രാജ്യസഭയിൽ കോൺഗ്രസിനെ കുത്തിയിളക്കി സുബ്രഹ്മണ്യൻ സ്വാമി
രാജ്യസഭയിൽ കോൺഗ്രസിനെ കുത്തിയിളക്കി സുബ്രഹ്മണ്യൻ സ്വാമി
Thursday, April 28, 2016 1:25 PM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: കോൺഗ്രസിനെതിരേ ബിജെപി ഇറക്കിയ തുറപ്പു ചീട്ടെന്ന ആരോപണത്തെ അക്ഷരാർഥത്തിൽ ശരിവച്ചു കൊണ്ടു രാജ്യസഭയിലെ രണ്ടാം ദിവസ വും സുബ്രഹ്മണ്യൻ സ്വാമി വിവാദത്തിനു തിരികൊളുത്തി. ഒരു തവണ വിലക്കിയിട്ടും തുടർന്നും വിവാദ പരാമർശം ആവർത്തിച്ച സ്വാമിക്കെതിരേ നടപടിയെടുക്കേണ്ടിവരുമെന്ന് ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ താക്കീത് നൽകി. ബിജെപിയുടെ പുതിയ സമ്മാനമാണു സഭയിൽ പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് സുബ്രഹ്മണ്യൻ സ്വാമിയെ ചൂണ്ടി ഇന്നലെ കോൺഗ്രസും ആരോപിച്ചു.

അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെടുത്തി സോണിയ ഗാന്ധിയുടെ പേര് സ്വാമി പരാമർശിച്ചതിനെത്തുടർന്ന് കോൺഗ്രസ് ബുധനാഴ്ചയും രാജ്യസഭ സ്തംഭിപ്പിച്ചിരുന്നു. രണ്ടു ദിവസവും സ്വാമി നടത്തിയ വിവാദ പരാമർശങ്ങൾ സഭാരേഖകളിൽനിന്നു നീക്കംചെയ്തു. അതോടെ രാജ്യസഭാ പ്രവേശനത്തിന്റെ ഒന്നാം ദിവസം സ്വാമി സോണിയഗാന്ധിയെന്നു പറഞ്ഞതും രണ്ടാം ദിവസം ഇറ്റലിയെന്നു പറഞ്ഞതും രാജ്യസഭാ രേഖകളിൽനിന്നു നീക്കം ചെയ്യപ്പെട്ടു.

ശൂന്യവേളയിൽ ഉത്തർ പ്രദേശിൽനിന്നുള്ള സമാജ് വാദി പാർട്ടിയംഗം ചൗധരി മുനവർ സലീം അലിഗഡ് സർവകലാശാലയെ സംബന്ധിച്ചുള്ള വിഷയം ഉന്നയിക്കവേ സുബ്രഹ്മണ്യൻ സ്വാമിയുടെ പേര് പരാമർശിച്ചിരുന്നു. ഇതിൽ വ്യക്‌തത വരുത്തി സംസാരിക്കുന്നതിനിടെയാണു സ്വാമി കോൺഗ്രസിനെ പ്രകോപിപ്പിച്ചത്. 1970ൽ അലിഗഡ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി സംരക്ഷിക്കുന്നതിനുള്ള നീക്കത്തിൽ സുബ്രഹ്മണ്യൻ സ്വാമിയും പങ്കാളിയായിരുന്നെന്നാണു മുനവർ അലി പറഞ്ഞത്. ഇതിനു പിന്നാലെ തന്റെ പേരു പരാമർശിച്ചതിനാൽ ഇക്കാര്യത്തിൽ വ്യക്‌തത വരുത്തേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സ്വാമി സംസാരിക്കാൻ എഴുന്നേറ്റത്.

എന്നാൽ, സംസാരിച്ചുതുടങ്ങിയ സ്വാമി ന്യൂനപക്ഷ സ്‌ഥാപനങ്ങൾക്കു സാമ്പത്തിക സഹായം നൽകുന്നതിനു ഭരണഘടന അനുവദിക്കുന്നില്ലെന്നും നിങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് അറിയില്ലെന്നും ഇറ്റാലിയൻ ഭരണഘടന മാത്രമല്ലേ അറിയൂ എന്നും ചോദിച്ചു. ബന്ധമില്ലാത്ത വിഷയത്തിൽ ഇറ്റാലിയൻ പരാമർശം സ്വാമി തിരുകിക്കയറ്റിയതോടെ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റു. സ്വാമിയെ സിഐഎ ഏജന്റ് എന്നു പറഞ്ഞ് കോൺഗ്രസ് നേരിട്ടപ്പോൾ, നിങ്ങൾ ഐഎസ്ഐ അല്ലേ എന്ന് പലതവണ ആവർത്തിച്ചാക്ഷേപിച്ചുകൊണ്ടാണ് സ്വാമി തിരിച്ചടിച്ചത്. സ്വാമിക്കെതിരേ ബഹളമുയർത്തി കോൺഗ്രസ് എംപിമാർ നടുത്തളത്തിലേക്കിറങ്ങി. മറ്റൊരു രാജ്യത്തെക്കുറിച്ചുള്ള സ്വാമിയുടെ പരാമർശം രേഖകളിൽനിന്നു നീക്കുകയാണെന്ന് ഉപാധ്യക്ഷൻ പറഞ്ഞു.


