തെരഞ്ഞെടുപ്പു പരാജയം: ഉത്തരവാദികൾക്കെതിരേ നടപടി വേണമെന്നു ശശി തരൂർ
തെരഞ്ഞെടുപ്പു പരാജയം: ഉത്തരവാദികൾക്കെതിരേ നടപടി വേണമെന്നു ശശി തരൂർ
Monday, May 23, 2016 1:01 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിയമസഭാ തെര ഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദികൾക്കെതിരേ നടപടിയെടുക്കണമെന്നു ശശി തരൂർ എംപി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ പത്ത് ജൻപഥിലെ സോണിയയുടെ വസതിയിലെത്തിയാണു തരൂർ കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്കുശേഷം കേരളത്തിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഉമ്മൻ ചാണ്ടിക്കു മാത്രമല്ലെന്നാണ് ശശി തരൂർ മാധ്യമപ്രവർത്തകരോടു പറഞ്ഞത്.

സ്‌ഥാനാർഥിനിർണയം അടക്കമുള്ള കാര്യങ്ങളിൽ രമേശ് ചെന്നിത്തലയ്ക്കും സുധീരനും ഉത്തരവാദിത്തമുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പു പരാജയം ഹൈക്കമൻഡ് ഗൗരവത്തോടെയാണു കാണുന്നതെന്നും തരൂർ വ്യക്‌തമാക്കി.


തെരഞ്ഞെടുപ്പു പരാജയം മുൻനിർത്തി പാർട്ടി നേതൃത്വം ക്രിയാത്മകവും പുരോഗമനപരവുമായ നടപടികൾ കൈക്കൊള്ളും. 50 മിനിറ്റ് സോണിയ ഗാന്ധിയുമായി സംസാരിച്ചെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ഉദ്ദേശിക്കില്ലെന്നുമാണു തരൂർ പറഞ്ഞത്. എന്നാൽ, പാർട്ടി നേതൃത്വം കേരളത്തിലെ തെരഞ്ഞെടുപ്പു ഫലത്തെ അതീവ ഗൗരവത്തോടെയാണു കാണുന്നതെന്നും പോസിറ്റീവായ നടപടികളുണ്ടാകുമെന്നും തരൂർ വ്യക്‌തമാക്കി. പരാജയത്തിന്റെ കാരണങ്ങൾ പൂർണമായും ഉൾക്കൊള്ളാൻ നേതൃത്വം പൂർണമായും തയാറായിട്ടുണ്ടോ എന്നു സംശയമാണ്. പാർട്ടി നേതൃത്വം വെല്ലുവിളികളെ നേരിട്ടു ശക്‌തമായ തിരിച്ചുവരവു നടത്തുമെന്നുമാണു തന്റെ പ്രതീക്ഷയെന്നും തരൂർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.