അഗസ്ത വെസ്റ്റ്ലാൻഡ്: രാജ്യസഭയിൽ ഇരുപക്ഷവും നേർക്കുനേർ
അഗസ്ത വെസ്റ്റ്ലാൻഡ്: രാജ്യസഭയിൽ ഇരുപക്ഷവും നേർക്കുനേർ
Wednesday, May 4, 2016 12:19 PM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാട് സംബന്ധിച്ച ചർച്ചയിൽ ഭരണ–പ്രതിപക്ഷങ്ങൾ രാജ്യസഭയിൽ നേർക്കു നേർ. ചർച്ചയ്ക്കൊടുവിൽ കേസ് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ സഭ വിട്ടിറങ്ങി. തെളിവുകൾ ഉണ്ടെന്നു പറഞ്ഞു ഭീഷണിപ്പെടുത്തേണ്ടെന്നാണു സുബ്രഹ്മണ്യൻ സ്വാമി ഉൾപ്പടെയുള്ള ബിജെപി നേതാക്കളോടു മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണി ഇന്നലെ പറഞ്ഞത്. രാജ്യസഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു സംസാരിക്കവേയാണു സുബ്രഹ്മണ്യൻ സ്വാമിയുടെ പേരെടുത്തു പറഞ്ഞ് ഇക്കാര്യത്തിൽ ഭീഷണി വേണ്ടെന്ന് ആന്റണി വ്യക്‌തമാക്കിയത്.

ഭീഷണിയും ബ്ലാക്ക്മെയിലിംഗും വേണ്ടെന്നു പറഞ്ഞ ആന്റണി കോഴ വാങ്ങിയവർക്കെതിരേ നടപടി വേണമെന്നും അഗസ്ത വെസ്റ്റ്ലാൻഡ് കമ്പനിയെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെട്ടു. കമ്പനിയെ വീണ്ടും കരിമ്പട്ടികയിൽപ്പെടുത്തി അനധികൃതമായി പണം കൈപ്പറ്റിയവർക്കെതിരേ കർശന നടപടിയെടുക്കണം. തെളിവുകളുണ്ടെങ്കിൽ തങ്ങളെയും വിചാരണ ചെയ്യാമെന്നും ആന്റണി പറഞ്ഞു. യുപിഎ സർക്കാരിന്റെ കാലത്ത് ഇക്കാര്യത്തിൽ എടുത്ത നടപടികൾ ഓരോന്നും അക്കമിട്ടു നിരത്തിയായിരുന്നു ആന്റണി എൻഡിഎ സർക്കാരിനു മറുപടി നൽകിയത്. ഇടപാടിനെക്കുറിച്ച് അന്വേഷിക്കാൻ സംയുക്‌ത പാർലമെന്ററി സമിതി രൂപീകരിക്കാമെന്നു യുപിഎ കാലത്തു വ്യക്‌തമാക്കിയിട്ടും അന്നു പ്രതിപക്ഷത്തിരുന്ന ബിജെപി സമ്മതിച്ചില്ലെന്നും ആന്റണി വ്യക്‌തമാക്കി.

രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാനായി തങ്ങളെ ലക്ഷ്യംവച്ചാൽ വിജയിക്കില്ലെന്നായിരുന്നു ബിജെപിയോട് ആന്റണി വ്യക്‌തമാക്കിയത്. ആരോപണമുണ്ടായതിന്റെ തൊട്ടടുത്ത ദിവസം തന്നെ യുപിഎ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. നടപടിയെടുക്കാൻ മുൻകൈയെടുത്തതു യുപിഎ സർക്കാരിന്റെ കീഴിലുള്ള പ്രതിരോധ മന്ത്രാലയമാണ്. ഇറ്റാലിയൻ കമ്പനി ഫിൻ മെക്കാനിക്കയുടെ സിഇഒ ജ്യൂസെപ്പി ഓർസിയുടെ അറസ്റ്റിനു തൊട്ടു പിന്നാലെ തന്നെ കേസ് സിബിഐക്കു കൈമാറിയിരുന്നു. എല്ലാ നിയമതടസങ്ങളും ഇപ്പോൾ ഒഴിവായിരിക്കുന്നെന്നും ഇനി നിങ്ങളാണ് നടപടിയെടുക്കേണ്ടതെന്നും ആന്റണി സർക്കാരിനെ ചൂണ്ടി പറഞ്ഞു. പ്രതിരോധ മേഖലയെ അഴിമതി മുക്‌തമാക്കുന്നതിനുള്ള എല്ലാ നപടികളുമെടുത്തത് യുപിഎ സർക്കാരാണെന്നും ആന്റണി വ്യക്‌തമാക്കി.

