ബംഗളൂരുവിൽ തടാകമലിനീകരണം വീണ്ടും; യെംലൂർ തടാകം പതഞ്ഞുപൊങ്ങി
ബംഗളൂരുവിൽ തടാകമലിനീകരണം വീണ്ടും; യെംലൂർ തടാകം പതഞ്ഞുപൊങ്ങി
Sunday, May 22, 2016 12:27 PM IST
ബംഗളൂരു: ബംഗളൂരു നഗരത്തിൽ തടാകസംരക്ഷണത്തിനായി പദ്ധതികൾ നടപ്പാക്കിയിട്ടും മലിനീകരണത്തിന് അറുതിയില്ല. നഗരത്തിലെ പ്രധാന ജലാശയങ്ങളിലൊന്നായ യെംലൂർ തടാകം വീണ്ടും പതഞ്ഞുപൊങ്ങി. നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്‌തമായി മഴ പെയ്തതിനെ തുടർന്ന് വ്യവസായശാലകളിലെ മാലിന്യങ്ങൾ വീണ്ടും തടാകത്തിൽ കലർന്നതാണു പതഞ്ഞുപൊങ്ങാൻ കാരണം. തടാകത്തിന്റെ സമീപപ്രദേശങ്ങളിലും റോഡുകളിലും പത ഒഴുകിപ്പടർന്നു. വ്യവസായ ശാലകളിൽനിന്നുള്ള രാസമാലിന്യങ്ങളാണു വെള്ളം പതഞ്ഞുപൊങ്ങുന്നതിനു കാരണമാകുന്നത്. ഇതോടെ പരിസരവാസികൾ ആശങ്കയിലാണ്.

നേരത്തെ യെംലൂർ തടാകം പതഞ്ഞുപൊങ്ങി തീപിടിച്ചിരുന്നു. നഗരത്തിലെ വർത്തൂർ, ബെല്ലന്ദൂർ തടാകങ്ങളും സമാനമായ രീതിയിൽ പതഞ്ഞുപൊങ്ങിയിരുന്നു. മലിനീകരണത്തെത്തുടർന്നു നഗരത്തിലെ പ്രധാന തടാകങ്ങൾ നാശത്തിന്റെ വക്കിലാണെന്നു ശാസ്ത്രീയപഠനങ്ങൾ തെളിയിച്ചിരുന്നു. മാലിന്യങ്ങൾ കുമിഞ്ഞുകൂടിയതിനെത്തുടർന്ന് ബെല്ലന്ദൂർ, വർത്തൂർ തടാകങ്ങളുടെ ആഴം ഗണ്യമായി കുറഞ്ഞെന്നും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തിയ പഠനത്തിൽ കണ്ടെത്തി. തടാകങ്ങളുടെ 75 മീറ്ററിനുള്ളിൽ നിർമാണം പാടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. തടാകങ്ങൾ ശുചിയാക്കാനായി കോടികളുടെ പദ്ധതികളാണു സർക്കാർ ആരംഭിച്ചിരിക്കുന്നത്. കേന്ദ്രസഹായവും ഇതിനായി ലഭിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.