ബംഗളൂരുവില്‍ സ്കൂളില്‍ പുള്ളിപ്പുലി കയറി
ബംഗളൂരുവില്‍ സ്കൂളില്‍ പുള്ളിപ്പുലി കയറി
Monday, February 8, 2016 11:34 PM IST
ബംഗളൂരു: സ്കൂള്‍ കെട്ടിടത്തിനുള്ളില്‍ കയറിയ പുള്ളിപ്പുലി മണിക്കൂറുകളോളം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി.

വൈറ്റ് ഫീല്‍ഡിനടുത്ത കുണ്ടാലഹള്ളിയിലെ വിബ്ജിയോര്‍ സ്കൂളിലാണു പുള്ളിപ്പുലി കയറിയത്. ഇന്നലെ പുലര്‍ച്ചെ 4.13 ഓടെയാണ് പുള്ളിപ്പുലി സ്കൂള്‍ വളപ്പില്‍ കയറുന്നതു സെക്യൂരിറ്റി ഗാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ വിവരം വനപാലകരെ അറിയിച്ചു. നേരം പുലര്‍ന്നതോടെ വനപാലകര്‍ സ്ഥലത്തെത്തി. നൂറുകണക്കിനു പരിസരവാസികളും സ്ഥലത്തെത്തി. സിസിടിവിയിലൂടെ പുലിയുടെ നീക്കം മനസിലാക്കിയാണു വനപാലകര്‍ തെരച്ചില്‍ നടത്തിയത്. ഒടുവില്‍ 14 മണിക്കൂറിനുശേഷം വൈകുന്നേരം ആറോടെയാണ് പുലിയെ മയക്കുവെടി വച്ചു പിടികൂടാനായത്.


വനം-വന്യജീവി വിദഗ്ധന്‍ സഞ്ജയ് ഗുബ്ബി, രണ്ടു പ്രാദേശിക ഫോട്ടോഗ്രാഫര്‍മാര്‍, ഒരു പ്രദേശവാസി എന്നിവര്‍ക്കു പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. സ്കൂള്‍ വളപ്പിലൂടെ തലങ്ങും വിലങ്ങും ഓടിയ പുലി ഉച്ചയോടെ അപ്രത്യക്ഷമായെങ്കിലും പിന്നീടു സ്കൂളിനോടു ചേര്‍ന്ന കുറ്റിക്കാട്ടില്‍ പ്രത്യക്ഷപ്പെട്ടു. ഇവിടേക്കു നാട്ടുകാര്‍ എത്തിയതോടെ വീണ്ടും സ്കൂളിനുള്ളിലേക്ക് ഓടിക്കയറി.

ഒടുവില്‍ വൈകുന്നേരത്തോടെ നീന്തല്‍ക്കുളത്തിനോടു ചേര്‍ന്ന മുറിയില്‍ അകപ്പെടുകയും വനപാലകര്‍ ഈ മുറിയുടെ വാതില്‍ അടയ്ക്കുകയും ജനലിലൂടെ മയക്കുവെടിവച്ച് വീഴ്ത്തുകയുമായിരുന്നു. സ്കൂളിന് അവധിയായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.