സിപിഎമ്മിൽ ബംഗാൾ പുകഞ്ഞു തന്നെ
Monday, May 30, 2016 12:42 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ കനത്ത പരാജയം നേരിട്ടിട്ടും കേന്ദ്ര കമ്മിറ്റി നിലപാടിനു വിരുദ്ധമായി തെരഞ്ഞെടുപ്പിനു മുൻപുണ്ടായിരുന്ന നിലപാടിൽ ബംഗാൾ സിപിഎം ഘടകം പിബിയിൽ ഉറച്ചു നിന്നു. പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സിപിഎം സഖ്യമുണ്ടാക്കിയിട്ടും കനത്ത പരാജയം നേരിട്ടതു സംബന്ധിച്ചു പോളിറ്റ് ബ്യൂറോയിൽ തർക്കവുമുണ്ടായി. മമത ബാനർജിയെ ചെറുക്കാൻ കോൺഗ്രസ് അടക്കമുള്ള സമാനചിന്താഗതിയുള്ള പാർട്ടികളുമായി സഹകരിക്കണമെന്ന നിലപാടിൽ ബംഗാൾ ഘടകം ഉറച്ചു നിന്നു. ബംഗാളിലുണ്ടാക്കിയ സഖ്യത്തിനെതിരായ വിമർശനങ്ങൾ സാഹചര്യം മനസിലാക്കാതെയാണെന്നായിരുന്നു അവിടെ നിന്നുള്ള നേതാക്കളുടെ നിലപാട്.

ബംഗാളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതിനെ ഇന്നലെ നടന്ന ചർച്ചയിലും ഒരു പക്ഷം വിമർശിച്ചിരുന്നു. കോൺഗ്രസ് ബന്ധം പാർട്ടി നയങ്ങൾക്ക് എതിരാണെന്നാണ് ഇവരുടെ വാദം. ഇതിനുള്ള വിശദീകരണമായാണു വിമർശനങ്ങൾ ബംഗാളിലെ സാഹചര്യങ്ങൾ മനസിലാക്കാതെയാണെന്നു സംസ്‌ഥാന ഘടകം അവകാശപ്പെട്ടത്. ബംഗാളിൽ കോൺഗ്രസുമായുണ്ടാക്കിയ ധാരണയുടെ പേരിൽ പിബിയിലും സീതാറാം യെച്ചൂരിക്കു നേരെ വിമർശനമുയർന്നു. എന്നാൽ,


തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കിയ ബംഗാൾ ഘടകത്തിന്റെ നടപടി കേന്ദ്ര കമ്മിറ്റിയുടെ രാഷ്ര്‌ടീയ അടവുനയത്തിന് വിരുദ്ധമാണെന്നാണ് യെച്ചൂരി പിബിക്കു ശേഷം പറഞ്ഞത്. ഇതു സംബന്ധിച്ച തുടർ നടപടികൾ കേന്ദ്ര കമ്മിറ്റിയിൽ ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ബംഗാൾ ഘടകത്തിന്റെ തീരുമാനം തെറ്റാണെന്നു തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പു ഫലമെന്നാണു പിബിയും വിലയിരുത്തിയത്. കേരളം, ബംഗാൾ ഉൾപ്പെടെയുള്ള അഞ്ചുസംസ്‌ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പു ഫലങ്ങൾ അടുത്തമാസം ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം വിശദമായി ചർച്ചചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.