നീറ്റ്: കേന്ദ്ര ആരോഗ്യമന്ത്രി ഇന്നു രാഷ്ട്രപതിക്കു വിശദീകരം നല്കും
നീറ്റ്: കേന്ദ്ര ആരോഗ്യമന്ത്രി ഇന്നു രാഷ്ട്രപതിക്കു വിശദീകരം നല്കും
Sunday, May 22, 2016 12:36 PM IST
ന്യൂഡൽഹി: മെഡിക്കൽ, ഡെന്റൽ കോളജ് പ്രവേശനത്തിനു രാജ്യവ്യാപകമായി ഏകീകൃത പ്രവേശനപരീക്ഷ (നീറ്റ്) നടത്തണമെന്ന സുപ്രീംകോടതി ഉത്തരവിൽ ഒരു വർഷത്തെ ഇളവ് നല്കുന്നതിനായി കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസിന്മേൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ഇന്നു രാഷ്ട്രപതിയെ സന്ദർശിച്ചു വിശദീകരണം നല്കും. നീറ്റ് ഈ വർഷംതന്നെ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനമെന്നും സുപ്രീംകോടതി ഉത്തരവ് മറികടക്കാനല്ല മറിച്ച് സംസ്‌ഥാനങ്ങളും വിവിധ രാഷ്ട്രീയ പാർട്ടികളും ഉന്നയിച്ച ആശങ്കകളിൽ ന്യായമായ ഇളവുകൾ നല്കാനാണു ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി രാഷ്ട്രപതി പ്രണാബ് മുഖർജിയെ ധരിപ്പിക്കും.

സുപ്രീംകോടതിയുടെ ഉത്തരവിനെതിരേ ഓർഡിനൻസ് കൊണ്ടുവരാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനമെടുത്ത സാഹചര്യത്തിൽ ഓർഡിനൻസ് പരിശോധിച്ചു രാഷ്ട്രപതി വിശദീകരണം തേടിയിരുന്നു. ഓർഡിനൻസിനെതിരേ വിമർശനങ്ങളും വിവാദങ്ങളുമുണ്ടായ സാഹചര്യത്തിൽ രാഷ്ട്രപതി നിയമോപദേശവും തേടിയിരുന്നു.


സുപ്രീംകോടതി ഉത്തരവിനെ മറികടക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തയച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, രാഷ്ട്രപതിയെ സന്ദർശിച്ച് ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. നീറ്റ് അട്ടിമറിച്ച് സ്വകാര്യ മെഡിക്കൽ കോളജുകളുടെ ലോബിയെ സഹായിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നു കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു.

കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെയും സംസ്‌ഥാനങ്ങളുടെയും ആശങ്ക കണക്കിലെടുത്താണു ചില ഇളവുകൾക്കു തയാറായതെന്നു നഡ്ഡ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഓർഡിനൻസിന്റെ കാര്യത്തിൽ തീരുമാനം വൈകുന്നതു വിദ്യാർഥികളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. നീറ്റിന്റെ ഒന്നാംഘട്ട പരീക്ഷയിൽ ആറര ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതിയിരുന്നു. ജൂലൈ 24–നാണു രണ്ടാംഘട്ട പരീക്ഷ. ഇക്കാര്യത്തിൽ അവ്യക്‌തത തുടരുന്നത് മെഡിക്കൽ, ഡെന്റൽ പ്രവേശനം കൂടുതൽ സങ്കീർണമാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.