വെള്ളിയാഴ്ച കോൺഗ്രസിന്റെ പാർലമെന്റ് മാർച്ച്
വെള്ളിയാഴ്ച കോൺഗ്രസിന്റെ പാർലമെന്റ് മാർച്ച്
Saturday, April 30, 2016 12:22 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: വരൾച്ചയും ഉത്തരാഖണ്ഡ് വിഷയവും ഉന്നയിച്ചു മേയ് ആറിനു കോൺഗ്രസ് പാർലമെന്റ് മാർച്ചും ഘെരാവോയും നടത്തും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് ആറിനു രാവിലെ ജന്തർമന്തറിൽനിന്നു പാർലമെന്റിലേക്കു മാർച്ചു നടത്തും.

ജനാധിപത്യ സംരക്ഷണത്തിന്റെ ഭാഗമായാണു വെള്ളിയാഴ്ച മാർച്ചും ഘെരാവോയും സംഘടിപ്പിക്കുന്നതെന്നു കോൺഗ്രസ് വക്‌താവ് രൺദീപ് സുർജേവാല അറിയിച്ചു. ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ് വിഷയങ്ങളിൽ പ്രധാനമന്ത്രിയും സർക്കാരും ഗൂഢാലോചന നടത്തുകയാണ്. ഇതിനു പുറമേ വരൾച്ചയും വിവിധ സംസ്‌ഥാനങ്ങളിലെ കർഷക ദുരിതങ്ങളും ആത്മഹത്യകളും ഉന്നയിച്ചായിരിക്കും കോൺഗ്രസ് വെള്ളിയാഴ്ച പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നതെന്നും പാർട്ടി വക്‌താവ് പറഞ്ഞു. ഡൽഹി, ഹരിയാന, രാജസ്‌ഥാൻ, പടിഞ്ഞാറൻ യുപി തുടങ്ങിയ സംസ്‌ഥാനങ്ങളിൽനിന്നുള്ള കോൺഗ്രസ് പ്രവർത്തകരും റാലിയിൽ അണിനിരക്കും.


കഴിഞ്ഞ വർഷം ഏപ്രിലിൽ ഭൂമിയേറ്റെടുക്കൽ ബിൽ കർഷകവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് രാംലീല മൈതാനത്തു കൂറ്റൻ റാലി നടത്തിയിരുന്നു. അതിനു മുന്നോടിയായി സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ രാഷ്ട്രപതി ഭവനിലേക്കാണു മാർച്ച് സംഘടിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.