സിയാച്ചിനിലെ വിസ്മയം: സിനിമകളെ സ്വാധീനിച്ച അഞ്ച് അതിജീവനകഥകള്‍
സിയാച്ചിനിലെ വിസ്മയം: സിനിമകളെ സ്വാധീനിച്ച അഞ്ച് അതിജീവനകഥകള്‍
Wednesday, February 10, 2016 12:42 AM IST
2016 ഫെബ്രുവരി മൂന്ന്. മഞ്ഞുമലകള്‍ മൂടിയ സിയാച്ചിനിലെ സൈനിക പോസ്റ്. അതിര്‍ത്തിരേഖയിലെ കാഴ്ച മറച്ചു കനത്ത മഞ്ഞുമഴ.

മദ്രാസ് റെജിമെന്റിലെ ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ഉള്‍പ്പെടെ പത്തുപേര്‍, ലോകത്തിലെ ഏറ്റവും ഉയരമുള്ള ഈ യുദ്ധഭൂമിയില്‍ കാവല്‍നില്‍ക്കുന്നു. മഞ്ഞുകാറ്റിന്റെ മൂളലിനൊപ്പം സൈനിക പോസ്റിനു മുകളിലേക്ക് ഒന്നര കിലോമീറ്റര്‍ നീളവും 40 അടി ഉയരവുമുള്ള മഞ്ഞുമല ഇടിത്തീപോലെ പാഞ്ഞെത്തി. പത്തു സൈനികരെ ക്ഷണനേരംകൊണ്ടു മല വിഴുങ്ങി.

ആറു ദിവസത്തിനുശേഷം. സിയാച്ചിനിലെ പുതിയ സൈനിക പോസ്റ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഡോഗ് സ്ക്വാഡും അത്യാധുനിക സങ്കേതങ്ങളും ഉപയോഗിച്ച് സൈനികര്‍ മഞ്ഞുമല വകഞ്ഞുകീറുന്നു. മഞ്ഞുവീഴ്ചയും തണുത്തുറഞ്ഞ കാറ്റും തെരച്ചില്‍ ദുഷ്കരമാക്കുന്നുണ്െടങ്കിലും പ്രതീക്ഷ കൈവിടാതെ സൈനികര്‍.

മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ നടത്തിവരികയാണെന്നു പ്രതിരോധ വകുപ്പ് വക്താവ് ലഫ്. കേണല്‍ എന്‍.എന്‍. ജോഷി അറിയിക്കുന്നു. മലകള്‍ കീഴടക്കിയ സാഹസികരുടെ കഥപറയുന്ന 127 അവേഴ്സ്, എവറസ്റ്, ടച്ചിംഗ് ദ വോയിഡ്, ദ വേ ബാക്ക്, എലൈവ് എന്നീ സിനിമകള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയവയാണ്.

127 അവേഴ്സ്

ആരോണ്‍ റാസ്റണ്‍ എന്ന പര്‍വതാരോഹകന്റെ സാഹസികമായ ജീവിതകഥയാണ് 2010ല്‍ പുറത്തിറങ്ങിയ 127 ഹവേഴ്സ് എന്ന ഹോളിവുഡ് സിനിമ. അമേരിക്കയിലെ യൂട്ട സ്റേറ്റിലുള്ള കാന്യന്‍ നാഷണല്‍ പാര്‍ക്കിലെ മലകയറുന്നതിനിടെ മലയിടുക്കില്‍ വീണു കൈ കുടുങ്ങിപ്പോയി അഞ്ചു ദിവസം റാസ്റണ്‍ മലയിടുക്കില്‍ കുടുങ്ങിക്കിടന്നു.

അഞ്ചാംദിവസം പോക്കറ്റിലുണ്ടായിരുന്ന കത്തികൊണ്ട് കൈമുറിച്ചുമാറ്റി. 65 അടി ഉയരം കയറി, എട്ടു മൈല്‍ നടന്നാല്‍ രക്ഷപ്പെടാം. മരണാസന്നനായ റാസ്റണെ രക്ഷിക്കുന്നതു ഹൈവേ പെട്രോളിംഗ് ഹെലികോപ്റ്ററിലെത്തിയ പോലീസുകാരാണ്. റാസ്റന്റെ സാഹസികത നിറഞ്ഞ നിമിഷങ്ങള്‍ ഡാനി ബോയ്ലെയുടെ സംവിധാനത്തില്‍ ജയിംസ് ഫ്രാങ്കോ അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം.


ടച്ചിംഗ് ദ വോയിഡ്

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് പെറുവിലെ 6344 മീറ്റര്‍ ഉയരമുള്ള സിയുല ഗ്രാന്‍ഡ് കൊടുമുടി കയറിയ പര്‍വതാരോഹകരായ സൈമണ്‍ യീറ്റ്സ്, ജോയി സിംപ്സണ്‍ എന്നിവരുടെ ജീവിതകഥപറയുന്ന ചിത്രം. അപകടത്തില്‍നിന്നു സുഹൃത്തിനെ സഹായിക്കാന്‍ മരണത്തിനും ജീവിതത്തിനുമിടയില്‍ കഴിഞ്ഞ യീറ്റ്സിന്റെ ഉദ്വേഗനിമിഷങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്സ്.

എവറസ്റ്

ഐസ്ലാന്‍ഡ് നടനും സംവിധായകനുമായ ബല്‍താസര്‍ കൊര്‍മാകറാണ് 2015 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധായകന്‍. അതിസാഹസികരായ എട്ടു പര്‍വതാരോഹകര്‍ എവറസ്റ് കൊടുമുടിയില്‍ മരണത്തോടു മല്ലിടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം ബോക്സ് ഓഫീസ് ഹിറ്റായി.

ദ വേ ബാക്ക്

പീറ്റര്‍ വെയറിന്റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ ചിത്രം. രണ്ടാം ലോകമഹായുദ്ധകാലത്ത് പോളണ്ടിലെ സോവ്യറ്റ് അധിനിവേശ കാലത്ത് റഷ്യന്‍ തടവറയില്‍നിന്നു രക്ഷപ്പെട്ട് 4000 മൈലുകള്‍ നടന്ന് ഇന്ത്യയിലെത്തിയ പോളീഷ് തടവുകാരുടെ കഥ പറയുന്ന ചിത്രം, 1956 ല്‍ പുറത്തിറങ്ങിയ ദ ലോംഗ് വാക്ക് എന്ന സ്ളവോമിര്‍ റവീസിന്റെ ആത്മകഥയെ അസ്പദമാക്കിയുള്ളതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.