ഹെലികോപ്റ്റർ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി
Thursday, April 28, 2016 1:25 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ടു കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തുടങ്ങിയവർക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. അഭിഭാഷകനായ എം.എൽ. ശർമയാണു പൊതുതാത്പര്യ ഹർജി നൽകിയത്.

ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന അഭിഭാഷകന്റെ ആവശ്യം പരിഗണിച്ച ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂർ അധ്യക്ഷനായ ബെഞ്ച്, അടുത്തയാഴ്ചത്തേക്കു ലിസ്റ്റിൽ ഉൾപ്പെടുത്താൻ നിർദേശിച്ചു.


ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേൽ ഇറ്റാലിയൻ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന കത്തിൽ സോണിയഗാന്ധി അടക്കമുള്ളവരെക്കുറിച്ചു പരാമർശമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും 12 വിവിഐപികൾക്കും ഹെലികോപ്റ്റർ വാങ്ങാൻ അഗസ്ത വെസ്റ്റ്ലാൻഡുമായി കരാറുണ്ടാക്കിയ സംഭവത്തിൽ 2013ൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.