സ്വാമി ഇളക്കിനോക്കി, കോൺഗ്രസ് അവഗണിച്ചു
സ്വാമി ഇളക്കിനോക്കി, കോൺഗ്രസ് അവഗണിച്ചു
Friday, April 29, 2016 12:46 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യസഭാ പ്രവേശനത്തിന്റെ മൂന്നാം ദിവസവും കോൺഗ്രസിനെ കുത്തിയിളക്കാൻ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഇന്നലെയും ശ്രമിച്ചെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല. പ്രതിഷേധ സ്വരമുയർത്തിയ കോൺഗ്രസ് അംഗങ്ങളെ ഉപാധ്യക്ഷൻ ശാന്തമാക്കാൻ ശ്രമിക്കുന്നതിനിടെ സുബ്രഹ്മണ്യൻ സ്വാമിയുടെ മൈക്ക് മാത്രം ഓൺ ചെയ്തിരിക്കുന്നതിനെ ക്രമപ്രശ്നം ഉന്നയിച്ച് കോൺഗ്രസ് അംഗം കുമാരി ഷെൽജ ചോദ്യംചെയ്തു.

അതിനിടെ, രണ്ടു ദിവസം തുടർച്ചയായി തന്റെ വാക്കുകൾ സഭാ രേഖകളിൽനിന്നും നീക്കംചെയ്തതിനെ സ്വാമി ചോദ്യം ചെയ്തു. നടപടി ഏകപക്ഷീയവും അകാരണവുമാണെന്നാണു സ്വാമി ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനെതിരേ അച്ചടക്ക നടപടിയെടുക്കണമെന്നായിരുന്നു ഇന്നലെ സ്വാമിയുടെ ആവശ്യം. അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാട് സംബന്ധിച്ച് ഗുലാം നബി നടത്തിയ പരാർമശത്തിന്റെ പേരിൽ അച്ചടക്ക നടപടിയെടുക്കണമെന്നായിരുന്നു സ്വാമിയുടെ ആവശ്യം.

എന്നാൽ, അടിയന്തര നടപടി വേണമെന്ന സ്വാമിയുടെ ആവശ്യം തള്ളിയ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, അച്ചടക്കനട പടിക്കു ചില ചട്ടങ്ങളൊക്കെയുണ്ടെന്നു ചൂണ്ടിക്കാട്ടി. നോട്ടീസ് നൽകിയാൽ ആദ്യം രാജ്യസഭാ അധ്യക്ഷൻ പരിശോധിക്കും. നോട്ടീസിൽ ആരോപിക്കുന്ന കാര്യങ്ങൾ വാസ്തവാണെന്നു പ്രഥമദൃഷ്ട്യാ തോന്നിയാൽ അദ്ദേഹം അതു രാജ്യസഭ അച്ചടക്ക സമിതിക്കു കൈമാറുമെന്നും ഉപാധ്യക്ഷൻ വ്യക്‌തമാക്കി.

കഴിഞ്ഞ ദിവസം നടന്ന വാഗ്വാദങ്ങൾക്കിടെ അഗസ്ത വെസ്റ്റ്ലാൻഡ് ഇടപാടിൽ ഫിൻമെക്കാനിക്ക കമ്പനിയെ യുപിഎ സർക്കാരാണു കരിമ്പട്ടികയിൽ പെടുത്തിയതെന്നും മോദി സർക്കാരാണ് ഇതു നീക്കംചെയ്തു മെയ്ക് ഇൻ ഇന്ത്യയുടെ ഭാഗമാക്കിയതെന്നും ഗുലാം നബി പറഞ്ഞതു ചൂണ്ടിക്കാട്ടിയാണ് സ്വാമി അച്ചടക്ക നടപടിക്കു നോട്ടീസ് നൽകിയത്. ഇക്കാര്യം സ്വാമി ഇന്നലെ ട്വിറ്ററിലും വ്യക്‌തമാക്കിയിരുന്നു. അതിനിടെ കോൺഗ്രസ് അംഗങ്ങളും പ്രതിഷേധവുമായി എഴുന്നേറ്റു. എല്ലാ അംഗങ്ങളും ഇരിക്കണം എന്നാവശ്യപ്പെട്ട് ഉപാധ്യക്ഷൻ ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റു.


അതിനിടെ മറ്റെല്ലാ അംഗങ്ങളെയും ശാന്തരാക്കാൻ ഉപാധ്യക്ഷൻ എഴുന്നേറ്റു നിൽക്കുന്നതിനിടെ സുബ്രഹ്മണ്യൻ സ്വാമിയുടെ ൈമക്ക് മാത്രം എന്താണ് ഓൺ ചെയ്തിരിക്കുന്നതെന്നു കുമാരി ഷെൽജ ചോദ്യമുന്നയിച്ചു. സ്വാമിക്കു സംസാരിക്കാൻ താൻ അനുമതി നൽകിയതുകൊണ്ടാണ് മൈക്ക് ഓണായിരിക്കുന്നതെന്ന് ഉപാധ്യക്ഷൻ വ്യക്‌തമാക്കി.

തുടർന്ന് ശൂന്യവേളയിൽ സംസാരിക്കാൻ അവസരം ലഭിച്ച സ്വാമി അഗസ്ത വെസ്റ്റ്ലാൻഡ് ഇടപാടിലെ ക്രമക്കേടുകൾ മറച്ചു വയ്ക്കാൻ പണം നൽകി മാധ്യമങ്ങളിൽ വാർത്തകൾ പ്രസിദ്ധീകരിച്ച വിവരം സഭയിൽ ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ടു. പാർലമെന്ററി സമിതി 2013 മേയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പെയ്ഡ് ന്യൂസ് സംബന്ധിച്ച പരാമർശം ഉണ്ടായിരുന്നെന്നും സ്വാമി ചൂണ്ടിക്കാട്ടി. ഇപ്പോൾ പെയ്ഡ് ന്യൂസെന്നത് ജനാധിപത്യത്തിലെ കാൻസറായി മാറിയിട്ടുണ്ട്.

അഗസ്ത വെസ്റ്റ്ലാൻഡ് ഇടപാടിലും പെയ്ഡ് ന്യൂസ് ആരോപണമുണ്ടെന്നും പറഞ്ഞു. മാധ്യമങ്ങളെ സ്വാധീനിച്ച് അനുകൂല വാർത്തകൾ നൽകാൻ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിനു പണം നൽകിയെന്ന കാര്യമാണ് സ്വാമി ചൂണ്ടിക്കാട്ടയത്. ഇക്കാര്യം കഴിഞ്ഞ ദിവസം ലോക്സഭയിൽ ബിജെപി എംപി മീനാക്ഷി ലേഖിയും ഉന്നയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.