കാലാവസ്ഥാ വ്യതിയാനം: പ്രകൃതിദത്ത ഊര്‍ജ ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നു മോദി
കാലാവസ്ഥാ വ്യതിയാനം: പ്രകൃതിദത്ത ഊര്‍ജ ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നു മോദി
Monday, November 30, 2015 12:45 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും മൂലം ദുരന്തങ്ങളുണ്ടാകുന്നതു നേരിടാന്‍ പ്രകൃതിദത്തമായ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഊര്‍ജം കാര്യക്ഷമമായി ഉപയോഗിക്കുകയും ