ജെഎൻയുവിലെ ശിക്ഷാനടപടി: രാജ്യസഭയിൽ പ്രതിഷേധം
Tuesday, April 26, 2016 12:30 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജെഎൻയു സർവകലാശാല വിദ്യാർഥികൾക്കെതിരേ ശിക്ഷാ നടപടികൾ സ്വീകരിച്ചതിനെ രാജ്യസഭയിൽ പ്രതിപക്ഷ കക്ഷികൾ അപലപിച്ചു. വിഷയം സഭയിൽ ചർച്ച ചെയ്യണമെന്നു സിപിഎം അംഗം സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന ജനാധിപത്യ വിരുദ്ധവും ധാർഷ്ഠ്യവുമായ നടപടിയാണു വിദ്യാർഥികൾക്കെതിരേയുള്ള നടപടിയെന്നു സിപിഎം അംഗം തപൻ സെൻ കുറ്റപ്പെടുത്തി. രാജ്യസഭ ആരംഭിച്ചപ്പോൾ തന്നെ വിഷയം സഭ നപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് സിപിഎം എംപി തപൻ കുമാർ സെൻ ആവശ്യപ്പെട്ടിരുന്നു.

ഇത്തരം സംഭവങ്ങൾ അരങ്ങേറുമ്പോൾ രാജ്യസഭക്കു കാഴ്ചക്കാരായി ഇരിക്കാനാകില്ലെന്നും ഇതു പ്രതികാര നടപടിയാണെന്നും സിപിഐ നേതാവ് ഡി. രാജ ആരോപിച്ചു. വിഷയത്തിൽ ഇടപെട്ടു സംസാരിച്ച ഡി.രാജയുടെ രൂക്ഷമായ ചില പരാമർശങ്ങൾ സഭാരേഖകളിൽ നിന്നും നീക്കം ചെയ്യുമെന്ന് ഉപാധ്യക്ഷൻ പ്രഫ. പി.ജെ കുര്യൻ വ്യക്‌തമാക്കി.


ജെഎൻയു വിഷയത്തിൽ ഇടതുപക്ഷത്തെ പിന്തുണച്ചു പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും രംഗത്തെത്തി. രാജ്യത്തെ സർവകലാശാലകളുടെ സ്വാഭാവിക അന്തരീക്ഷം മലിനപ്പെട്ടിരിക്കുകയാണെന്നും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയമാണു ഇതിന് ഉത്തരവാദികളെന്നും കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ആരോപിച്ചു. സർവകലാശാല അച്ചടക്ക സമിതിയാണു ശിക്ഷാ നടപടി എടു ത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.