അഗസ്ത വെസ്റ്റ്ലാൻഡ്: നേട്ടമുണ്ടാക്കിയവരുടെ പേരുകൾ വെളിപ്പെടുത്തണം: അമിത്ഷാ
Thursday, April 28, 2016 1:25 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ നേട്ടമുണ്ടാക്കിവയവരുടെ പേര് കോൺഗ്രസ് അധ്യക്ഷ വെളിപ്പെടുത്തണമെന്ന് ബിജെപി പ്രസിഡന്റ് അമിത് ഷാ. വിവാദ ഹെലികോപ്റ്റർ ഇടപാടിൽ കോഴ നൽകിയവർ ഇറ്റലിയിൽ ജയിലിലാണ്. എന്നാൽ, കോഴ കൈപ്പറ്റിയവരുടെ പേരു വിവരങ്ങൾ വെളിപ്പെടുത്തണം. ആ സമയത്ത് അധികാരത്തിൽ ഇരുന്നവരാണ് എല്ലാറ്റിനും ഉത്തരവാദികൾ. അവർ തന്നെ സത്യം പുറത്തു കൊണ്ടുവരണമെന്നാണ് അമിത്ഷാ പറഞ്ഞത്.

ഹെലികോപ്റ്റർ ഇടപാടു സംബന്ധിച്ച വിവാദങ്ങളിൽ തനിക്കൊട്ടും ഭയമില്ലെന്ന സോണിയയുടെ പ്രസ്താവനയോടും ഷാ രൂക്ഷമായാണു പ്രതികരിച്ചത്.

ഇന്നലെ ലോക്സഭയിലും ബിജെപി വിഷയം ഉന്നയിച്ചു. അഗസ്ത വെസ്റ്റ്ലാൻഡ് ഇടപാടിൽ മാധ്യമങ്ങളെ സ്വാധീനി ക്കാൻ 50 കോടി രൂപ ഇറ്റാലിയൻ കമ്പനി ചെലവഴിച്ചെന്നാണ് ശൂന്യവേളയിൽ ബിജെപിയിലെ മീനാക്ഷി ലേഖി ആരോപിച്ചത്. ഇടനിലക്കാരനായ ക്രിസ്ത്യൻ മിഷേലാണ് തുക വിനിയോഗിച്ചതെന്നും അവർ ആരോപിച്ചു. കോൺഗ്രസ് സഭയിൽ ശക്‌തമായി പ്രതിഷേധമുയർത്തി.


ഇത്തരത്തിലുള്ള പരാമർശങ്ങൾ സഭയിൽ അനുവദിക്കരുതെന്ന് കോൺഗ്രസ് കക്ഷിനേതാവ് മല്ലികാർജുൻ ഖാർഗെ സ്പീക്കർ സുമിത്ര മഹാജനോട് ആവശ്യപ്പെട്ടു.

വിവാദ ഹെലികോപ്റ്റർ ഇടപാടിൽ കോൺഗ്രസിന്റെ നേതാക്കൾ കോഴ കൈപ്പറ്റിയെന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നു സോണിയയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഹമ്മദ് പട്ടേൽ മാധ്യമങ്ങളോടു വ്യക്‌തമാക്കി. ആരോപണങ്ങൾ അടിസ്‌ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷമായി അധികാരത്തിലിരിക്കുന്ന ബിജെപി തന്നെയാണ് ഇപ്പോൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതെന്നും അഹമ്മദ് പട്ടേൽ പറഞ്ഞു.

ഹെലികോപ്റ്റർ ഇടപാടിൽ താനും കോഴ കൈപ്പറ്റിയെന്ന ആരോപണങ്ങളെ പട്ടേൽ പൂർണമായി നിഷേധിച്ചു. ഇതുമായി ബന്ധപ്പെടുത്തി പറയുന്ന ഇറ്റാലിയൻ കമ്പനിയുടെ ആൾക്കാരുടെ പേരുപോലും ഉച്ചരിച്ചിട്ടില്ല. മാധ്യമങ്ങളിൽനിന്നാണ് ആദ്യമായി ആ പേരുകൾ കേൾക്കുന്നതെന്നും പട്ടേൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.