ഹരിയാന ജനഹിത് കോൺഗ്രസ് കോൺഗ്രസിൽ ലയിച്ചു
Thursday, April 28, 2016 12:47 PM IST
ന്യൂഡൽഹി: കുൽദീപ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള ഹരിയാന ജനഹിത് കോൺഗ്രസ് ഇന്നലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിച്ചു.

സോണിയഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജൻപഥിൽ നടന്ന ചടങ്ങിലായിരുന്നു ലയനപ്രഖ്യാപനം.

2005ൽ ജാട്ട് നേതാവ് ഭുപീന്ദർ സിംഗ് ഹുഡയെ മുഖ്യമന്ത്രിയാക്കിയതിൽ പ്രതിഷേധിച്ചാണ് ബിഷ്ണോയിയുടെ അച്ഛനും മുൻ മുഖ്യമന്ത്രിയുമായ ഭജൻലാൽ കോൺഗ്രസുമായി വഴിപിരിഞ്ഞ് 2007ൽ ഹരിയാന ജനഹിത് കോൺഗ്രസ് രൂപവത്കരിച്ചത്.

പിന്നീട് ബിജെപിയുമായി സഖ്യം ചേരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2011 ജൂൺ മൂന്നിന് ഭജൻലാലിന്റെ നിര്യാണത്തെത്തുടർന്നാണു ബിഷ്ണോയി പാർട്ടിയുടെ ചുമതല ഏറ്റെടുത്തത്.

2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എച്ച്ജെസി–ബിജെപി സഖ്യം രൂപവത്കരിച്ചു. പാർട്ടി അധ്യക്ഷനായ ബിഷ്ണോയി, ദുഷ്യന്ത്ചൗട്ടാല മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

2014ൽ ബിജെപിയുമായുള്ള സഖ്യം വിട്ട് വിനോദ് ശർമയുടെ ഹരിയാന ജന ചേതന പാർട്ടിയുമായി എച്ച്ജെസി സഖ്യമുണ്ടാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ പിതാവ് നേരത്തെ വിജയിച്ച ഹിസാർ സീറ്റ് ബിഷ്ണോയി തിരിച്ചുപിടിച്ചു. ബിഷ്ണോയിയുടെ ഭാര്യ രേണുക ഹൻസിയിൽനിന്നു ജയിച്ചു.


ഞങ്ങൾ കോൺഗ്രസിൽനിന്നു പുറത്തുപോയിട്ടില്ല. കുടുംബത്തിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. അതു പരിഹരിച്ചു. സോണിയാ ഗാന്ധിയും രാഹുലുമാണു ഞങ്ങളുടെ നേതാക്കൾ. കോൺഗ്രസ് ഞങ്ങളുടെ ഞരമ്പുകളിലൂടെ ഓടുന്ന രക്‌തമാണ്: ബിഷ്ണോയി പറഞ്ഞു. പാർട്ടിയുടെ സാധാരണ പ്രവർത്തകനായി പ്രവർത്തിക്കും.സ്‌ഥാനമോഹം കൊണ്ടല്ല ഞങ്ങൾ കോൺഗ്രസിൽ തിരിച്ചെത്തിയത്: ബിഷ്ണോയി കൂട്ടിച്ചേർത്തു.

ഭുപീന്ദർ സിംഗ് ഹുഡ ലയനത്തെ അനുകൂലിക്കുന്നുണ്ടെന്നും അസൗകര്യംമൂലമാണ് എത്താതിരുന്നതെന്ന് ചടങ്ങിൽ പങ്കെടുത്ത എഐസിസി ജനറൽ സെക്രട്ടറി ഷക്കീൽ അഹമ്മദ് പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ തീരുമാനമാണു നടപ്പായത്. ഹരിയാനയിൽ കോൺഗ്രസ് പാർട്ടിയെ ശക്‌തിപ്പെടുത്താനുള്ള ശ്രമം നടന്നുവരികയാണെന്നും ഷക്കീൽ അഹമ്മദ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.