എന്നാൽ, അധികാരത്തിലിരിക്കുമ്പോൾ സിബിഐ അന്വേഷിക്കട്ടെയെന്നും അധികാരമില്ലാത്തപ്പോൾ സുപ്രീംകോടതി മേൽനോട്ടം വഹിക്കട്ടെയെന്നുമുള്ള നിലപാടാണ് കോൺഗ്രസിനുള്ളതെന്നു കേന്ദ്ര മന്ത്രി എം. വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി. അഗസ്ത വെസ്റ്റ്ലാൻഡ് വിഷയത്തിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കാൻ ബിജെപിയും എതിർക്കാൻ കോൺഗ്രസും ഉറച്ചതോടെ ചർച്ച ഇടയ്ക്കിടെ ബഹളമയമായി. ഹെലികോപ്റ്റർ ഇടപാടിൽ സോണിയ ഗാന്ധിയുടെ പങ്കിനു തെളിവില്ലെന്നു കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വി അറിയിച്ചു. എന്നാൽ, ഇടപാടിലെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത് കോൺഗ്രസ് സർക്കാറാണെന്നാണ് ബിജെപിയുടെ ഭൂപേന്ദ്ര യാദവ് പറഞ്ഞത്. അതേസമയം, ഇടപാടിനെക്കുറിച്ച് എത്രയും വേഗം നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ബിഎസ്പി നേതാവ് മായാവതി പ്രതികരിച്ചു. പരസ്പരം കുറ്റാരോപണങ്ങൾ നടത്തിയിട്ടു കാര്യമില്ലെന്നും തെളിവ് ആവശ്യമാണെന്നും ജെഡിയു നേതാവ് ശരത് യാദവ് പറഞ്ഞു.


വിവാദ ഹെലികോപ്റ്റർ ഇടപാടിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞാൽ രാജി നൽകി പൊതുജീവിതം അവസാനിപ്പിക്കാൻ തയാറാണെന്നാണു സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറികൂടിയായ അഹമ്മദ് പട്ടേൽ പറഞ്ഞത്. തുടർന്നു സംസാരിച്ച ആനന്ദ് ശർമയും രൂക്ഷമായി ഭാഷയിൽ ബിജെപിയെ കുറ്റപ്പെടുത്തി.

ചർച്ചയിൽ പങ്കെടുത്തു സംസാരിക്കവേ ഇടപാടിൽ ആരൊക്കെയാണു പണം കൈപ്പറ്റിയതെന്നറിയാമെന്നും അവരെ എത്തിക്കേണ്ടിടത്ത് എത്തിക്കുമെന്നുമായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ താക്കീത്. വിവാദ ഹെലികോപ്റ്റർ ഇടപാടിലെ പ്രേരക ശക്‌തിയെ ചോദ്യം ചെയ്യണമെന്നാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ലക്ഷ്യംവച്ച് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടത്. ക്രിമിനൽ ചട്ടം 156 അനുസരിച്ച് ഇറ്റാലിയൻ കോടതി ഉത്തരവിൽ പരാമർശിക്കുന്ന അഗസ്ത വെസ്റ്റ്ലാൻഡ് ഇടപാടിലെ പ്രേരക ശക്‌തിയെ സിബിഐക്കു ചോദ്യം ചെയ്യാമെന്നാണു സ്വാമി വ്യക്‌തമാക്കിയത്. അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്ററുകൾക്കു പ്രവർത്തന ക്ഷമതയില്ലെന്നു 2004ൽ ഇന്ത്യൻ വ്യോമസേന വ്യക്‌തമാക്കിയതാണ്. എന്നാൽ, അധികാരത്തിലിരുന്ന യുപിഎ സർക്കാർ കരാർ വ്യവസ്‌ഥകൾ അട്ടിമറിക്കുകയായിരുന്നു. എട്ടു വിവിഐപി ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനുള്ള ആദ്യ കരാർ അഗസ്ത വെസ്റ്റ്ലാൻഡിനു വേണ്ടി പന്ത്രണ്ടാക്കി പുതുക്കുകയായിരുന്നുവെന്നും സ്വാമി ആരോപിച്ചു.

