സ്മാർട്സിറ്റി മത്സരത്തിൽ തിരുവനന്തപുരവും
Tuesday, May 24, 2016 12:09 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേരളത്തിന്റെ തലസ്‌ഥാനനഗരമായ തിരുവനന്തപുരം മത്സരിച്ച് സ്മാർട്ടാകണമെന്നു കേന്ദ്രം. സ്മാർട്സിറ്റികളാകാനുള്ള മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽനിന്നും കൊച്ചിക്കു പുറമേ തിരുവനന്തപുരത്തെക്കൂടി കേന്ദ്ര നഗരവികസന മന്ത്രാലയം ഉൾപ്പെടുത്തി. രാജ്യത്തെ ആകെ സ്മാർട്സിറ്റികളുടെ എണ്ണം 100 ആയിരിക്കുമെന്നും തിരുവനന്തപുരം ഉൾപ്പെടെ ഏഴു സംസ്‌ഥാന തലസ്‌ഥാനങ്ങളെക്കൂടി സ്മാർട്സിറ്റികളാകാനുള്ള മത്സരത്തിൽ ഉൾപ്പെടുത്തിയതായും കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു അറിയിച്ചു.

ബംഗളൂരു, ഷിംല, ന്യൂറായ്പുർ, ഇറ്റാനഗർ, അമരാവതി എന്നീ സംസ്‌ഥാന തലസ്‌ഥാന നഗരങ്ങൾക്കൊപ്പമാണു തിരുവനന്തപുരവും ഇടം പിടിച്ചിരിക്കുന്നത്.

മൂന്നാംഘട്ട മത്സരത്തിൽ തിരുവനന്തപുരത്തിനും പങ്കെടുക്കാം. പുതിയതായി ഉൾപ്പെടുത്തിയ നഗരങ്ങളിൽ ഉത്തർപ്രദേശിലെ മീററ്റും ജമ്മു കാഷ്മീരിലെ ജമ്മു, ശ്രീനഗർ നഗരങ്ങളുമുണ്ട്.

ലക്നോ, വാറങ്കൽ, പനാജി, ധരംശാല, ചണ്ഡിഗഡ്, റായ്പുർ, കോൽക്കത്ത ന്യൂടൗൺ, ഭഗൽപുർ, പോർട്ട്ബ്ലെയർ, ഇംഫാൽ, റാഞ്ചി, അഗർത്തല, ഫരീദാബാദ് എന്നിവയാണ് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട സ്മാർട്സിറ്റികൾ. കൊച്ചി അടക്കമുള്ള നഗരങ്ങൾ ആദ്യഘട്ട മത്സരത്തിൽ രെതഞ്ഞെടുക്കപ്പെട്ടിരുന്നു. 23 നഗരങ്ങളിൽനിന്നാണ് ഇവയെ തെരഞ്ഞെടുത്ത്. പൊതുസ്വകാര്യ പങ്കാളിത്തത്തിലൂടെയായിരിക്കും സ്മാർട്സിറ്റി പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഒരുക്കുന്ന സൗകര്യങ്ങൾക്കു ജനങ്ങളിൽനിന്നു ഫീസ് ഈടാക്കും.


പൊതു–സ്വകാര്യ പങ്കാളിത്തത്തിലും സൗകര്യങ്ങൾക്ക് ഫീസ് ഈടാക്കുന്നതിലും താത്പര്യമില്ലാത്ത നഗരസഭകൾക്കും സംസ്‌ഥാന സർക്കാരുകൾക്കും പദ്ധതി വേണ്ടെന്നു വയ്ക്കാം. നിലവിലുള്ള നഗരസംവിധാനങ്ങളുമായി അവർക്ക് മുന്നോട്ടുപോകുകയും ചെയ്യാം. പദ്ധതികൾ കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി വ്യക്‌തമാക്കി. സ്മാർട്സിറ്റി പദവി ലഭിച്ചാൽ ഈ നഗരങ്ങൾ തങ്ങളുടെ വികസന പദ്ധതികളുമായി ദേശീയതലത്തി ൽ അപേക്ഷ സമർപ്പിക്കുകയാണ് അടുത്ത ഘട്ടം. സ്മാർട്സിറ്റികൾക്കായി കേന്ദ്രസർക്കാർ നേരത്തേതന്നെ ചില നിബന്ധനകൾ മുന്നോട്ടുവച്ചിരുന്നു.

2011ലെ സെൻസസ് പ്രകാരം നഗരസഭാ പ്രദേശമായി കണക്കാക്കിയ 4041 നഗരങ്ങളിൽ ഒരു ലക്ഷത്തിനുമേൽ ജനസംഖ്യയുള്ള 500 എണ്ണത്തിനാണു മത്സരിക്കാൻ അർഹതയുള്ളത്.മത്സരത്തിനെത്തുന്ന ഓരോ നഗരസഭയുടെയും നിലവിലുള്ള സേവന നിലവാരത്തിന് 25 പോയിന്റും സ്‌ഥാപനസംവിധാനങ്ങൾക്കും ശേഷിക്കും 15 പോയിന്റും സ്വാശ്രയത്വത്തിനു 30 പോയിന്റും കഴിഞ്ഞ ഘട്ടത്തിലെ പദ്ധതിപൂർത്തീകരണത്തിനു 30 പോയിന്റുമാണ് പരമാവധി ലഭിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.