ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍: കേന്ദ്രസര്‍ക്കാര്‍ പുതിയ ബില്‍ അവതരിപ്പിക്കും
Monday, February 8, 2016 11:50 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കുന്നതിനു ജുഡീഷല്‍ സ്റാന്‍ഡേഡ്സ് ആന്‍ഡ് അക്കൌണ്ടബിലിറ്റി ബില്ലില്‍ ഭേദഗതികള്‍ വരുത്തി പുതിയ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. 2012ല്‍ ലോക്സഭയില്‍ പാസായ ബില്‍ നിയമരംഗത്തെ വിദഗ്ധരുടെ എതിര്‍പ്പുകളെത്തുടര്‍ന്ന് രാജ്യസഭയില്‍ മാറ്റങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു. 2014ല്‍ 15-ാം ലോക്സഭയുടെ കാലാവധി അവസാനിച്ചതോടെയാണ് ബില്‍ അസാധുവായത്.

ഭേദഗതികളോടെ ഈ ബില്‍ വീണ്ടും അവതരിപ്പിക്കണമെന്നാണു നിയമമന്ത്രാലയത്തിന്റെ നിലപാട്. കഴിഞ്ഞ ഡിസംബറില്‍ ലോക്സഭയില്‍ ഇതുസംബന്ധിച്ച ചോദ്യത്തിനു ബില്‍ വീണ്ടും അവതരിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരുകയാണെന്നു നിയമമന്ത്രി സദാനന്ദ ഗൌഡ വ്യക്തമാക്കിയിരുന്നു. ഉന്നത കോടതികളിലെ ജഡ്ജിമാര്‍ക്കെതിരേ പൌരന്മാര്‍ നല്‍കുന്ന പരാതികള്‍ കൈകാര്യം ചെയ്യുകയാണു നിയമത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ പരിശോധിക്കുന്ന സമിതിയില്‍ അതേ കോടതിയിലെ ജഡ്ജിമാരെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ചും ജുഡീഷറിക്കു പുറത്തുള്ളവര്‍ സമിതിയില്‍ അംഗങ്ങള്‍ ആകുന്നതിലും വ്യക്തത വന്നിട്ടില്ല. ഇക്കാര്യങ്ങളില്‍ വിശദമായ ചര്‍ച്ച നടക്കും. ജഡ്ജിമാരുടെ സ്വത്തുക്കള്‍ അടക്കം വെളിപ്പെടുത്തണമെന്ന വ്യവസ്ഥയും പഴയ ബില്ലില്‍ ഉണ്ടായിരുന്നു.


പരാതികളിന്മേലുള്ള അന്വേഷണ രീതി, ശിക്ഷ വിധിക്കുന്നതിനുള്ള അധികാരം, ഏതറ്റം വരെ ശിക്ഷ വിധിക്കാം എന്നീ കാര്യങ്ങളും നിയമമന്ത്രാലയം പരിശോധിക്കുന്നുണ്ട്. നിയമത്തിന്റെ കീഴില്‍ നാഷണല്‍ ജുഡീഷല്‍ ഓവര്‍സൈറ്റ് കമ്മിറ്റി സ്ഥാപിക്കാനും നിര്‍ദേശമുണ്ട്. ചീഫ് ജസ്റീസ്, കേന്ദ്ര നിയമമന്ത്രി, പൌരസമൂഹത്തിലുള്ള പ്രമുഖ വ്യക്തി എന്നിവരായിരിക്കും സമിതിയിലെ അംഗങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.