ന്യൂനപക്ഷ അവകാശങ്ങളെയും സംവരണ തത്വങ്ങളെയും നീറ്റ് ബാധിക്കില്ല: സുപ്രീംകോടതി
ന്യൂനപക്ഷ അവകാശങ്ങളെയും സംവരണ തത്വങ്ങളെയും  നീറ്റ് ബാധിക്കില്ല: സുപ്രീംകോടതി
Tuesday, May 3, 2016 12:14 PM IST
<ആ>ജിജി ലൂക്കോസ്

ന്യൂഡൽഹി: നിലവിലുള്ള സംവരണ തത്വങ്ങളെയും ന്യൂനപക്ഷ അവകാശങ്ങളെയും ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) ഒരു തരത്തിലും ബാധിക്കില്ലെന്ന് സുപ്രീം കോടതി. നീറ്റ് പരീക്ഷ നടത്തുന്നതിനെതിരേ കർണാടക മെഡിക്കൽ കോളജുകളുടെ അസോസിയേഷനും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിന്റെയും വാദത്തിനിടെയാണ് ജസ്റ്റീസ് അനിൽ ആർ. ദവെ അധ്യക്ഷനായ ബെഞ്ചിന്റെ വാക്കാലുള്ള നിരീക്ഷണം. എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനായി രാജ്യവ്യാപകമായി നടത്തുന്ന പരീക്ഷയിലും സംവരണം ഉറപ്പാക്കുമെന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിലപാട് അംഗീകരിച്ചാണ് ആവർത്തിച്ച് ഇക്കാര്യം കോടതി വ്യക്‌തമാക്കിയത്.

സംസ്‌ഥാന സിലബസിൽ പഠിച്ചവർക്ക് സിബിഎസ്ഇയുടെ ദേശീയ നിലവാരത്തിലുള്ള നീറ്റ് പരീക്ഷ ദോഷകരമായി ബാധിക്കുമെന്ന വാദവും കോടതി അംഗീകരിച്ചില്ല. നീറ്റ് പോലെയൊരു പുതിയ സംവിധാനം കൊണ്ടുവരുമ്പോൾ ചുരുക്കം ചിലർക്കുണ്ടാകുന്ന ദോഷങ്ങൾ കൊണ്ട് പരീക്ഷ നടത്തേണ്ടതില്ലെന്നു പറയാനാവില്ലെന്നും ജസ്റ്റീസുമാരായ ശിവകീർത്തി സിംഗ്, എ.കെ. ഗോയൽ എന്നിവർ കൂടി ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് വ്യക്‌തമാക്കി. കൂടാതെ, വിഷയത്തിൽ അടിയന്തരമായി ഉത്തരവ് പുറപ്പെടുവിക്കേണ്ട കാര്യമില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, കേസിൽ വാദം തുടരാനും തീരുമാനിച്ചു.

കർണാടക സ്വകാര്യ മെഡിക്കൽ കോളജുകളുടെ അസോസിയേഷനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാലും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് അടക്കമുള്ള തമിഴ്നാടിനു വേണ്ടി എൽ. നാഗേശ്വർ റാവുവുമാണ് ഇന്നലെ വാദം നടത്തിയത്. ന്യൂനപക്ഷ വിഭാഗങ്ങൾ നടത്തുന്ന മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശനവും ന്യൂനപക്ഷ അവകാശത്തിന്റെ ഭാഗമാണെന്നായിരുന്നു നാഗേശ്വർ റാവുവിന്റെ വാദം. ഇതിനു മറുപടിയായാണ് സംവരണ തത്വങ്ങളെയും ന്യൂനപക്ഷ അവകാശങ്ങളെയും നീറ്റ് പരീക്ഷ ബാധിക്കില്ലെന്നു മെഡിക്കൽ കൗൺസിലും അത് അംഗീകരിച്ച് കോടതിയും വ്യക്‌തമാക്കിയത്. സംസ്‌ഥാന തലത്തിലുള്ള സംവരണ മാനദണ്ഡങ്ങളും മുൻഗണന രീതികളും റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോൾ പരിഗണിക്കുമെന്നതിനാൽ ഏകീകൃത പരീക്ഷ നടത്തുന്നതു കൂടുതൽ എളുപ്പമാവുമെന്നും വിവിധ പരീക്ഷ നടത്തുന്നതു ഒഴിവാക്കി ഒരു പരീക്ഷ മാത്രം മതിയെന്നാണു തങ്ങൾ പറയുന്നതെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.


ഒരേ സമയം പല ഏജൻസികളുടെയും സംസ്‌ഥാനങ്ങളുടെയും പരീക്ഷ എഴുതുന്നതിലുടെ വിദ്യാർഥികളും രക്ഷിതാക്കളും നേരിടുന്ന സാമ്പത്തിക, സമയ നഷ്‌ടവും ചുഷണവും ഇല്ലാതാക്കുകയാണ് നീറ്റ് ചെയ്യുക. ഓരോ സംസ്‌ഥാനത്തിനും പ്രത്യേകമായ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുമെന്നതിനാൽ സംസ്‌ഥാനങ്ങളുടെ പ്രാദേശിക താത്പര്യങ്ങളെ നീറ്റ് ബാധിക്കില്ല. സർക്കാർ കോളജുകളിലെ 85 ശതമാനം സീറ്റ് ആ സംസ്‌ഥാന ക്വോട്ടയും 15 ശതമാനം സീറ്റ് കേന്ദ്ര ക്വോട്ടയുമെന്ന രീതിയാണ് നീറ്റ് പട്ടികയിലുമുണ്ടാകുക. സംസ്‌ഥാനങ്ങളുടെ അടിസ്‌ഥാനത്തിൽ മുൻഗണന നൽകി തയാറാക്കുന്ന റാങ്ക് ലിസ്റ്റ് സിബിഎസ്ഇ അതത് സംസ്‌ഥാനങ്ങൾക്ക് അയച്ചുകൊടുക്കുമെന്നും മെഡിക്കൽ കൗൺസിൽ ബോധിപ്പിച്ചു.

അതേസമയം, മെഡിക്കൽ പ്രവേശനത്തിനു പരീക്ഷ നടത്തുന്ന രീതി തങ്ങൾക്കില്ലെന്ന വാദമാണ് തമിഴ്നാട് ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഇക്കാര്യത്തിൽ വ്യാഴാഴ്ച വാദം കേൾക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. നീറ്റ് പരീക്ഷ നടത്തുന്നതിനെതിരേ സംസ്‌ഥാനങ്ങളും മെഡിക്കൽ കോളജുകളും നൽകിയ ഹർജിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിനോടും മെഡിക്കൽ കൗൺസിലിനോടും കോടതി നിർദേശിച്ചു. കേരളത്തിന്റെ വാദവും കോടതി വ്യാഴാഴ്ച കേൾക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.