രാജ്യസഭയിൽ ഇന്നലെയും ബഹളം
രാജ്യസഭയിൽ ഇന്നലെയും ബഹളം
Friday, April 29, 2016 12:57 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൗമാരക്കാരൻ ഉൾപ്പെടെ ജാർഖണ്ഡിലെ ലത്തേഹാറിൽ രണ്ടു കാലിക്കച്ചവടക്കാരെ കൊന്നു മരത്തിൽ കെട്ടിത്തൂക്കിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധമുയർത്തി. സംഭവം പാർലമെന്ററി സമിതി അന്വേഷിക്കണമെന്നു പ്രതിപക്ഷ പാർട്ടികൾ സംയുക്‌തമായി ആവശ്യപ്പെട്ടു. 15 വയസുള്ള ആസാദ് ഖാനെയും മുഹമ്മദ് മജ്ലൂമിനെയും അക്രമികൾ മർദിച്ചു കൊന്നു മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു.

ഇന്നലെ ജെഡിയു അംഗം ഗുലാം റസൂൽ ബല്യാവിയാണു ശൂന്യവേളയിൽ വിഷയം ഉന്നയിച്ചത്. അതീവ വികാരഭരിതനായി റസൂൽ വിഷയം ഉന്നയിച്ചതിനു പിന്നലെ പ്രതിപക്ഷ നിരയിലുള്ളവരെല്ലാം തന്നെ പിന്തുണയുമായി എഴുന്നേറ്റു. സംഭവം നടന്നു രണ്ടു മാസമായിട്ടും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടുമില്ലെന്നു പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.

കോൺഗ്രസിനു പുറമേ സിപിഎം, ജെഡിയു, സമാജ് വാദി, സിപിഐ അംഗങ്ങളും വിഷയത്തെ പിന്തുണച്ചു. ജാർഖണ്ഡിലെ ബിജെപി സർക്കാരിനെ പിരിച്ചുവിടണമെന്നും പ്രതിപക്ഷ നിരയിൽനിന്നും ആവശ്യമുയർന്നു.

ജാർഖണ്ഡിലെ ലത്തേഹാർ ജില്ലയിൽ രണ്ടു മാസം മുമ്പുണ്ടായ സംഭവത്തിൽ നടപടിയെടുക്കുന്നതിൽ സംസ്‌ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടെന്നാണ് ഗുലാം റസൂൽ ചൂണ്ടിക്കാട്ടിയത്. ന്യൂനപക്ഷ സമുദായങ്ങളെ അക്രമങ്ങളിൽനിന്നു സംരക്ഷിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. ഉടൻതന്നെ മറുപടിയുമായി എഴുന്നേറ്റ പാർലമെന്ററികാര്യ സഹ മന്ത്രി മുക്‌താർ അബ്ബാസ് നഖ്വി, സംഭവത്തിന്റെ സത്യാവ സ്‌ഥ ആരാഞ്ഞു സംസ്‌ഥാന സർക്കാരുമായി ആശയവിനിമയം നടത്താമെന്നാണു പറഞ്ഞത്. സംഭവത്തെക്കുറിച്ച് ആരാഞ്ഞ് ജാർഖണ്ഡ് സർക്കാരിനു കത്തെഴുതാമെന്നു കേന്ദ്ര ന്യൂനപക്ഷ മന്ത്രി നജ്മ ഹെപ്തുള്ളയും വ്യക്‌തമാക്കി.


അതിനിടെ മറുപടി പറയുന്നതിൽ ഇരുമന്ത്രിമാരും തമ്മിൽ അഭിപ്രായ വ്യത്യാസവുമുണ്ടായി. സംഭവത്തിനു തൊട്ടുപിന്നാലെതന്നെ നടപടിയാവശ്യപ്പെട്ടു താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയിരുന്നെന്നും എന്നാൽ, ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും വ്യക്‌തമാക്കി.

എന്നിട്ടും രാജ്യത്തെ സമാധാന അന്തരീക്ഷം തകർക്കാൻ അനുവദിക്കില്ലെന്നു മാത്രമായിരുന്നു പാർലമെന്ററികാര്യ സഹമന്ത്രിയുടെ മറുപടി. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാമെന്നായിരുന്നു നഖ്വി പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.