കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കും: അമിത്ഷാ
കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കും: അമിത്ഷാ
Friday, May 27, 2016 12:18 PM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ ഉടൻ പുനഃസംഘടനയുണ്ടാകുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ. എന്നാൽ, പുനഃസംഘടന എപ്പോഴുണ്ടാകുമെന്ന ചോദ്യങ്ങളോട് അക്കാര്യം വ്യക്‌തമാക്കാനാകില്ലെന്നായിരുന്നു അമിത്ഷായുടെ മറുപടി. ഇതേക്കുറിച്ച് ഇപ്പോൾ ഒന്നും തുറന്നു പറയാനാകില്ല. പല സുപ്രധാന ഘടകങ്ങളും പരിണനയ്ക്കെടുക്കാനുണ്ട്. സമയവും രാഷ്ട്രീയസാഹചര്യങ്ങളും കണക്കിലെടുക്കണമെന്നും കേന്ദ്രസർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചു റിപ്പോർട്ട് കാർഡ് അവതരിപ്പിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പു കേരളത്തിൽ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള ബിഡിജെഎസുമായുണ്ടാക്കിയ സഖ്യം തുടരുമെന്നും അമിത്ഷാ വ്യക്‌തമാക്കി. ബിഡിജെഎസുമായുള്ള സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തിട്ടുണ്ട്. ആസാമിൽ കോൺഗ്രസിന്റെ 15 വർഷത്തെ കുത്തക തകർത്ത് മികച്ച ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാൻ സാധിച്ചതും കേരളത്തിൽ അക്കൗണ്ട് തുറന്നതും ബിജെപിയുടെ മികച്ച നേട്ടമായാണു കാണുന്നതെന്നും അമിത് ഷാ പറഞ്ഞു.

ആസാമിലെ തെരഞ്ഞെടുപ്പു വിജയത്തിനുശേഷം കഴിഞ്ഞ ആഴ്ച തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭയിലും പാർട്ടി തലപ്പത്തും മാറ്റങ്ങൾ വരുത്തേണ്ടതിനും രാജ്യസഭാംഗങ്ങൾ, ഗവർണമാർ എന്നീ സ്‌ഥാനങ്ങൾ സംബന്ധിച്ചു തീരുമാനമെടുക്കുന്നതിനും കൂടിയാലോചനകൾ നടത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇതു സംബന്ധിച്ചു മോദി പാർട്ടി അധ്യക്ഷൻ അമിത്ഷായുമായും ധനമന്ത്രി അരുൺ ജയ്റ്റ്ലിയുമായും മൂന്നു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഈ യോഗത്തിന്റെ അനന്തരഫലമെന്നോണമാണ് മുൻ പോലീസ് മേധാവി കിരൺ ബേദിയെ പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായി നിയമിച്ചത്. രാജ്യസഭയിലേക്ക് ജൂൺ പതിനൊന്നിനു നടക്കുന്ന തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്‌ഥാനാർഥികളുടെ പട്ടികയിൽ അമിത്ഷാ പൂർണ തൃപ്തനാണെന്നാണു പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് സംസ്‌ഥാന തെരഞ്ഞെടുപ്പിൽ കണ്ണുവച്ചിരിക്കുന്ന ബിജെപി കേന്ദ്രമന്ത്രിസഭയിൽ സംസ്‌ഥാനത്തിനു കൂടുതൽ പ്രാതിനിധ്യം നൽകുമെന്നാണു വിവരം.

തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ സജീവമാകുന്നതിനുവേണ്ടി ചില മന്ത്രിമാരെ പിൻവലിച്ചേക്കുമെന്നും സൂചനയുണ്ട്. എന്നാൽ, വിദഗ്ധരെ ഉൾപ്പെടുത്തി മന്ത്രിസഭ വിപുലീകരിക്കാനാണു നീക്കമെന്നു മറ്റൊരു സൂചനയും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്‌ഥാനമായ ഗുജറാത്തിൽ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിനെ മാറ്റാനും പകരം ഗവർണറായി നിയമിക്കാനും സാധ്യതയുണ്ട്. തന്നെ മുഖ്യമന്ത്രിസ്‌ഥാനത്തുനിന്നു മാറ്റുമെന്ന വാർത്തകൾ ആനന്ദിബെൻ പട്ടേൽ കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു.


നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ, ഉത്തമബോധ്യമുള്ള സർക്കാരാണിതെന്നാണ് അമിത്ഷാ പത്രസമ്മേളനത്തിൽ വിശേഷിപ്പിച്ചത്. പത്തു വർഷക്കാലത്തെ യുപിഎ സർക്കാരിന്റെ ഭരണത്തിൽ വിവാദങ്ങളും അഴിമതിയും നയപരാജയങ്ങളും മാത്രമാണുണ്ടായിരുന്നതെന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു. കാലിയായ ഖജനാവും തളർന്നുപോയ നയങ്ങളും ബാക്കിവച്ചാണു യുപിഎ സർക്കാർ ഭരണമൊഴിഞ്ഞത്. ഉദ്യോഗസ്‌ഥവൃന്ദം ഒട്ടാകെ മനസു മടുത്തിരുന്നു. ജനങ്ങൾക്കുമൊട്ടാകെ ശുഭാപ്തിവിശ്വാസം നഷ്‌ടപ്പെട്ടിരുന്നുവെന്നും യുപിഎ ഭരണകാലത്തെ അമിത്ഷാ കുറ്റപ്പെടുത്തി. രാജ്യത്ത് ഏറ്റവും കൂടുതൽ ന്യൂനപക്ഷങ്ങൾ അദിവസിക്കുന്ന ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി ഒരുക്കം തുടങ്ങിയിരിക്കെ ബാബറി മസ്ജിദ്, ഏകീകൃത സിവിൽകോഡ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് അമിത്ഷാ ഒഴിഞ്ഞുമാറി. ഉത്തർപ്രദേശിലെ അയോധ്യയിലും നോയിഡയിലും നടന്ന ബജ്രംഗദളിന്റെ ആയുധപരിശീലന ക്യാമ്പുകളെക്കുറിച്ചുള്ള ചോദ്യങ്ങളോടു ബജ്രംഗദൾ ബിജെപിയുടെ ഭാഗമല്ലെന്നായിരുന്നു മറുപടി.

എന്നാൽ, നരേന്ദ്ര മോദി സർക്കാർ എല്ലാ മേഖലയിലും കഴിഞ്ഞ രണ്ടു വർഷം കൊണ്ടു പുത്തൻ പ്രതീക്ഷകളുണർത്തി. സർക്കാർ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള അടിത്തറയിടുമെന്നാണു പ്രതീക്ഷയെന്നും അമിത്ഷാ വ്യക്‌തമാക്കി. ഉത്തമ ബോധ്യമുള്ള ഒരു സർക്കാരിനെയാണു തങ്ങൾ രാജ്യത്തിനു നൽകിയിരിക്കുന്നത്.

ദീർഘ കാലത്തിനു ശേഷമാണ് മോദിയുട നേതൃത്വത്തിൽ രാജ്യത്ത് ഇതുപോലൊരു സർക്കാർ അധികാരത്തിൽ എത്തിയിരിക്കുന്നത്. രണ്ടു വർഷത്തെ ഭരണകാലയളവിനുള്ളിൽ എതിരാളികൾക്കു പോലും ഒരു അഴിമതിയാരോപണങ്ങളും ഉന്നയിക്കാനാകുന്നില്ല. വാജ്പേയുടെ നേതൃത്വത്തിലുള്ള ആദ്യ എൻഡിഎ സർക്കാർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ യുപിഎ ഭരണത്തിൽ മുരടിച്ചു പോകുകയായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.

നീറ്റ് ഓർഡിനൻസ് ഇറക്കാനുള്ള ബിജെപി സർക്കാരിന്റെ തീരുമാനം സംസ്‌ഥാനങ്ങൾക്ക് തങ്ങളുടെതന്നെ മെഡിക്കൽ എൻട്രൻസ് പരീക്ഷ നടത്താൻ കഴിയുമെന്നും ഇതു ജനങ്ങളുടെ പ്രശ്നങ്ങൾ പെട്ടെന്നു പരിഹരിക്കാൻ സർക്കാർ എടുക്കുന്ന നടപ ടിയുടെ ഉദാഹരണമാണെന്നും അമിത്ഷാ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.