ന്യൂഡൽഹിയിൽ എകെജി ഭവനിലേക്കുള്ള ബിജെപി മാർച്ച് അക്രമാസക്‌തമായി
ന്യൂഡൽഹിയിൽ എകെജി ഭവനിലേക്കുള്ള ബിജെപി മാർച്ച് അക്രമാസക്‌തമായി
Sunday, May 22, 2016 12:36 PM IST
ന്യൂഡൽഹി: കേരളത്തിൽ സിപിഎം നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ബിജെപി–ആർഎസ്എസ് പ്രവർത്തകർ സിപിഎം കേന്ദ്ര ആസ്‌ഥാനമായ എകെജി ഭവനിലേക്കു നടത്തിയ പ്രകടനം അക്രമാസക്‌തമായി. പോലീസ് ബാരിക്കേഡുകൾ തകർത്ത് എകെജി ഭവനിലേക്കു തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർ ഓഫീസിന്റെ മുന്നിൽ സ്‌ഥാപിച്ച ബോർഡുകളടക്കമുള്ളവ തല്ലിത്തകർത്തു.

ഇന്നലെ രാവിലെ പതിനൊന്നോടെ ബിജെപി ഡൽഹി സംസ്‌ഥാന അധ്യക്ഷൻ സതീഷ് ഉപാധ്യായയുടെ നേതൃത്വത്തിലുള്ള സംഘമാണ് സിപിഎം കേന്ദ്രത്തിലേക്കു പ്രകടനം നടത്തിയത്. പ്രകടനത്തിന്റെ അടിസ്‌ഥാനത്തിൽ ഗോയി ഠാക് ഘാന മുതൽ പോലീസ് മൂന്നു ബാരിക്കേഡുകൾ ഉയർത്തിയിരുന്നെങ്കിലും അതു തകർത്തു പ്രവർത്തകർ മുന്നേറുകയായിരുന്നു. പോലീസ് ഇതു തടഞ്ഞതോടെ പ്രവർത്തകർ ആദ്യം റോഡിൽ കുത്തിയിരുന്നെങ്കിലും ഇടയ്ക്ക് ഒരു സംഘം ഓഫീസിലേക്കു തള്ളിക്കയറി. ഇവരെ അറസ്റ്റ് ചെയ്തു തുടങ്ങിയതോടെ മറ്റൊരു സംഘം ബോർഡ് അടക്കമുള്ളവ തല്ലിത്തകർക്കുകയായിരുന്നു. അക്രമം നടത്തിയവരെ സിപിഎം പ്രവർത്തകരാണു പിടികൂടി പോലീസിനു കൈമാറിയത്.


ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എ.കെ. പദ്മനാഭൻ, ഹനൻ മുള്ള, സുഭാഷിണി അലി തുടങ്ങിയവർ കേന്ദ്ര ആസ്‌ഥാനത്തുണ്ടായിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ പ്രകോപിതരായ ബിജെപി, സിപിഎം ആക്രമണം നടത്തുകയാണെന്നു വ്യാജപ്രചാരണം നടത്തുകയാണെന്നു പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഇടതുപക്ഷത്തിന് അനുകൂലമായി കേരള ജനത വിധിയെഴുതിയതിനെതിരേയാണു ബിജെപിയുടെ ആക്രമണം. ഇതു കേരള ജനത വച്ചുപൊറുപ്പിക്കില്ല. സമാധാനം നിലനിർത്താനും ഏറ്റുമുട്ടലുകൾ ഒഴിവാക്കാനുമാണു സിപിഎമ്മും ഇടതുപക്ഷവും ശ്രമിക്കുകയെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.