അസഹിഷ്ണുത പ്രാദേശികപ്രശ്നമാക്കി കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍
അസഹിഷ്ണുത പ്രാദേശികപ്രശ്നമാക്കി കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍
Tuesday, December 1, 2015 12:45 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: അസഹിഷ്ണുത ആയുധമാക്കി പ്രതിപക്ഷം ആഞ്ഞടിക്കാന്‍ ഒരുങ്ങിയിരിക്കേ സമൂഹത്തില്‍ ചില അസഹിഷ്ണുതകള്‍ നിലനില്‍ക്കുന്നുണ്െടന്ന് എന്നാല്‍, അതു പ്രാദേശിക വിഷയങ്ങളാണെന്നും രാജ്യസഭയില്‍ കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു. ഇന്നലെ രാജ്യസഭയില്‍ നടന്ന ഭരണഘടന ചര്‍ച്ചയില്‍ ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം സംവിധാനത്തെയും പാര്‍ലമെന്ററികാര്യ മന്ത്രി ചോദ്യം ചെയ്തു. കൊളീജിയം സംവിധാനം മികച്ചതെങ്കില്‍ അഴിച്ചു പണിക്കു നിര്‍ദേശം നല്‍കിയത് എന്തിനെന്നും വെങ്കയ്യ നായിഡു ചോദിച്ചു. ലോകത്ത് മറ്റൊരിടത്തും ജഡ്ജിമാര്‍ തന്നെ സ്വയം നിയമനം നടത്തുന്നില്ല. പാര്‍ലമെന്റ് ഏകകണ്ഠമായി പാസാക്കിയ ജുഡീഷല്‍ നിയമന കമ്മീഷനാണു സുപ്രീംകോടതി റദ്ദാക്കിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതിനിടെ, ഭരണഘടനാ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാജ്യസഭയില്‍ മറുപടി പറയും. പാരീസില്‍നിന്നു രാവിലെ പത്തരയ്ക്കെത്തുന്ന പ്രധാനമന്ത്രി രാജ്യസഭയില്‍ ചര്‍ച്ചകള്‍ക്കു സമാപനംകുറിച്ചു മറുപടി പ്രസംഗം നടത്തും. ലോക്സഭയില്‍ കഴിഞ്ഞ വെള്ളിയാഴ്ച മോദി പ്രസംഗിച്ചിരുന്നു. ഒരു സംഭവങ്ങളെയും പേരെടുത്തു പരാമര്‍ശിക്കാതെയാണ് ഭരണഘടന ചര്‍ച്ച ഇന്നലെയും തുടരവേ രാജ്യസഭയില്‍ കേന്ദ്രമന്ത്രി അസഹിഷ്ണുതയെക്കുറിച്ചു പറഞ്ഞത്. അസഹിഷ്ണുതകളെ സാമാന്യവത്കരിക്കുന്നതിനു പകരം തിരിച്ചറിഞ്ഞു നേരിടുകയാണ് വേണ്ടത്. ജനങ്ങള്‍ വിദ്വേഷകരമായ പ്രസ്താവനകളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കണം. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ അസഹിഷ്ണുതകള്‍ നിലനില്‍ക്കുന്നുണ്ട്. പ്രാദേശികമായ ഇത്തരം പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞു പരിഹരിക്കുകയാണ് വേണ്ട്. ഇത്തരം വിഷയങ്ങളെ സാമാന്യവത്കരുതെന്നുമാണ് ദളിതരുടെയും എഴുത്തുകാര്‍ ഉള്‍പ്പടെയുള്ളവരുടെയും കൊലപാതങ്ങള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളെക്കുറിച്ചു മന്ത്രി പറഞ്ഞത്. ഇത്തരം അനിഷ്ട സംഭവങ്ങള്‍ രാജ്യത്തു മുന്‍പും നടന്നിരുന്നു. നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയ ശേഷം ഒരു രാത്രി കൊണ്ട് ഉണ്ടായതല്ല. വിദ്വേഷകരമായ പ്രസ്താവനകള്‍ നട ത്തുന്നവരെ അപലപിക്കുകയും ഒറ്റപ്പെടുത്തുകയും വേണം. സല്‍മാന്‍ റുഷ്ദിയുടെ പുസ്തകം നിരോധിച്ചതു സംബന്ധിച്ചു കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ പ്രസ്താനവനയെ സ്വാഗതം ചെയ്യുന്നതായും വെങ്കയ്യ നായിഡു രാജ്യസഭയില്‍ പറഞ്ഞു.


അതിനിടെ, ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച ബിഎസ്പി നേതാവ് അസഹിഷ്ണുതയുടെയും ആക്രമണങ്ങളുടെയും കാര്യത്തില്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചെങ്കിലും ജിഎസ്ടി ബില്ലിനെ പിന്തുണയ്ക്കും എന്നു വ്യക്തമാക്കി. വര്‍ഗീയതയ്ക്കും അരാജകത്വത്തിനും എതിരേ സംസാരിച്ച മായാവതി ഹരിയാനയിലെ ദളിത് കുട്ടികളുടെ മരണത്തെ ആക്ഷേപിച്ചു സംസാരിച്ച കേന്ദ്രമന്ത്രി വി.കെ. സിംഗിനെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. വി.കെ. സിംഗിനെ മന്ത്രിപദത്തില്‍ നിന്നും പുറത്താക്കി ജയിലില്‍ അടയ്ക്കണം എന്നാണ് മായാവതി പറഞ്ഞത്. രാജ്യത്ത് പിന്നോക്ക വിഭാഗങ്ങളുടെയും മുസ്ലിംകള്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങളുടെയും കാര്യം കടുത്ത ആശങ്കയിലാണെന്നും മായാവതി ചൂണ്ടിക്കാട്ടി. ദാദ്രി കൊലപാതകം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് ഭരണഘടനയോടുള്ള പ്രതിബദ്ധതയെ ബിഎസ്പി അധ്യക്ഷ ചോദ്യംചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം പൊള്ളയാണെന്നും മായാവതി തുറന്നടിച്ചു. ഭരണഘടന ചര്‍ച്ചയില്‍ എന്‍സിപി എംപി പ്രഫുല്‍ പട്ടേല്‍, കെ.ടി.എസ്. തുളസി, ബിജെപി അംഗം എം.ജെ. അക്ബര്‍, എഐഎഡിഎംകെ അംഗം കനിമൊഴി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.