പാക് ചാരനുമായി ബന്ധം; യുവാവ് അറസ്റില്‍
Saturday, February 13, 2016 12:45 AM IST
പത്താന്‍കോട്/കാണ്‍പുര്‍: പത്താന്‍കോട്ടുനിന്നു പിടിയിലായ പാക് ചാരന്‍ ഇര്‍ഷാദുമായി ബന്ധമുള്ള യുവാവിനെ പഞ്ചാബ് പോലീസ് മോഗയില്‍നിന്ന് അറസ്റ് ചെയ്തു. ഈമാസം രണ്ടിനാണ് പാക് ചാരസംഘടന(ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ്)യില്‍പ്പെട്ട ഇര്‍ഷാദ് പിടിയിലായത്. ഇയാള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു തല്‍വന്ദി മല്ലിയന്‍ ഗ്രാമവാസിയായ സന്ദീപ് മല്‍ഹി(27)യെ അറസ്റ് ചെയ്തത്.

ഇര്‍ഷാദുമായും അയാളുടെ കമാന്‍ഡറായ സജ്ജാദുമായും സന്ദീപിനു ബന്ധമുണ്ടായിരുന്നു. ഇവര്‍ മൂവരും ഇടയ്ക്കിടെ തമ്മില്‍ കാണാറുണ്ടായിരുന്നെന്നും ചണ്ഡിഗഡില്‍ ഇയാള്‍ താമസിച്ചിരുന്നതായും പോലീസ് അറിയിച്ചു. ഫെബ്രുവരി 14 വരെ പ്രാദേശിക കോടതി സന്ദീപിനെ റിമാന്‍ഡ് ചെയ്തു.

പാക് ചാരനു മൊബൈല്‍ സിം കാര്‍ഡ് നല്കിയ കടയുടമയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ് ചെയ്തിരുന്നു. വ്യാജ രേഖകള്‍ നല്കിയാണ് ഇയാള്‍ സിം കാര്‍ഡ് സ്വന്തമാക്കിയത്. ഇതിനിടെ, പത്താന്‍കോട് വ്യോമസേനാ തവളത്തിനു സമീപം കറങ്ങിനടന്നിരുന്ന യുവാവിനെ പോലീസ് അറസ്റ് ചെയതു. കാണ്‍പുര്‍ സ്വദേശിയായ ഷക്കീര്‍ അലി(23)യെയാണ് അറസ്റ് ചെയ്തത്.


ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലക്കാരനായ ഇര്‍ഷാദ് പത്താന്‍കോട് മമൂണ്‍ കന്റോണ്‍മെന്റിലെ ജീവനക്കാരനാണ്. കന്റോണ്‍മെന്റിലെ തന്ത്രപ്രധാന ഭാഗങ്ങളുടെ ചിത്രങ്ങളുള്ള ഒരു സ്മാര്‍ട്ട് ഫോണ്‍ ഇയാളുടെ കൈയില്‍നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. പാക്കിസ്ഥാനിലെ ഭീകരരുടെ താവളവുമായി ഫോണില്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് ഇര്‍ഷാദ് പിടിയിലായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.