സംഭാവനയായി ബിജെപിക്കു കിട്ടിയത് 437 കോടി രൂപ; കോണ്‍ഗ്രസിന് 141 കോടി
സംഭാവനയായി ബിജെപിക്കു കിട്ടിയത് 437 കോടി രൂപ; കോണ്‍ഗ്രസിന് 141 കോടി
Wednesday, February 10, 2016 12:34 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: രാജ്യത്തു സംഭാവന പിരിക്കുന്ന ദേശീയ രാഷ്ട്രീയ പാര്‍ട്ടികളില്‍ ബിജെപി ബഹുദൂരം മുന്നില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിജെപിക്കു 437.35 കോടി കിട്ടിയപ്പോള്‍ ഇത്രകാലവും ഭരണത്തിലിരുന്നശേഷം മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനു കിട്ടിയത് 141.46 കോടി രൂപ. ശരത് പവാറിന്റെ എന്‍സിപി 38.82 കോടിയും സിപിഎം 3.42 കോടിയും സിപിഐ 1.33 കോടി രൂപയുമാണു സംഭാവന പിരിച്ചത്.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്ന 2013ലും 2015ലും ബിജെപിക്ക് 608 കോടി രൂപയും കോണ്‍ഗ്രസിന് 201.04 കോടിയും സംഭാവന കിട്ടിയപ്പോള്‍ ഭരണത്തിലെത്തിയ ആം ആദ്മി പാര്‍ട്ടിക്കു കിട്ടിയത് വെറും 44.7 കോടി മാത്രം. എന്നാല്‍, 2013നെ അപേക്ഷിച്ചു രണ്ടു വര്‍ഷം കഴിഞ്ഞു സംഭാവനകളുടെ ശതമാനക്കണക്കു നോക്കിയാല്‍ എഎപിക്ക് 275 ശതമാനം വര്‍ധനയുണ്ട്. കോടികളും ലക്ഷങ്ങളും സംഭാവനയായി നല്‍കിയവരുടെ പൂര്‍ണമായ പേരു വിവരങ്ങള്‍ ഇല്ലാത്തതും ഉള്ളവരുടെ പേരുകളില്‍ ഇരട്ടിപ്പുകള്‍ ഉള്‍പ്പെടെയുള്ള അപാകതകളും ധാരാളം. ലക്ഷങ്ങള്‍ നല്‍കിയ ചിലരുടെ പാന്‍ പോലുള്ള വിശദാംശങ്ങള്‍ ഇല്ല.

ഡല്‍ഹിയില്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയെങ്കിലും എഎപിക്കു കിട്ടിയ ഫണ്ടില്‍ വെറും 20 ശതമാനം മാത്രമാണു ഡല്‍ഹിക്കാരുടെ സംഭാവന. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഡല്‍ഹിയും (23.3%) മഹാരാഷ്ട്രയും (20.4%) ആണ് എഎപിക്കു കൂടുതല്‍ പണം നല്‍കിയത്. എന്നാല്‍, അരവിന്ദ് കേജരിവാളിന്റെ പാര്‍ട്ടിക്ക് ഏറ്റവും കുടുതല്‍ തുക (25 ശതമാനം) സംഭാവന നല്‍കിയതു വിദേശത്തുള്ള ഇന്ത്യക്കാരാണെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ കണക്കുകളില്‍ പറയുന്നു.

2014-15ല്‍ ഒരു രൂപ മുതല്‍

20,000 രൂപയില്‍ താഴെ മൊത്തം 3,326 പേര്‍ എഎപി സംഭാവന നല്‍കി. 20,000 രൂപയ്ക്കു മുകളില്‍ മൊത്തം 91.47 ലക്ഷം രൂപ എഎപിക്കു സംഭാവന നല്‍കിയ 111 പേരുടെ പേര്, മേല്‍വിലാസം, പാന്‍ തുടങ്ങിയവ ലഭ്യമല്ലെന്നു രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവനകളെക്കുറിച്ചു പഠനം നടത്തിയ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.


ഇരുപതിനായിരം രൂപയ്ക്കു താഴെയുള്ള സംഭാവനകള്‍ എഎപി മാത്രമാണ് അറിയിച്ചതെന്നതും ശ്രദ്ധേയമാണ്. ജനപ്രാതിനിധ്യ നിയമപ്രകാരം ഇരുപതിനായിരത്തിനു മുകളിലുള്ള വലിയ സംഭാവനകളുടെ കണക്കുകള്‍ ഇലക്ഷന്‍ കമ്മീഷനില്‍ അറിയിക്കണം.

2013ലെ ഡല്‍ഹി തെരഞ്ഞെടുപ്പു കാലത്ത് 170.86 കോടി സംഭാവന കിട്ടിയ ബിജെപിക്ക് 2015ലെ തെരഞ്ഞെടുപ്പു കാലത്ത് 437.35 കോടി രൂപ സംഭാവന കിട്ടി. രണ്ടു വര്‍ഷംകൊണ്ടു 156 ശതമാനം വര്‍ധന. കോണ്‍ഗ്രസിന് 2013ല്‍ 59.58 കോടി കിട്ടിയ സ്ഥാനത്തു 2015ല്‍ 141.46 കോടി രൂപയായി വര്‍ധിച്ചു. ശതമാനക്കണക്കില്‍ എഎപിയുടെ വരുമാനം 2013ല്‍ 9.42 കോടിയായിരുന്നത് 2015ല്‍ 35.28 കോടിയായി. ആകെ 275 ശതമാനം വര്‍ധന.

ദേശീയ പാര്‍ട്ടികളുടെ 7.5 ശതമാനം മാത്രം വ്യക്തികളുടെ സംഭാവനയാകുമ്പോള്‍ എഎപിയുടെ സംഭാവനകളുടെ മഹാഭൂരിപക്ഷവും (79%) വ്യക്തികളുടേതാണെന്ന വ്യത്യാസവുമുണ്ട്. 2014-15ല്‍ ബിജെപിക്കു വെറും 1234 സംഭാവനകളില്‍നിന്നാണു 437.35 കോടി കിട്ടിയത്. കോണ്‍ഗ്രസിനു കിട്ടിയ 141.46 കോടി രൂപ ആകെ 280 സംഭാവനകളില്‍ നിന്നാണ്. എന്‍സിപിക്ക് 52 സംഭാവനകളില്‍നിന്നു 38.82 കോടി കിട്ടിയപ്പോള്‍ സിപിഎമ്മിന്റെ 3.42 കോടി വെറും 74 സംഭാവകളില്‍നിന്നും സിപിഐയുടെ 1.33 കോടി 55 സംഭാവനകളില്‍നിന്നുമാണ്. ഇതില്‍ കൂടുതലും വിവിധ സ്ഥാപനങ്ങളും ട്രസ്റുകളുമാണു നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.