ആഫ്രിക്കൻ യുവാവിന്റെ മരണം: നടപടി സ്വീകരിക്കുമെന്നു കേന്ദ്രം
Wednesday, May 25, 2016 12:04 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോംഗോ യുവാവ് ഡൽഹിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ശക്‌തമായ നടപടി സ്വീകരിക്കുമെന്നു കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ആഫ്രിക്കൻ നയതന്ത്ര പ്രതിനിധികളോടു ചർച്ച ചെയ്ത് ആശങ്കകൾ പരിഹരിക്കാൻ വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ. സിംഗിനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

ആഫ്രിക്കക്കാർക്കെതിരേ നടക്കുന്ന തുടർച്ചയായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്നു ഡൽഹിയിൽ നടത്താനിരുന്ന ആഫ്രിക്കൻ ഡേ ആഘോഷം ആഫ്രിക്കൻ രാജ്യങ്ങളിലെ നയതന്ത്ര തലവന്മാരുടെ സംഘം റദ്ദാക്കിയതിനെത്തുടർന്നാണ് കേന്ദ്ര സർക്കാർ നടപടി. മസോണ്ട കേതാഡ ഒലീവിയർ എന്ന 29കാരനെ വെള്ളിയാഴ്ച ദക്ഷിണ ഡൽഹിയിലെ വസന്ത് കുഞ്ചിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് പിടികൂടിയിരുന്നു. വാക്കുതർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെങ്കിലും ആഫ്രിക്കൻ രാജ്യക്കാർക്കു നേരേയുള്ള ആക്രമണങ്ങളുടെ അവസാനത്തെ സംഭവമാണിതെന്നുമാണ് ആഫ്രിക്കൻ നയതന്ത്ര പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലേക്ക് പഠനത്തിനായി വിദ്യാർഥികളെ അയയ്ക്കരുതെന്ന് ആഫ്രിക്കൻ സർക്കാറുകളോട് ആവശ്യപ്പെടുമെന്ന് നയതന്ത്ര തലവന്മാർ കൂട്ടായി തയാറാക്കിയ പ്രസ്താവനയിൽ വ്യക്‌തമാക്കി.


ഇന്ത്യയിലെ സാഹചര്യങ്ങൾ ആഫ്രിക്കക്കാർക്ക് ഭയമുണ്ടാക്കുന്നതാണ്. തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താതെ വിദ്യാർഥികളെ ഇന്ത്യയിലേക്ക് പഠനത്തിന് അയയ്ക്കരുതെന്ന് ആവശ്യപ്പെടുകയല്ലാതെ തങ്ങൾക്കു മുന്നിൽ വേറെ വഴിയില്ല. രാജ്യത്തെ വംശീയതയും ആഫ്രിക്കൻ പേടിയും ഇല്ലാതാക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും അംബാസഡർമാർ ആവശ്യപ്പെട്ടു.

ഇതോടൊപ്പമാണ് ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻ സംഘടിപ്പിക്കുന്ന ആഫ്രിക്കൻ ഡേ ആഘോഷത്തിൽ പങ്കെടുക്കില്ലെന്നു നയതന്ത്ര പ്രതിനിധികൾ അറിയിച്ചത്. ഇതേത്തുടർന്ന്, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളുമെന്ന് സുഷമാ സ്വരാജ് ട്വിറ്ററിൽ വ്യക്‌തമാക്കി. കോംഗോ യുവാവ് കൊല്ലപ്പെട്ടപ്പോൾ തന്നെ ശക്‌തമായ നടപടി എടുക്കാൻ ആവശ്യപ്പെട്ടതാണ്. പ്രാദേശിക ഗുണ്ടകളുടെ ആക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്.ഇതു നിർഭാഗ്യകരമാണ്്. കേസ് അതിവേഗ കോടതിയിൽ തീർപ്പാക്കാൻ ലഫ്. ഗവർണർക്ക് നിർദേശം നൽകിയതായും സുഷമ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.