മെഡിക്കൽ കൗൺസിലിനു മൂന്നംഗ വിദഗ്ധ സമിതി
മെഡിക്കൽ കൗൺസിലിനു മൂന്നംഗ വിദഗ്ധ സമിതി
Monday, May 2, 2016 12:30 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: മെഡിക്കൽ കൗൺസിലിന്റെ ഭരണനിർവഹണ നടപടികൾ പരിശോധിക്കുന്നതിനും പരിഷ്കരണത്തിനുമായി മൂന്നംഗ വിദഗ്ധ സമിതിയെ നിയമിക്കാൻ സുപ്രീംകോടതി ഉത്തരവ്. മെഡിക്കൽ പ്രവേശനം അടക്കമുള്ള വിഷയങ്ങളിൽ നിയമപ്രകാരമുള്ള നടപടികൾ പാലിക്കുന്നില്ലെന്ന പരാതികളുടെ അടിസ്‌ഥാനത്തിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിർണായക വിധി. സുപ്രീംകോടതിയുടെ നിർദേശ പ്രകാരം രാജ്യവ്യാപകമായി മെഡിക്കൽ പ്രവേശനത്തിനു നടക്കുന്ന ഏകീകൃത പ്രവേശനപരീക്ഷ (നീറ്റ്) ഉൾപ്പെടെയുള്ള എല്ലാ പ്രവേശന നടപടികളുടെ മേൽനോട്ടം വഹിക്കാനും സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് ആർ.എം. ലോധ അധ്യക്ഷനായ വിദഗ്ധ സമിതിയോടു കോടതി നിർദേശിച്ചു.

ജസ്റ്റീസ് ആർ.എം. ലോധ അധ്യക്ഷനായ സമിതിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലിയരി സയൻസ് ഡയറക്ടർ ഡോ. ശിവ സരീൻ, മുൻ സിഎജി വിനോദ് റായ് എന്നിവരാണ് അംഗങ്ങൾ. മെഡിക്കൽ കൗൺസിലിന്റെ നിയമപരമായ നടപടികളും വേണ്ട പരിഷ്കാരങ്ങളും വിലയിരുത്തി ഒരു വർഷത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കണം. മെഡിക്കൽ കൗൺസിൽ എടുക്കുന്ന എല്ലാ നടപടികളും വിദഗ്ധ സമിതിയുടെ അംഗീകാരത്തോടെ മാത്രമേ എടുക്കാവൂ. കാര്യങ്ങൾ വിലയിരുത്തി ആവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതിനു സമിതിക്ക് അധികാരമുണ്ടെന്നും ജസ്റ്റീസ് അനിൽ ആർ. ദവെ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിൽ വ്യക്‌തമാക്കി. ഏകീകൃത പ്രവേശന പരീക്ഷ നടത്തുന്നതിനുള്ള മെഡിക്കൽ കൗൺസിലിന്റെ അധികാരം ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കാനിരിക്കേയാണ് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് തന്നെ നിയമ പരിഷ്കരണ നടപടികൾക്കു തുടക്കം കുറിച്ചിരിക്കുന്നത്. മെഡിക്കൽ കൗൺസിൽ നിയമത്തിന്റെ പോരായ്മകളെക്കുറിച്ചു 2014ൽ രൂപീകരിച്ച ഡോ. രഞ്ജിത് റോയി കമ്മിറ്റി റിപ്പോർട്ട് നൽകിയിരുന്നു. ഇക്കാര്യങ്ങൾ പരിശോധിച്ചിട്ടുള്ള പാർലമെന്ററി സമിതികൾ നിയമങ്ങളും നടപടികളും പരിഷ്കരിക്കണമെന്നാണു ശിപാർശ ചെയ്തിരുന്നത്. ഈ സാഹചര്യത്തിലാണ് ജുഡീഷൽ അധികാരങ്ങളുള്ള സമിതിയെ നിയോഗിക്കുന്നതെന്നും മെഡിക്കൽ കൗൺസിലിന്റെ ഭരണ നിർവഹണ നടപടികളും നിയമ പരിഷ്കരണവും പഠിക്കാനാണു നിർദേശിച്ചിട്ടുള്ളതെന്നും കോടതി ഉത്തരവിൽ വ്യക്‌തമാക്കുന്നു.


വിദഗ്ധ സമിതി നൽകുന്ന പരിഷ്കരണ നടപടികൾ നടപ്പിലാക്കുന്നതു വരെ മെഡിക്കൽ കൗൺസിലിന്റെ പ്രവർത്തനം പൂർണമായും ജസ്റ്റീസ് ലോധ കമ്മിറ്റിയുടെ മേൽനോട്ടത്തിലാകും. ഒരു വർഷത്തിനുള്ള പരിഷ്കരണ നടപടികൾ പൂർത്തിയായില്ലെങ്കിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന അനുയോജ്യമായ പരിഷ്കരണം ഏർപ്പെടുത്തുന്നതുവരെ സമിതിയുടെ മേൽനോട്ടം തുടരുമെന്നും സുപ്രീം കോടതി വിശദമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.