കേന്ദ്രം സുരക്ഷാ സ്‌ഥിതിഗതികൾ വിലയിരുത്തി
Thursday, May 5, 2016 12:02 PM IST
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും പ്രതിരോധ മന്ത്രി മനോഹർ പരീക്കറും ഉന്നത സുരക്ഷാ ഉദ്യോഗസ്‌ഥരുമായി രാജ്യത്തെ സുരക്ഷാ സ്‌ഥിതിഗതികൾ വിലയിരുത്തി. ജമ്മു കാഷ്മീർ ഉൾപ്പടെയുള്ള അന്താരാഷ്ട്ര അതിർത്തി സംബന്ധിച്ച വിവരങ്ങളും ഉന്നതതല യോഗത്തിൽ ചർച്ച ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, കരസേനാ മേധാവി ദൽബീർ സിംഗ് സുഹാഗ്, ഇന്റലിജന്റ്സ് ബ്യൂറോ മേധാവി ദിനേശ്വർ ശർമ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഇവർക്കു പുറമേ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷിയും മറ്റ് ഉന്നത ഉദ്യോഗസ്‌ഥരും യോഗത്തിൽ സംബന്ധിച്ചു.


ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട മൂന്നു യുവാക്കൾ കഴിഞ്ഞ ദിവസം അറസ്റ്റിലായ പശ്ചാത്തലത്തിലാണ് യോഗം അടിയന്തരമായി ചേർന്നത്. പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് അനുഭാവികളാണ് പിടിയിലായ മൂന്നു പേരുമെന്ന് പോലീസ് വ്യക്‌തമാക്കിയിരുന്നു. ബോംബ് നിർമാണത്തിനിടെയായിരുന്നു അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് പന്ത്രണ്ടോളം പേർ പോലീസ് കസ്റ്റഡിയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.