കാൻസർ ബ്രെഡ്: കേന്ദ്രം അടിയന്തര റിപ്പോർട്ട് തേടി
കാൻസർ ബ്രെഡ്: കേന്ദ്രം അടിയന്തര റിപ്പോർട്ട് തേടി
Tuesday, May 24, 2016 12:10 PM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: ബ്രെഡും ബണ്ണും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളിൽ കാൻസറിനു കാരണമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്നു ഭക്ഷ്യസുരക്ഷാ അഥോറിറ്റിക്കു നിർദേശം നൽകിയതായി ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ അറിയിച്ചു. അതിനിടെ, അപകടകരമായ രാസവസ്തുക്കൾ ഭക്ഷ്യോത്പന്നങ്ങളിൽ ചേർക്കുന്നതിനു നിരോധനം ഏർപ്പെടുത്തുമെന്നു ഭക്ഷ്യസുരക്ഷാ അഥോറിറ്റിയും വ്യക്‌തമാക്കി.

സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (സിഎസ്ഇ)നടത്തിയ ലാബ് പരിശോധനകളിലാണു കാൻസറിനു കാരണമാകുന്ന പൊട്ടാസ്യം ബ്രോമേറ്റും പൊട്ടാസ്യം അയോഡേറ്റും ബ്രെഡ്, ബൺ, സാൻഡ്വിച്ച് തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്നെന്നു കണ്ടെത്തിയത്. ഭക്ഷ്യവ സ്തുക്കളിൽ പൊട്ടാസ്യം ബ്രോമേറ്റ് ചേർക്കുന്നതു പതിനഞ്ചു ദിവസത്തിനുള്ളിൽ സർക്കാർ നിരോധിക്കുമെന്നാണു വിവരം. ഭക്ഷ്യോത്പന്നങ്ങളിൽ ചേർക്കാവുന്ന 11,000–ൽ അധികചേരുവകളിലൊന്നാണ് പൊട്ടാസ്യം ബ്രോമേറ്റ്. ആശങ്കകൾ പരിഗണിച്ച് പൊട്ടാസ്യം ബ്രോമേറ്റിനെ ഈ പട്ടികയിൽനിന്ന് ഒഴിവാക്കാൻ ആരോഗ്യ മന്ത്രാലയത്തോടു ശിപാർശ ചെയ്തിട്ടുണ്ടെന്നു ഭക്ഷ്യസുരക്ഷാ അഥോറിറ്റി സിഇഒ പവൻ കുമാർ അഗർവാൾ അറിയിച്ചു.

വിവിധ ബ്രാൻഡുകളിൽപ്പെട്ട 84 ശതമാനം ബ്രെഡിലും ഈ രാസപദാർഥങ്ങളുടെ സാന്നിധ്യം ഉണ്ടെന്നായിരുന്നു സിഎസ്ഇയുടെ പരിശോധനാ ഫലം. ഒരു ദിവസം രണ്ടു കഷണം ബ്രെഡ് വീതം കഴിച്ചാൽപോലും തൈറോയിഡ് വീക്കവും കാൻസറും ഉണ്ടാകുന്നതിനു സാധ്യതയുള്ള രാസപദാർഥങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നതെന്നു സിഎസ്ഇയുടെ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഭൂഷൺ പറയുന്നു. ബ്രെഡിനും ബണ്ണിനും മിനുസവും മാർദവവും കിട്ടാനാണ് ഈ രാസപദാർഥങ്ങൾ ചേർക്കുന്നത്.


കെഎഫ്സി, ഡൊമിനോസ്, മക്ഡൊണാൾഡസ്, സബ് വേ തുടങ്ങിയ മൾട്ടി നാഷണൽ ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റുകളിലെ ഭക്ഷ്യവസ്തുക്കളിലാണു മാരകമായ വിഷപദാർഥങ്ങൾ കണ്ടെത്തിയത്. എന്നാൽ, ഡോമിനോസിന്റെ നടത്തിപ്പുകാരായ ജൂബിലന്റ് ഫുഡ് വർക്സ് തങ്ങളുടെ ഉത്പന്നങ്ങളിൽ രാസ വസ്തുക്കളുടെ സാന്നിധ്യമില്ലെന്ന് അറിയിച്ചു. ബ്രിട്ടാനിയയും സ്ലൈസ് ഓഫ് ഇറ്റലിയും രാസപദാർഥങ്ങളടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ട് നിഷേധിച്ചു. സിഎസ്ഇയുടെ റിപ്പോർട്ടനുസരിച്ച് ഹാർവെസ്റ്റ് ഗോൾഡ്, ബ്രിട്ടാനിയ, പെർഫെക്ട് എന്നീ ബ്രാൻഡ് ബ്രെഡുകളിലാണ് ഉയർന്ന അളവിൽ രാസവസ്തുക്കൾ അടങ്ങിയതായി കണ്ടെത്തിയത്. സിഎസ്ഇയുടെ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ തന്നെ ഡോമിനോസ്, മക്ഡൊണാൾഡ്സ് എന്നിവയുടെ ഓഹരിവിലയിൽ 20 ശതമാനം ഇടിവുണ്ടായി.

തൈറോയിഡ് പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്ന പൊട്ടാസ്യം അയോഡേറ്റ് നിരവധി രാജ്യങ്ങളിൽ നിരോധിച്ചിട്ടുള്ള രാസപദാർഥമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.