പടിയിൽ തൊട്ടുതൊഴുത് സുരേഷ് ഗോപി മടങ്ങി; സത്യപ്രതിജ്‌ഞയ്ക്കു വെള്ളിയാഴ്ച നല്ല ദിവസം
പടിയിൽ തൊട്ടുതൊഴുത് സുരേഷ് ഗോപി മടങ്ങി;  സത്യപ്രതിജ്‌ഞയ്ക്കു വെള്ളിയാഴ്ച നല്ല ദിവസം
Tuesday, April 26, 2016 12:44 PM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: ഒരുപാടു മുഖങ്ങളെ ഓർമയിൽ സൂക്ഷിച്ചിട്ടുള്ള പടിക്കെട്ടിൽ തൊട്ടുതൊഴുതുകൊണ്ടായിരുന്നു കട്ടി കുറഞ്ഞ ഡയലോഗും കറുത്ത കണ്ണടയുമായി സുരേഷ് ഗോപി ഇന്നലെ പാർലമെന്റിനകത്തേക്കു കയറിയത്. കണ്ടുനിന്ന ഉത്തരേന്ത്യക്കാരായ സുരക്ഷാ ഉദ്യോഗസ്‌ഥർക്ക് പാർലമെന്റ് പടിക്കെട്ടിൽ സാഷ്‌ടാംഗം പ്രണമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം ഓർമ വന്നു കാണണം.

ഈ അവസരം പൂർവജന്മ പുണ്യമാണെന്നും തന്നെയും കേരളത്തെയും ദൈവം കനിഞ്ഞനുഗ്രഹിച്ചിരിക്കുകയാണെന്നുമാണ് പാർലമെന്റിൽനിന്നു തിരിച്ചിറങ്ങിവന്ന ആക്ഷൻ ഹീറോ പറഞ്ഞത്. എംപിയായി നാമനിർദേശം ചെയ്യപ്പെട്ടതിനുശേഷം ഇന്നലെ ആദ്യമായി പാർലമെന്റ് മന്ദിരത്തിലെത്തിയ സുരേഷ് ഗോപി ഇന്നലെ തന്നെ നാട്ടിലേക്കു മടങ്ങി. നിയുക്‌ത സ്‌ഥാനലബ്ധിക്കു ഗുരുവായൂർ ചെന്നു ഭഗവാനോടു നേരിട്ടു നന്ദി പറഞ്ഞു നല്ല ദിവസ വും നേരവും നോക്കി വെള്ളിയാഴ്ച സത്യപ്രതിജ്‌ഞ ചെയ്യാൻ വീണ്ടും ഡൽഹിയിലെത്തും. വെള്ളിയാഴ്ച സുരേഷ് ഗോപിക്കൊപ്പം ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദുവും രാജ്യസഭാംഗമായി സത്യപ്രതിജ്‌ഞ ചെയ്യും.

രാജ്യസഭയിലെത്തിയ സുരേഷ് ഗോപി ഉപാധ്യക്ഷൻ പ്രഫ. പി.ജെ കുര്യനുമായും രാജ്യസഭ സെക്രട്ടറി ജനറലുമായും കൂടിക്കാഴ്ച നടത്തി. പുറത്തേക്കിറങ്ങിയപ്പോൾ വയലാർ രവിയുമായും കേന്ദ്രമന്ത്രി ജെ.പി നഡ്ഡയുമായും കുശലം പറഞ്ഞു. പത്തിലേറെ സിനിമകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു പാർലമെന്റ് പരിസരത്ത് വന്നിട്ടുണ്ടെങ്കിലും അകത്തു കയറുന്നത് ആദ്യമായാണെന്നു സുരേഷ് ഗോപി പറഞ്ഞു. എംപിയുടെ പരിധികളെക്കുറിച്ചും പരിമിതികളെക്കുറിച്ചും ഇപ്പോൾ വേണ്ടത്ര ബോധ്യമുണ്ട്. അതിനുള്ളിൽനിന്നുകൊണ്ട് വളരെ നല്ലരീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. വളരെ നീതിപൂർവമായും സത്യസന്ധമായും ആത്മാർഥതയോടുകൂടി പ്രവർത്തിച്ച് മാതൃകയാകാൻ ശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. നാമനിർദേശം ചെയ്യപ്പെട്ട് എത്തുന്ന എംപിമാർക്ക് ഏതെങ്കിലും പാർട്ടിയോട് കൂറു പ്രകടിപ്പിക്കാം എന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അതു നേരത്തേ തന്നെ പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ടെന്നും അനുവദിക്കുന്ന കാലത്ത് ബിജെപിയിൽ മെമ്പർഷിപ്പ് തീർച്ചയായും എടുക്കുമെന്നുമാണ് സുരേഷ് ഗോപി വ്യക്‌തമാക്കിയത്. രാഷ്ട്രീയത്തിൽ ഇന്ദിരാഗാന്ധിയുടെ സമയത്തെ കെ. കരുണാകരനും ഒ. രാജഗോപാലുമാണ് മാതൃകയെന്നും അദ്ദേഹം വ്യക്‌തമാക്കി.


എൻഎഫ്ഡിസി അധ്യക്ഷ സ്‌ഥാനം ലഭിക്കാതായപ്പോഴുണ്ടായ അവഹേളനങ്ങൾ നിശബ്ദമായി സഹിച്ചു. എംപിയായി പ്രവർത്തിച്ചു കഴിവു തെളിയിക്കും. ഇതിനു മുകളിലേക്കുള്ള സ്‌ഥാനങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യസഭയിലേക്ക് എംപിമാരായി നാമനിർദേശം ചെയ്യപ്പെട്ടവരിൽ സുബ്രഹ്മണ്യൻ സ്വാമി, ബോക്സിംഗ് താരം മേരി കോം, സ്വപൻ ദാസ് ഗുപ്ത, നരേന്ദ്ര ജാദവ് എന്നിവർ ഇന്നലെ സത്യപ്രതിജ്‌ഞ ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.