കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസനയം അടുത്ത വര്‍ഷം
Tuesday, December 1, 2015 12:46 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത വര്‍ഷം പുതിയ വിദ്യാഭ്യാസ നയം കൊണ്ടു വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടു രൂപം തയാറാക്കുന്നതിനായി സര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസ നയ വികസന കമ്മിറ്റി രൂപീകരിച്ചിട്ടുണ്െടന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. ജോസ്.കെ മാണി എം.പിയുടെ ചോദ്യത്തിന് ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി പുതിയ വിദ്യാഭ്യാസ നയം സംബന്ധിച്ചു വ്യക്തമാക്കിയത്. പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിലെ ആദ്യ ചോദ്യമായിരുന്നു ഇന്നലെ ജോസ്.കെ മാണി എംപിയുടേത്.

സിബിഎസ്ഇയെയും സംസ്ഥാന വിദ്യാഭ്യാസ മേഖലയെയും സംയുക്തമായി സഹകരിപ്പിച്ച് പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കും. മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍ സുബ്രഹ്മണ്യന്‍ ആണ് പുതിയ വിദ്യാഭ്യാസ നയ വികസന കമ്മിറ്റിയുടെ ചെയര്‍മാന്‍. സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ നിര്‍ദേശങ്ങള്‍ മുന്നോട്ടു വെയ്ക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെയുള്ള സിബിഎസ്സി പാഠപുസ്തകങ്ങള്‍ ഇ-പാഠശാല പദ്ധതിയിലൂടെ സൌജന്യമായി ലഭ്യമാക്കുമെന്നും മൊബൈല്‍ ഫോണ്‍ ആപ്ളിക്കേഷന്‍ ഏര്‍പ്പെടുത്തുമെന്നും മറ്റൊരു ഉപ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.

വിവിധ മേഖലകളില്‍ നിന്നു വിദഗ്ധാഭിപ്രായം സ്വീകരിച്ച് വിദ്യാഭ്യാസ നയത്തിനു രൂപം നല്‍കും. മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന വിദഗ്ധാഭിപ്രായ ശേഖരണത്തിലൂടെയാണ് പുതിയ നയത്തിനു രൂപം നല്‍കുന്നത്. ഓണ്‍ലൈന്‍ വഴിയും അടിസ്ഥാന ഘടകങ്ങളില്‍ നിന്നും ദേശീയ തലത്തിലും അഭിപ്രായങ്ങള്‍ സ്വീകരിക്കും. സര്‍ക്കാര്‍ പോര്‍ട്ടല്‍ വഴിയുള്ള ഓണ്‍ലൈന്‍ അഭ്രിപ്രായ ശേഖരണം 2015 ജനുവരി 26 മുതല്‍ ഒക്ടോബര്‍ 31 വരെയായിരുന്നു. 33 വിഷയങ്ങളെ അടിസ്ഥാനമാക്കി 29,000 നിര്‍ദേശങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭിച്ചു.


സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 676 ജില്ലകളില്‍ രണ്ടര ലക്ഷം പഞ്ചായത്തുകളില്‍ നിന്നും 6600 ബ്ളോക്കുകളില്‍ നിന്നും 6000 നഗരഭരണ പ്രദേശങ്ങളും വിവര ശേഖരണത്തിനായി ഉപയോഗിച്ചു. 573 ജില്ലകളും 11 സംസ്ഥാനങ്ങളും വിദഗ്ധാഭിപ്രായങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്തു. ബാക്കി സംസ്ഥാനങ്ങള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്െടന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിച്ചു ചേര്‍ത്തിരുന്നു. യുജിസി, ഓള്‍ ഇന്ത്യ കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍, നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ടീച്ചേഴ്സ് എഡ്യുക്കേഷന്‍ മറ്റു സര്‍വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുമായും കൂടിയാലോചിക്കുന്നുണ്ട്. സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാഭ്യാസ മേഖലകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് പുതിയ വിദ്യാഭ്യാസ നയ വികസന കമ്മിറ്റി വിദ്യാഭ്യാസ നയത്തിന്റെ കരടിനു രൂപം നല്‍കും.

ഗേറ്റ് സ്കോളര്‍ഷിപ്പ് തുക 8000ല്‍ നിന്നും 12,400 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്െടന്ന് പി.കെ ബിജു എംപിയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി സ്മൃതി അറിയിച്ചു. 2015-16 വര്‍ഷത്തില്‍ നവംബര്‍ 11 വരെ സ്കോളര്‍ഷിപ്പായി 151.56 കോടി രൂപ വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.