പിഎഫ് പലിശ 8.8 ശതമാനം
പിഎഫ് പലിശ 8.8 ശതമാനം
Friday, April 29, 2016 12:57 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം പ്രതിഷേധങ്ങളുടെ അടിസ്‌ഥാനത്തിൽ കേന്ദ്ര സർക്കാർ പിൻവലിച്ചു. 2015–16 ലെ പിഎഫ് നിക്ഷേപത്തിന് 8.8 ശതമാനം പലിശ നൽകുമെന്നു കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.

പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് നിശ്ചയിക്കുന്ന സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീ 8.8 ശതമാനം ശിപാർശ ചെയ്തതാണ്. അത് മറികടന്ന് 8.7 ശതമാനമാക്കി നിജപ്പെടുത്തിയ ധനമന്ത്രാലയത്തിനെതിരേ തൊഴിലാളി സംഘടനകൾ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു.

പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം പിൻവലിക്കുന്നതിനു നികുതി ഏർപ്പെടുത്തിയതിനെതിരേ ഉയർന്ന പ്രതിഷേധങ്ങൾ അവസാനിക്കുന്നതിനു മുമ്പേയാണ് പിഎഫ് നിരക്ക് കുറയ്ക്കാൻ കേന്ദ്ര ധനകാര്യ മന്ത്രാലയം തീരുമാനിച്ചത്.

കേന്ദ്ര തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയ അധ്യക്ഷനായ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ ശിപാർശ തള്ളിയ നടപടി മന്ത്രാലയങ്ങൾ തമ്മിൽ ഏറ്റുമുട്ടലിനും വഴിതെളിച്ചു.


ആർഎസ്എസ് അനുകൂല സംഘടനയായ ബിഎംഎസ് അടക്കം എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും പലിശ കുറച്ചതിനെതിരേ രംഗത്തുവന്നിരുന്നു.

<ആ>പി.എഫിൽ കേന്ദ്രത്തിനു പിഴവ്

എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപകരുമായി ബന്ധപ്പെട്ട് മൂന്നുമാസത്തിനിടെ കേന്ദ്രസർക്കാർ മൂന്നുതവണ പിന്നോട്ടുപോകേണ്ടിവന്നു.

1. പി.എഫ്നിക്ഷേപം പിൻവലിക്കുന്നതിനു നികുതി ചുമത്തുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചു. ബജറ്റ് ചർച്ചയുടെ ഒടുവിൽ നിർദേശം പിൻവലിച്ചു.

2. കാലാവധിക്കു മുൻപേ നിക്ഷേപം പിൻവലിക്കുന്നത് നിരോധിച്ച് ഉത്തരവിറക്കി. ആദ്യം നിരോധനം അയച്ചു നിയന്ത്രണമാക്കി. പിന്നെ നിയന്ത്രണവും ഒഴിവാക്കി. ഇപ്പോൾ പഴയനില തുടരുന്നു.

3. 2015–16 ലെ പലിശ 8.8 ശതമാനമാക്കണമെന്ന ട്രസ്റ്റിമാരുടെ ശിപാർശ തള്ളി ധനമന്ത്രാലയം പലിശ 8.7 ശതമാനമായി തീരുമാനിച്ചു. അതു പിൻവലിച്ച് ഇപ്പോൾ 8.8 ശതമാനമാക്കി. കഴിഞ്ഞവർഷം 8.75 ശതമാനമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.