റബര്‍: വിദഗ്ധസമിതി രൂപീകരിച്ചെന്നു കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍
റബര്‍: വിദഗ്ധസമിതി രൂപീകരിച്ചെന്നു കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍
Tuesday, December 1, 2015 12:33 AM IST
ന്യൂഡല്‍ഹി: റബര്‍ കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും താത്പര്യം സംരക്ഷിക്കുന്നതിനായി ദേശീയ റബര്‍ നയം രൂപീകരിക്കുന്നതിനു വിദഗ്ധസമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ വ്യക്തമാക്കി.

റബര്‍ ഉത്പാദനം, വികസനം, ഉപഭോഗം, കയറ്റുമതി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കഴിഞ്ഞ വര്‍ഷം ജൂണ്‍ 16നു രൂപീകരിച്ച സമിതി പരിശോധിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാരായ പ്രഫ. കെ.വി. തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളുടെയും, വകുപ്പുകളുടെയും പ്രതിനിധികളെയും കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളുടെ പ്രതിനിധികളെയും റബര്‍ ബോര്‍ഡ്, കര്‍ഷക സംഘടനകള്‍, റബര്‍ അനുബന്ധ വ്യവസായങ്ങള്‍ എന്നിവയുടെ പ്രതിനിധികളെയുംവിദഗ്ധ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ റബര്‍ നയത്തിന്റെ കരട് സമിതി സമര്‍പ്പിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.


2015-16 വര്‍ഷത്തില്‍ രാജ്യത്തു റബറിന്റെ ആഭ്യന്തര ഉത്പാദനം 32,9000 ടണ്‍ ആയിരുന്നു. അതേ സമയം ഇക്കാലയളവില്‍ 2,52,587 ടണ്‍ റബര്‍ ഇറക്കുമതി ചെയ്തതായും മന്ത്രി വ്യക്തമാക്കി. 2014-15 വര്‍ഷത്തില്‍ ആഭ്യന്തര ഉത്പാദനം 64,500 ടണ്‍ ആയിരുന്നപ്പോള്‍ ഇറക്കുമതി 4,42,130 ടണ്‍ ആയിരുന്നു. 2013-14 വര്‍ഷത്തില്‍ റബറിന്റെ ഉത്പാദനം മോശം കാലാവസ്ഥയും റബര്‍ മരത്തിന്റെ ഇലകള്‍ക്കു രോഗം ബാധിച്ചതു കാരണവും കുറവായിരുന്നു. ആ വര്‍ഷം റബറിന്റെ വിലയും ഇടിഞ്ഞു. എന്നാല്‍, 2014-15 വര്‍ഷത്തില്‍ വിലയിടിവിനെത്തുടര്‍ന്നാണ് പ്രകൃതിദത്ത റബറിന്റെ ഉത്പാദനം കുറഞ്ഞതെന്നും മന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കുന്നു.

റബര്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തോട്ടങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിനും റീപ്ളാന്റിംഗിനുമായി പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ തുക വകയിരുത്തിയിരുന്നുവെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.