ആഫ്രിക്കൻ യുവാവ് ഡൽഹിയിൽ മർദനമേറ്റു മരിച്ചു
Saturday, May 21, 2016 12:36 PM IST
ന്യൂഡൽഹി: ആഫ്രിക്കൻ യുവാവ് ഡൽഹിയിൽ മർദനമേറ്റു മരിച്ചു. കോംഗോയിൽ നിന്നുള്ള ഒലീവിയ (24) എന്ന യുവാവാണ് ഡൽഹി വസന്ത്കുഞ്ചിൽ പ്രദേശവാസികളുമായുണ്ടായ തർക്കത്തെത്തുടർന്ന് ജനക്കൂട്ടത്തിന്റെ മർദനമേറ്റു മരിച്ചത്. അക്രമികൾ യുവാവിനെ കല്ലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നെന്നാണു ദൃക്സാക്ഷികൾ പറയുന്നത്. തലയ്ക്കു മാരകമായി മുറിവേറ്റ ഒലീവിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണമാരംഭിച്ച പോലീസ് ഒലീവിയയെ ആക്രമിച്ചെന്നു കരുതുന്ന പ്രദേശവാസികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


ഒലീവിയയും പ്രദേശവാസികളും തമ്മിൽ തർക്കമുണ്ടായതിന്റെ കാരണം വ്യക്‌തമല്ല. തർക്കം കൈയേറ്റത്തിലേക്കെത്തിയപ്പോൾ ഒലിവ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ പിന്നാലെ പോയ സംഘം കല്ലുകൊണ്ടും ഇഷ്‌ടികകൊണ്ടും എറിയുകയായിരുന്നു. പ്രദേശവാസികളിൽ തന്നെ ചിലരാണ് ഒലീവിയയെ രക്ഷിച്ച് പോലീസിനെ വിവരമറിയിച്ചത്. പിന്നീട് എയിംസിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരുകയാണ്. ആക്രമണത്തിന്റെ കാരണം വ്യക്‌തമല്ലെന്നു പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.