ഇതിൽ തൃപ്തരാകാതിരുന്ന കോൺഗ്രസ് അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിൽ തന്നെ നിലയുറപ്പിച്ചു. വീണ്ടും സംസാരിച്ചു തുടങ്ങിയ സ്വാമി വിവാദ പരാമർശം ആവർത്തിച്ചതോടെ കോൺഗ്രസിന്റെ പ്രതിഷേധം രൂക്ഷമായി. ഇതോടെ സ്വാമി അനാവശ്യമായി പ്രകോപനമുണ്ടാക്കുകയാണെന്നും തനിക്കു നടപടിയെടുക്കേണ്ടി വരുമെന്നും ഉപാധ്യക്ഷൻ മുന്നറിയിപ്പു നൽകി. സ്വാമി മനഃപൂർവം പ്രകോപനമുണ്ടാക്കുകയാണെന്നു കോൺഗ്രസ് അംഗം ജയറാം രമേശ് ചൂണ്ടിക്കാട്ടി. കോൺഗ്രസ് പ്രതിഷേധം തുടരുന്നതിനിടെ എന്താണു നിങ്ങളുടെ പ്രശ്നം എന്ന് ഉപാധ്യക്ഷൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനോടു ചോദിച്ചു. പ്രശ്നം തങ്ങളുടേതല്ലെന്നും ബിജെപിയുടെ പുതിയ സമ്മാനമാണെന്നുമാണ് സ്വാമിയെ ഉന്നംവച്ച് ഗുലാം നബി മറുപടി നൽകിയത്.

സ്വാമിക്ക് തെരുവിൽ സംസാരിക്കേണ്ട ഭാഷയും പാർലമെന്റിൽ പറയേണ്ട രീതിയും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നും ഗുലാം നബി ആരോപിച്ചു. തന്റെ മുടി നരയ്ക്കാൻ പോലും അനുവദിക്കാത്ത സ്വാമിക്ക് പക്വതയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അപ്പോഴും കോൺഗ്രസ് നേതൃത്വത്തിനെതിരേ ആരോപണം ഉന്നയിച്ചു സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു സ്വാമി. ഉപാധ്യക്ഷൻ മുന്നറിയിപ്പു നൽകിയിട്ടും സ്വാമിക്കു പൂർണ പിന്തുണ നൽകുന്ന നിലപാടായിരുന്നു രാജ്യസഭയിൽ കേന്ദ്രസർക്കാർ ഇന്നലെ സ്വീകരിച്ചത്.പ്രധാനമന്ത്രിക്കെതിരേ കോൺഗ്രസ് സഭയ്ക്കുള്ളിൽ നിരവധി തവണ മുദ്രാവാക്യം മുഴക്കിയിട്ടില്ലേ എന്നു ചോദിച്ചാണ് സ്വാമിക്കെതിരേയുള്ള പ്രതിഷേധത്തെ പാർലമെന്ററികാര്യ സഹമന്ത്രി മുക്‌താർ അബ്ബാസ് നഖ്വി നേരിട്ടത്. ഇതിനിടെ, നഖ്വി പലതവണ പിൻനിരയിലെ സ്വാമിയുടെ സീറ്റിനിരികെ ചെന്ന് നിർദേശങ്ങൾ നൽകുന്നുമുണ്ടായിരുന്നു.

സ്വാമിയെ ശൂന്യവേളയിൽ വീണ്ടും സംസാരിക്കാൻ അനുവദിക്കണമെന്ന മന്ത്രിയുടെ ആവശ്യം ഉപാധ്യക്ഷൻ അംഗീകരിച്ചില്ല. ഉപാധ്യക്ഷന്റെ നിർദേശപ്രകാരം നടുത്തളത്തിൽ നിലയുറപ്പിച്ച കോൺഗ്രസ് അംഗങ്ങളെ ഗുലാം നബി അനുനയിപ്പിച്ചു മടക്കുന്ന കാഴ്ചയാണ് തുടർന്നു കണ്ടത്. ശൂന്യവേള അവസാനിച്ച് ചോദ്യോത്തര വേള തുടങ്ങാറായതോടെ ബഹളങ്ങൾ താത്കാലികമായി അടങ്ങിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഭയിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.