ഭീകരസംഘടനകള്‍ക്കു സാമ്പത്തിക, സൈനിക പിന്തുണ നല്കുന്നത് ഐഎസ്ഐ: ഹെഡ്ലി
ഭീകരസംഘടനകള്‍ക്കു സാമ്പത്തിക, സൈനിക പിന്തുണ നല്കുന്നത് ഐഎസ്ഐ: ഹെഡ്ലി
Wednesday, February 10, 2016 12:34 AM IST
മുംബൈ: ഭീകര സംഘടനകളായ ലഷ്കര്‍ ഇ തൊയ്ബ, ജയഷ് ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയവയ്ക്കു സാമ്പത്തിക, സൈനിക, മാനസിക പിന്തുണ നല്കുന്നതു പാക് ചാരസംഘടനയായ ഐഎസ്ഐ ആണെന്ന് അമേരിക്കയില്‍ തടവില്‍കഴിയുന്ന തീവ്രവാദി ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി. മുംബൈ ടാഡ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്നലെ മൊഴി നല്കവേയാണു ഹെഡ്ലി ഇക്കാര്യം വെളിപ്പെടുത്തിയത്. 35 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട് അമേരിക്കന്‍ ജയിലില്‍ കഴിയുന്ന ഹെഡ്ലി രണ്ടാം ദിവസത്തെ വിചാരണയിലാണ് ഇക്കാര്യം പറഞ്ഞത്.

തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചാരന്മാരെ കണ്െടത്തണമെന്ന് ഐഎസ്ഐ ആവശ്യപ്പെട്ടിരുന്നു. 2006ല്‍ ലാഹോറില്‍വച്ച് ഐഎസ്ഐയിലെ മേജര്‍ ഇക്ബാലുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അദ്ദേഹമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 2007ല്‍ ഇന്ത്യന്‍ പ്രതിരോധ വകുപ്പിന്റെ യോഗം താജ് ഹോട്ടലില്‍ നടക്കുമ്പോള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു. അതിനായി പ്രത്യേക പരിശീലനവും നടത്തി. എന്നാല്‍, യോഗം നടക്കുന്ന സമയം കൃത്യമായി അറിയാന്‍ സാധിക്കാതിരുന്നതും ആയുധങ്ങള്‍ എത്തിക്കുന്നതിലെ വിഷമതയും പദ്ധതി ഉപേക്ഷിക്കാന്‍ കാരണമായെന്നും ഹെഡ്ലി വെളിപ്പെടുത്തി. സിദ്ധിവിനായക് അമ്പലം ആക്രമിക്കാന്‍ തയാറാക്കിയ പദ്ധതിയും പിന്നീട് ഉപേക്ഷിച്ചു. ഒരേസമയം, ലഷ്കര്‍ ഇ തൊയ്ബയ്ക്കുവേണ്ടിയും ഐഎസ്ഐക്കുവേണ്ടിയും പ്രവര്‍ത്തിച്ചിരുന്നതായി ഹെഡ്ലി സമ്മതിച്ചു.


പാക് സൈനികരും ഐഎസ്ഐ ഉദ്യോഗസ്ഥരുമായ കേണല്‍ ഷാ, ലഫ്. കേണല്‍ ഹംസ, മേജര്‍ ഷമിര്‍ അലി, റിട്ടയേഡ് സൈനിക ഉദ്യോഗസ്ഥനായ അബ്ദുള്‍ റഹ്മാന്‍ പാഷ എന്നിവര്‍ ലഷ്കര്‍ ഇ തൊയ്ബയ്ക്കും അല്‍ ക്വയ്ദയ്ക്കുംവേണ്ടി പ്രവര്‍ത്തിച്ചിരുന്നു.

ഭീകരസംഘടനയായ ലഷ്കര്‍ ഇ തൊയ്ബയ്ക്കു നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത് ഐഎസ്ഐ ആണ്. 2003 ഒക്ടോബറിലാണു ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ കാണുന്നത്. സക്കിയുര്‍ റഹ്മാന്‍ ലഖ്വിയെ കാണുന്നതും 2003ല്‍ തന്നെ. ലഖ്വിയാണു മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത്. ലഷ്കര്‍ ഇ തൊയ്ബയുടെ ഭീകരാക്രമണങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നതും അയാളായിരുന്നു. ലഷ്കര്‍ ഇ തൊയ്ബ, ജയ്ഷ് ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍, ഹര്‍കത് ഉല്‍-മുജാഹിദീന്‍ എന്നിവ യുണൈറ്റഡ് ജിഹാദ് കൌണ്‍സിലിന്റെ ഭാഗമാണെന്നും ഹെഡ്ലി പറഞ്ഞു.

ലഷ്കര്‍ ഇ തൊയിബയെ അമേരിക്കയില്‍ നിരോധിച്ചതിനെ നിയമപരമായി നേരിടാന്‍ ഹഫീസ് സയീദിനെയും ലഖ്വിയെയും ഉപദേശിച്ചതു താനായിരുന്നു. മുംബൈയില്‍ ഓഫീസ് ആരംഭിക്കാന്‍ ഡോ. റാണയില്‍നിന്ന് അനുവാദം ലഭിച്ചു.

2006 സെപ്റ്റംബര്‍ 14നു മുംബൈയിലെ താജ് ഹോട്ടല്‍ സന്ദര്‍ശിച്ചു. സെപ്റ്റംബര്‍ 28നു മടങ്ങി. ഭാര്യ ഫൈസയ്ക്കൊപ്പം ഹോട്ടലിന്റെ രണ്ടാം നിലയിലാണു താമസിച്ചിരുന്നതെന്നും ഹെഡ്ലി വെളിപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.