കോണ്‍ഗ്രസ് സഖ്യത്തിനു ബംഗാള്‍ സിപിഎമ്മിന്റെ പിന്തുണ
Sunday, February 14, 2016 12:11 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി കൈ കോര്‍ത്തു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കത്തിനു സിപിഎം ബംഗാള്‍ സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷ പിന്തുണ. ഇന്നലെ അവസാനിച്ച നിര്‍ണായക സംസ്ഥാന സമിതി യോഗത്തില്‍ സഖ്യത്തെ ഭൂരിപക്ഷ അംഗങ്ങളും പിന്തുണച്ചു. കോണ്‍ഗ്രസും ബിജെപിയുമായും ഒരു സഖ്യവുമില്ലെന്ന വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ നിലപാടിനു വിരുദ്ധമായാണ് ബംഗാള്‍ ഘടകത്തിലെ ഭൂരിപക്ഷാഭിപ്രായം.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാള്‍ ഘടകത്തിന്റെ കോണ്‍ഗ്രസ് ബാന്ധവത്തെ അനുകൂലിക്കുമ്പോള്‍ പ്രകാശ് കാരാട്ടും കേരളത്തില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി, പിബി അംഗങ്ങളും ഇതിനെ എതിര്‍ക്കുന്നു. കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച് ഈ മാസം 17, 18 തീയതികളില്‍ ഡല്‍ഹിയില്‍ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തിലും കേന്ദ്ര കമ്മിറ്റിയിലും തീരുമാനമുണ്ടാകും. എന്നാല്‍, കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ചു അന്തിമ തീരുമാനമായിട്ടില്ലെന്നും കേന്ദ്ര കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നുമാണ് കോല്‍ക്കത്ത യോഗത്തിനുശേഷം ഡല്‍ഹിയിലെത്തിയ സീതാറാം യെച്ചൂരി പറഞ്ഞത്.

ബംഗാളിനൊപ്പം തന്നെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങിയിരിക്കുന്ന കേരളത്തില്‍ ബംഗാള്‍ ഘടകത്തിന്റെ കോണ്‍ഗ്രസ് സംഖ്യം പാര്‍ട്ടിക്കു തിരിച്ചടിയാകുമെന്നു ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പുകളുയര്‍ത്തുന്നത്. ഇതോടെ പാര്‍ട്ടി സംസ്ഥാന ഘടകങ്ങളിലും കേന്ദ്ര നേതൃത്വത്തിലും രണ്ടു ചേരികള്‍ രൂപപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസിനെതിരേ പാര്‍ട്ടി ഇത്രയും കാലം എടുത്ത നിലപാടുകള്‍ വിസ്മരിക്കേണ്ടി വരുമെന്നു പറഞ്ഞു കേരളം കേന്ദ്ര കമ്മിറ്റിയില്‍ സഖ്യത്തെ എതിര്‍ക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും സഖ്യത്തിന് എതിരാണ്. ഇതിനെ മറികടക്കാന്‍ സഖ്യത്തെ അനുകൂലിക്കുന്ന ബംഗാള്‍ ഘടകത്തിനു എളുപ്പമാകില്ല. മമതാ ബാനര്‍ജിയടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പടയോട്ടം പാര്‍ട്ടിയെ പഴയ ചുവപ്പു കോട്ടയില്‍ വിസ്മൃതിയിലാക്കുമെന്നു ചൂണ്ടിക്കാട്ടി സഖ്യത്തെ ന്യായീകരിക്കാനാകും ബംഗാള്‍ ഘടകം കേന്ദ്രകമ്മിറ്റിയില്‍ മുതിരുക. കോല്‍ക്കത്തയില്‍ ചേര്‍ന്ന രണ്ടു ദിവസത്തെ സംസ്ഥാന സമിതി യോഗത്തില്‍ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും പങ്കെടുത്തിരുന്നു.

കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമായി ശക്തമായ വാദങ്ങളാണു ബംഗാള്‍ സംസ്ഥാന സമിതിയില്‍ ഉണ്ടായത്. കോണ്‍ഗ്രസുമായി ഇപ്പോള്‍ സഖ്യമുണ്ടാക്കിയില്ലെങ്കില്‍ ബംഗാളില്‍ പാര്‍ട്ടി വീണ്ടും തകരുമെന്നും ചരിത്രപരമായ മണ്ടത്തരത്തിന്റെ ആവര്‍ത്തനമാകുമെന്നുമായിരുന്നു പ്രധാന വാദം. കേരളത്തില്‍ പ്രശ്നമാകുമെന്നു കരുതി ബംഗാള്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനു വേണ്ടിയുള്ള സഖ്യം തടയരുതെന്നും ആവശ്യമുയര്‍ന്നു.


