ മറ്റു നിർദേശങ്ങൾ

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി സെക്കൻഡറി തലത്തിലേക്കും വ്യാപിപ്പിക്കണം.

ബിഎഡിന് നാലുവർഷ പാഠ്യപദ്ധതി തയ്യാറാക്കണം.


പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നത് ഉറപ്പുവരുത്താൻ സ്വതന്ത്ര ബോർഡ് രൂപവത്കരിക്കണം.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പത്തു ലക്ഷം വിദ്യാർഥികളുടെ പഠന ചെലവുകൾക്ക് ദേശീയ ഫെലോഷിപ്പ് ഫണ്ട്

സമയബന്ധിതമായ പരാതി പരിഹാരത്തിന് മാനവശേഷി മന്ത്രാലയത്തിെൻറ കീഴിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

അധ്യാപകനിയമനം സുതാര്യവും പരാതി രഹിതവുമാക്കാൻ സ്വതന്ത്ര റിക്രൂട്ട്മെൻറ് കമീഷൻ വേണം.

പന്ത്രണ്ടാം ക്ളാസിൽ ഉയർന്ന മാർക്ക് നേടുന്ന വിദ്യാർഥികൾക്ക് അഞ്ചു വർഷ അധ്യാപക പരിശീലന കോഴ്സിന് പ്രവേശനം നൽകണം. ഇവരുടെ പൂർണ പഠന ച്ചെലവും സ്കോളർഷിപ്പായി നൽകണം.

വിദ്യാർഥികളുടെ ലക്ഷ്യം പഠനം ആയിരിക്കണമെന്നും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ രാഷ്ട്രീയ വൈരങ്ങൾ തീർക്കാനുള്ള കേന്ദ്രങ്ങളായി മാറരുതെന്നും പറയുന്ന റിപ്പോർട്ട് ജാതി–മത അധിഷ്ഠിതമായ വിദ്യാർഥി കൂട്ടായ്മകളുടെ അംഗീകാരം റദ്ദാക്കുന്നത് ആലോചിക്കണമെന്നും നിർദേശിക്കുന്നു.

സ്കൂൾ വിദ്യാഭ്യാസം ഇടയ്ക്കുവച്ചു നിർത്തേണ്ടിവന്ന കുട്ടികൾക്ക് വീണ്ടും പഠനത്തിലേക്കു തിരിച്ചുവരാൻ അവസരം നൽകുന്നതിന് പത്ത്, പന്ത്രണ്ട് ക്ളാസ് തലത്തി ൽ രണ്ടു പരീക്ഷകൾ ഏർപ്പെടുത്തണം.

വിദേശത്തെ സ്കൂളുകളിൽ പഠിക്കാൻ പോകുന്നവർക്കായി മറ്റൊരു പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകണം.

മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) ത്തിന്റെ ആറു ശതമാനം വിദ്യാഭ്യാസ മേഖലയിൽ ചെലവഴിക്കണം.

കോളജുകളെയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളെയും അഞ്ചു വർഷം കൂടുമ്പോൾ വിലയിരുത്തണമെന്നും റിപ്പോർട്ടിൽ പ്രത്യേകം നിർദേശിക്കുന്നു. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഒന്നു മുതൽ ഏഴു വരെ ഗ്രേഡിംഗ് ഏർപ്പെടുത്തി ഏറ്റവും ഉയർന്ന നിലവാരത്തിൽ വരുന്നവയ്ക്കു സ്വയംഭരണാധികാരം നൽകണം. ഏറ്റവും താഴെ വരുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടച്ചു പൂട്ടണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.