ദാവൂദുമായി മോദി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം കേന്ദ്രസര്‍ക്കാര്‍ തള്ളി
Monday, February 8, 2016 11:51 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വസതിയില്‍, പിടികിട്ടാപ്പുള്ളിയും അധോലോക രാജാവുമായ ദാവൂദ് ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം കേന്ദ്രസര്‍ക്കാര്‍ തള്ളി. ഉത്തര്‍ പ്രദേശ് മന്ത്രി അസംഖാനാണ് മോദിക്കെതിരേ ആരോപണമുന്നയിച്ചത്. ആരോപണങ്ങള്‍ അസത്യവും അടിസ്ഥാനരഹിതവുമാണെന്നു കേന്ദ്രസര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു. ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ അസം ഖാന്‍ വിവാദ പ്രസ്താവനകളിലൂടെ നിരന്തരം ശ്രദ്ധയാകര്‍ഷിക്കുന്ന നേതാവാണ്. പ്രധാനമന്ത്രിയുടെ പാക്കിസ്ഥാന്‍ സന്ദര്‍ശനം മുന്‍കൂട്ടി അറിയിക്കാതെയുള്ളതായിരുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ലാഹോറിലെ വസതിയില്‍, ഇന്ത്യ തേടുന്ന മുംബൈ സ്ഫോടനക്കേസിലെ കുറ്റവാളിയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയെന്നാണ് അസം ഖാന്‍ ആരോപിച്ചത്. നരേന്ദ്ര മോദി അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണു പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചത്. അവിടെവച്ച് ദാവൂദിനെ കാണുകയും ചെയ്തു. മോദി ഇതു നിഷേധിക്കുകയാണെങ്കില്‍ താന്‍ തെളിവു നല്‍കാമെന്നും അസംഖാന്‍ വെല്ലുവിളിച്ചിരുന്നു.


എന്നാല്‍, യുപി മന്ത്രിയുടെ പ്രസ്താവനകള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒന്നടങ്കം തള്ളിക്കളഞ്ഞു. അസം ഖാനെ ഉടന്‍ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നു ബിജെപിയുടെ സുധാന്‍ശു മിത്തല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് ആവശ്യപ്പെടുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.