ബസ്ടിക്കറ്റ് + നാരങ്ങാവെള്ളം = റോതാഷ്
Saturday, May 21, 2016 12:25 PM IST
അംബാല: ചുട്ടുപൊള്ളുന്ന പൊരിവെയിലത്ത് വാഹനയാത്ര ഏറെ ക്ലേശകരമാണെന്ന് പറയേണ്ടതില്ല. ഉത്തരേന്ത്യയിൽ ഇത്തവണ കൊടുംചൂടുമൂലം നീരുറവ വറ്റിയ കിണറുകളും വറ്റിവരണ്ട പാടങ്ങളും വരണ്ടുണങ്ങിയ നദികളും അടിത്തട്ടു വിണ്ടുകീറിയ അണക്കെട്ടുകളും സർവസാധാരണ കാഴ്ചയായിരുന്നു. സൂര്യാതപമേറ്റു മരിച്ചവരുടെ സംഖ്യ ഏറെ. ഒരിറ്റു വെള്ളത്തിനുവേണ്ടി ദാഹിച്ചു വലഞ്ഞവർ പാർപ്പിടം വിട്ട് പലായനം ചെയ്തതും ചൂടിന്റെ കാഠിന്യം പ്രതിഫലിപ്പിക്കുന്നു.

എന്നാൽ ചൂടിനെ ചെറുക്കാൻ യാത്രക്കാർക്ക് സഹായഹസ്തവുമായി ജോലിചെയ്യുന്ന ഹരിയാനയിലെ കണ്ടക്ടർ ഇന്ത്യയിലെ എല്ലാ പൊതുവാഹന ജീവനക്കാർക്കും പൊതു ജനങ്ങൾക്കും മാതൃകയാണ്. ഹരിയാന റോഡ്്വേസ് ബസിലെ കണ്ടക്ടറാണ് റോതാഷ്. ഡൽഹി–ഷിംല റൂട്ടിലാണ് റോതാഷിന്റെ ഡ്യൂട്ടി. വീട്ടിൽനിന്നു ഡ്യൂട്ടിക്ക് ഇറങ്ങുമ്പോൾ എല്ലാദിവസവും ഈ യുവാവിന്റെ കയ്യിൽ ടിക്കറ്റ് റാക്ക് മാത്രമല്ല, മറ്റൊന്നുകൂടി ഉണ്ടാവും. വലിയൊരു പാത്രം. അതിൽ നിറയെ തണുത്ത കുടിവെള്ളം. സാധാരണ ബസുകളിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ഇരിപ്പിടത്തിന്റെ വശത്ത് സ്വന്തമായി കുടിക്കാൻ കുത്തിച്ചാരി വച്ചിരിക്കുന്ന തരത്തിലുള്ള വെള്ളംനിറച്ച കുപ്പിയല്ല. അത്യാവശ്യം യാത്രക്കാർക്കെല്ലാം പങ്കുവയ്ക്കാനാവശ്യമായ വെള്ളമാണ് റോതാഷ് രാവിലെ കരുതുന്നത്. ഉച്ചച്ചൂടിൽ ബസിൽ കയറുവർക്ക് റോതാഷ് തണൽവൃക്ഷമാണ്. ടിക്കറ്റ് മുറിച്ചു നൽകിയശേഷം തണുത്ത നാരങ്ങവെള്ളം നൽകും. അതും സൗജന്യമായി. അതിവിനയത്തോടെ. റോതാഷിന്റെ ഈ സേവനം കഴിഞ്ഞ പത്തുവർഷമായി ഇടമുറിയാതെ തുടരുന്നു.


റോതാഷിന് ഇന്നലെ പ്രത്യേക ദിനമായിരുന്നു. നാരങ്ങയും തണുത്തവെള്ളവും കർപ്പൂരവും കലർത്തിയ കുടിവെള്ളവുമായി പറന്നുനീങ്ങിയ ബസ് അംബാലയിലെത്തിയപ്പോൾ നാട്ടുകാർ തടഞ്ഞു. ദാഹജലം നൽകിയതിൽ പ്രതിഷേധിച്ചല്ല. അനിനുള്ള നന്ദി പ്രകാശനത്തിന്. ബൽദേവനഗർ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗംഭീര സ്വീകരണം ഒരുക്കിവച്ചാണ് റോതാഷിനെ ബസിൽനിന്നു ആരവത്തോടെ ആനയിച്ചത്.

സൊസൈറ്റി പ്രസിഡന്റ് വ്യോമസേനയുടെ എക്സ് വിംഗ് കമാൻഡർ റേവാപതി സുദാൻ ബസ് കണ്ടക്ടറായ റോതാഷിന്റെ പരസ്നേഹത്തെ വാനോളം പ്രശംസിച്ചു. പ്രമുഖർ ആശംസകൽ നേരുകയും ചെയ്തു. അഭിനന്ദനങ്ങൾ ചൊരിഞ്ഞ ചടങ്ങിൽ റോതാഷിന് പ്രശംസാഫലകം സമ്മാനിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.