അഗസ്ത ഹെലികോപ്റ്റർ ഇടപാടിന് എയർഫോഴ്സ് 2006ൽ നൽകിയ 793 കോടിയുടെ എസ്റ്റിമേറ്റിന് അംഗീകാരം നൽകിയത് അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി ആയിരുന്നെന്നും സ്വാമി ചൂണ്ടിക്കാട്ടി. ഹെലികോപ്റ്ററിന്റെ പരീക്ഷണപ്പറക്കൽ ഇറ്റലിയിൽ നടത്തിയതിൽ ദുരൂഹതയുണ്ടെന്നും സ്വാമി ആരോപിച്ചു.

ഹെലികോപ്റ്റർ ഇടപാടിൽ കോൺഗ്രസ് നേതൃത്വത്തെ അപമാനിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്നു കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി ആരോപിച്ചു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അഹമ്മദ് പട്ടേൽ തുടങ്ങിയവർക്കെതിരേയുള്ള പ്രതികാര മനോഭാവത്തോടെയുള്ള നടപടികളാണ് ആരോപണങ്ങളെന്നു സിംഗ്വി പറഞ്ഞു. കേസിൽ യഥാർഥ പ്രതികളെ വെളിച്ചത്തു കൊണ്ടു വരാൻ ബിജെപിക്കു താത്പര്യമില്ല. ഭരണപരാജയം മറച്ചുപിടിക്കാൻ കോൺഗ്രസ് നേതൃത്വത്തിനെതിരേ ആരോപണങ്ങൾ പടച്ചുവിടുകയാണ്. വിവിഐപി ഹെലികോപ്റ്ററിൽ സഞ്ചരിക്കാനുള്ള വിശിഷ്‌ട വ്യക്‌തികളുടെ പട്ടികയിൽ അല്ലാതെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേര് മറ്റൊരിടത്തും പരാമർശിച്ചിട്ടില്ലെന്നും സിംഗ്വി ചൂണ്ടിക്കാട്ടി.

അതിനിടെ ചർച്ചയുടെ അന്തിമഘട്ടത്തിൽ മറുപടി പറയാൻ എഴുന്നേറ്റ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ എഴുതി തയാറാക്കിയ മറുപടി വായിക്കുന്നതിനെതിരേ കോൺഗ്രസ് രംഗത്തു വന്നു. ഇതിലൂടെ സഭയെ മന്ത്രി അപമാനിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചത്. അഴിമതിയിൽ നിന്ന് നേട്ടങ്ങൾ സ്വന്തമാക്കിയവർ ആരൊക്കെയെന്നു അറിയാൻ രാജ്യം ആവശ്യപ്പെടുന്നു എന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്. ഹെലികോപ്റ്റർ ഇടപാടിൽ അഴിമതി നടന്നത് അദൃശ്യ കരങ്ങളിലൂടെയാണെന്നായിരുന്നു പരീക്കറുടെ ആരോപണം. ഇടപാടിൽ 2005 മുതലുള്ള നാൾവഴി ഉദ്ധരിച്ചായിരുന്നു പരീക്കറുടെ പ്രസംഗം. അതിനിടെ സഭയെ തെറ്റിദ്ധരിപ്പിക്കാൻ മന്ത്രി ശ്രമിക്കുന്നെന്ന് ആരോപിച്ച് കോൺഗ്രസ് പലവട്ടം രംഗത്തു വന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.