80 അംഗ സംസ്ഥാന സമിതിയില്‍ ഇരുപതോളം പേരൊഴികെ ബാക്കിയെല്ലാവരും കോണ്‍ഗ്രസ് സഖ്യമില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു. കേന്ദ്ര പ്രതിനിധികളെന്ന നിലയ്ക്ക് യോഗത്തില്‍ പങ്കെടുത്ത യെച്ചൂരിയൂം കാരാട്ടും യോഗത്തില്‍ നിലപാട് വ്യക്തമാക്കിയില്ല. പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും നിലപാടു വ്യക്തമാക്കാനാണു ഇരുനേതാക്കളും കാത്തിരിക്കുന്നത്.

15 അംഗ പോളിറ്റ് ബ്യൂറോയില്‍ ബംഗാളില്‍ നിന്നുള്ള നാലു പേരും യെച്ചൂരിയുമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമായി നില്‍ക്കുന്നവര്‍. കേന്ദ്ര കമ്മിറ്റിയിലും കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ക്കുന്നവര്‍ക്കാണു ഭൂരിപക്ഷം.

കുപ്രചാരണമെന്നു പിണറായി

കൊല്ലം: ബംഗാളില്‍ സിപിഎം കോണ്‍ഗ്രസുമായി തെരഞ്ഞടുപ്പു സഖ്യമുണ്ടാക്കുമെന്നതു കുപ്രചാരണം മാത്രമാണെന്നു പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. വര്‍ഗീയതയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസുമായി ചങ്ങാത്തമുണ്ടാക്കുമെന്നാണു പറച്ചില്‍. നവ ഉദാരവത്കരണ നയങ്ങള്‍ പിന്തുടരുന്ന കോണ്‍ഗ്രസും വര്‍ഗീയതയും നാടിന് ആപത്താണ്. ഇതിനെ എതിര്‍ക്കുക എന്നതു പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണ്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് ഇത് അംഗീകരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. നവകേരള മാര്‍ച്ചിന്റെ ഭാഗമായി കൊല്ലത്തെ ത്തിയ പിണറായി ആശ്രാമം ഗസ്റ്ഹൌസില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. ബജറ്റിനു പകരം വോട്ട് ഓണ്‍ അക്കൌണ്ട് പാസാക്കുകയാണു വേണ്ടിയിരുന്നത്. പകരം ഇതിനെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയാക്കി മാറ്റി.

മുഖ്യമന്ത്രിയില്‍ മാന്യതയുടെ അംശം അവശേഷിക്കുന്നുണ്െടങ്കില്‍ മറുപടി പ്രസംഗം നടത്തുന്നതിനു മുമ്പ് ബജറ്റ് പിന്‍വലിച്ചു മൂന്നു മാസത്തെ വോട്ട് ഓണ്‍ അക്കൌണ്ട് പാസാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.


ഒന്നും മിണ്ടാതെ വി.എസ്

പാലക്കാട്: ബംഗാളില്‍ ഇടതുമുന്നണിയും കോണ്‍ഗ്രസും തമ്മില്‍ തെരഞ്ഞടുപ്പ് കുട്ടുകെട്ടുണ്ടാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തുകയാണെന്നും അതില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും വി.എസ്. അച്യുതാനന്ദന്‍. കെഎസ്ടിഎ രജതജൂബിലി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ട്രേഡ് യൂണിയന്‍ സൌഹൃദ്സമ്മേളനത്തില്‍ പങ്കെടുത്തശേഷം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തു സര്‍വമേഖലയിലും അഴിമതി അരങ്ങുതകര്‍ക്കുകയാണെന്നു ട്രേഡ് യൂണിയന്‍ സൌഹൃദ് സമ്മേളനം ഉദ്ഘാടനം ചെയ്തു വിഎസ് അഭിപ്രായപ്പെട്ടു. അഴിമതി നടത്തുകമാത്രമല്ല, അഴിമതി നടത്തുന്നവരെ സംരക്ഷിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. വിദ്യാഭ്യാസ മേഖല സ്വകാര്യമേഖലയിലേക്കു തീറെഴുതിക്കൊടുത്ത് കച്ചവടവത്കരിച്ചിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.