റെയിൽവേ സ്വകാര്യവത്കരണം: പിണറായിക്ക് അയഞ്ഞ സമീപനം
റെയിൽവേ സ്വകാര്യവത്കരണം:  പിണറായിക്ക് അയഞ്ഞ സമീപനം
Saturday, May 28, 2016 11:58 AM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്‌ഥാപനമായ റെയിൽവേയെ സ്വകാര്യവത്കരിക്കാനുള്ള മോദി സർക്കാരിന്റെ നിർദേശങ്ങളോട് അയഞ്ഞ സമീപനം പ്രകടമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സ്വകാര്യപങ്കാളിത്തമെന്ന ആശയം ചർച്ചാവിഷയമായത്. കേരളത്തിൽ അതിവേഗ റെയിൽപാത സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനിടെ സ്വാകര്യ മേഖലയെ ആശ്രയിക്കാമെന്ന ആശയം കേന്ദ്രധനമന്ത്രി അവതരിപ്പിച്ചത്. കേന്ദ്രത്തിൽ വിവിധ പദ്ധതികളിൽ സ്വകാര്യ പങ്കാളിത്തം നടപ്പാക്കുന്നകാര്യം ജയ്റ്റ്ലി ചൂണ്ടിക്കാണിക്കുകയും ചെയ്തു. അതിവേഗ പാത പോലുള്ള പദ്ധതികൾക്കായി ഫണ്ടിംഗ് നടത്തുന്ന ചില സ്വകാര്യ സംരഭകർ തങ്ങളുടെ പക്കലുണ്ടെന്നും ധനമന്ത്രി പറയുകയുണ്ടായി.


കൂടിക്കാഴ്ചയ്ക്കുശേഷം കേരള ഹൗസിൽ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുഴപ്പങ്ങളുണ്ടാക്കാത്ത സ്വാകര്യ പങ്കാളിത്തം സ്വീകരിക്കുന്നതിൽ എതിർപ്പൊന്നുമില്ലെന്നു ന്യായീകരിക്കുന്ന നിലപാടാണു പിണറായി വ്യക്‌തമാക്കിയത്. സ്വകാര്യ പങ്കാളിത്തത്തോടെ കേരളത്തിൽ നെടുമ്പാശേരി വിമാനത്താവളം നടപ്പാക്കിയതും കണ്ണൂർ വിമാനത്താവളം നടപ്പാക്കുന്ന കാര്യവും ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.