പാലക്കാട് ഐഐടി: നിയമഭേദഗതിക്കു കാബിനറ്റ് അംഗീകാരം
പാലക്കാട് ഐഐടി: നിയമഭേദഗതിക്കു കാബിനറ്റ് അംഗീകാരം
Wednesday, May 25, 2016 12:04 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: പാലക്കാട് ഉൾപ്പെടെ പുതിയ ആറ് ഐഐടികൾ സ്‌ഥാപിക്കുന്നതിനുള്ള നിയമ ഭേദഗതിക്കു കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 1961ലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നിയമം ഭേഗതി ചെയ്യുന്നതിനാണു കാബിനറ്റ് അംഗീകാരം നൽകിയത്. മുൻകാല പ്രാബല്യത്തോടെയാണു നിയമഭേദഗതി.

പാലക്കാടിനു പുറമേ കർണാടകത്തിലെ ധാർവാഡ്, ആന്ധ്രപ്രദേശിലെ തിരുപ്പതി, ഛത്തീസ്ഗഡിലെ ഭിലായ്, ഗോവ, ജമ്മു എന്നിവിടങ്ങളിൽ പുതിയ ഐഐടികൾ തുടങ്ങുന്നതിനും ധൻബാദിലെ ഐഎസ്എമ്മിനെ ഐഐടിയായി ഉയർത്തുന്നതിനും ഇതിനെ ദേശീയ പ്രാധാന്യമുള്ള ഇൻസ്റ്റിറ്റ്യൂട്ടായി പ്രഖ്യാപിക്കുന്നതിനും വേണ്ടിയുള്ളതാണു നിയമഭേദഗതി.

ആന്ധ്രപ്രദേശിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) സ്‌ഥാപിക്കുന്നതിനും കാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ട്. എൻഐടി ആന്ധ്രപ്രദേശിനെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ബിൽ അവതരിപ്പിക്കാനും മന്ത്രിസഭായോഗം അനുമതി നൽകി.


വിനോദ സഞ്ചാര മേഖലയിലെ സഹകരണം ശക്‌തമാക്കാൻ ഇന്ത്യയും മാലദ്വീപും തമ്മിൽ ഒപ്പുവച്ച ധാരണാപത്രത്തിനും കാബിനറ്റ് അംഗീകാരം നൽകി. കൂടാതെ, സുസ്‌ഥിരവും കാർബൺ വമനം കുറഞ്ഞതുമായ താപോർജം വികസിപ്പിക്കാൻ ജപ്പാനുമായുള്ള ധാരണാപത്രത്തിനും അനുമതി നൽകിയിട്ടുണ്ട്.

ഇന്ത്യൻ തപാൽ സർവീസിലെ കേഡർ അവലോകനത്തിനും ഇന്നലെ ചേർന്ന കാബിനറ്റ് അംഗീകാരം നൽകി. ഇന്ത്യൻ തപാൽ സർവീസിലെ ഓഫീസർമാരുടെ പ്രമോഷൻ സാധ്യതകൾ വർദ്ധിപ്പിക്കാനും ഉപഭോക്‌താക്കളുടെ ആവശ്യങ്ങളോട് കൂടുതൽ ഫലപ്രദമായി പ്രതികരിക്കുന്നതിന് അവരെ പര്യാപ്തമാക്കാനും ലക്ഷ്യമിട്ടാണ് അവലോകനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.