ഇനി ഓര്‍മകളില്‍ വീരജവാനായി ഹനുമന്തപ്പ
ഇനി ഓര്‍മകളില്‍ വീരജവാനായി ഹനുമന്തപ്പ
Friday, February 12, 2016 11:19 PM IST
സെബി മാത്യു

ന്യൂഡല്‍ഹി: ആറു ദിവസം മഞ്ഞുപാളികള്‍ക്കുള്ളിലും നാലു ദിവസം ആശുപത്രിയിലുമായി കഴിഞ്ഞ ലാന്‍സ് നായിക് ഹനുമന്തപ്പ ഇനി സ്മരണകളില്‍ വീരജവാന്‍. മഞ്ഞുപാളികള്‍ക്കുള്ളില്‍ 30 അടി താഴ്ചയിലെ മരണത്തണുപ്പിലും നിലയ്ക്കാതിരുന്ന ജീവശ്വാസം ഇന്നലെ ആര്‍മി ആര്‍ആര്‍ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ഹനുമന്തപ്പയെ കൈവിട്ടു. ഇന്നലെ രാവിലെ 11.45നായിരുന്നു അന്ത്യം. 13 വര്‍ഷങ്ങളായി രാജ്യത്തിനുവേണ്ടി യുദ്ധ ഭൂമികളില്‍ നിലയുറപ്പിച്ച ഹനുമന്തപ്പ 10 ദിവസമായി സ്വന്തം ജീവന്‍ പിടിച്ചുനിര്‍ത്താന്‍ മരണവുമായി മല്ലിടുകയായിരുന്നു.

സിയാച്ചിനിലെ മഞ്ഞു നിറഞ്ഞ മരണക്കുഴിയില്‍ അകപ്പെട്ട പത്തു സൈനികരില്‍ ജീവന്റെ തുടിപ്പുമായി പുറത്തെത്തിക്കാനായതു ഹനുമന്തപ്പ കൊപ്പാടിനെ (33) മാത്രമായിരുന്നു. ഇന്നലെ രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ഹനുമന്തപ്പ ചികിത്സകളോടു പ്രതികരിക്കുന്നില്ലെന്ന് ആര്‍മി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് 11.45നു മരണം സ്ഥിരീകരിച്ചു. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരുന്നു. കടുത്ത മഞ്ഞില്‍ കഴിഞ്ഞിരുന്നതു മൂലം കട്ടപിടിച്ച രക്തം പൂര്‍വസ്ഥിതിയിലായില്ല. ന്യൂമോണിയയും മരുന്നുകള്‍ക്കു വഴങ്ങാതെ നിന്നു. ഭക്ഷണമോ വെള്ളമോ ഇല്ലാതെ ആറുദിവസം മഞ്ഞിനകത്തു കഴിഞ്ഞ ഹനുമന്തപ്പയുടെ ശരീരത്തിനു കടുത്ത നിര്‍ജലീകരണമാണു സംഭവിച്ചത്.

ഹനുമന്തപ്പയുടെ നിര്യാണത്തില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അനുശോചിച്ചു. ദുരന്തമുഖത്ത് അസാമാന്യമായ ധൈര്യവും മനഃശക്തിയും പ്രകടിപ്പിച്ച ധീരനായിരുന്നു ഹനുമന്തപ്പയെന്ന് അദ്ദേഹത്തിന്റെ മാതാവ് ബസമ്മ കൊപ്പാഡിനയച്ച സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. ദുഃഖത്തിന്റെ ഈ അവസരത്തില്‍ രാഷ്ട്രത്തിന്റെ മുഴുവന്‍ അനുകമ്പയും അനുശോചനവും അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമുണ്െടന്നും പ്രണാബ് മുഖര്‍ജി പറഞ്ഞു. ലാന്‍സ് നായിക് ഹനുമന്തപ്പയുടെ ദേഹവിയോഗം തീവ്ര ദുഃഖവും ഞെട്ടലുമുണ്ടാക്കിയിരിക്കിയന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ധീര സൈനികന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഹനുമന്തപ്പയെപ്പോലെയുള്ള രക്തസാക്ഷികള്‍ ഇന്ത്യക്കു വേണ്ടി ജീവിച്ചിരുന്നുവെന്നത് അഭിമാനകരമാണെന്നും മോദി പറഞ്ഞു. ഹനുമന്തപ്പയെ മോദി ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.


ത്രിവര്‍ണ പതാക പുതപ്പിച്ച ഹനുമന്തപ്പയുടെ മൃതദേഹം ഡല്‍ഹി ധൌളകുവാനിലെ ബ്രാര്‍ സ്ക്വയറിലെ സൈനിക കേന്ദ്രത്തില്‍ ഔദ്യോഗിക ബഹുമതികളോടെ അന്തിമോപചാരങ്ങള്‍ക്കായി വച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഇവിടെ സന്നിഹിതരായിരുന്നു. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, കരസേനാ മേധാവി ദല്‍ബീര്‍ സിംഗ് സുഹാഗ്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, നാവികസേന മേധാവി റോബിന്‍ ധവാന്‍, വ്യോമസേന മേധാവി അരൂപ രാഹ തുടങ്ങിയവര്‍ അന്തിമോപാചാരം അര്‍പ്പിച്ചു. അന്ത്യകര്‍മങ്ങള്‍ക്കായി ഹനുമന്തപ്പയുടെ മൃതദേഹം ഇന്നലെ കര്‍ണാടകയിലേക്കു കൊണ്ടുപോയി.

കര്‍ണാടകയിലെ ധര്‍വാഡിലെ ബെട്ടാദുര്‍ സ്വദേശിയാണു മദ്രാസ് റെജിമെന്റിന്റെ 19-ാം ബറ്റാലിയനിലെ സൈനികനായിരുന്ന ഹനുമന്തപ്പ. 2003 മുതല്‍ 2006 വരെ ജമ്മു കാഷ്മീരിലെ സംഘര്‍ഷ മേഖലയായ മഹോറിലായിരുന്നു ഹനുമന്തപ്പ. തുടര്‍ന്ന് 2008 മുതല്‍ 2010 വരെ ജമ്മു കാഷ്മീരിലെ 54 രാഷ്ട്രീയ റൈഫിള്‍സിന്റെ ഭാഗമായി. ഇവിടെ ഭീകര വിരുദ്ധ പോരാട്ടങ്ങളില്‍ പങ്കെടുത്തു. മഹാദേവി അശോക് ബിലേബാല്‍ ഭാര്യയും രണ്ടു വയസുകാരി നേത്ര കൊപ്പാട് മകളുമാണ്. ഹനുമന്തപ്പയെ ജീവനോടെ കണ്െടത്തിയതു മുതല്‍ ഗ്രാമത്തില്‍ ഇദ്ദേഹത്തിനായി പ്രത്യേകം പ്രാര്‍ഥനകളും പൂജകളും നടന്നു വരുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.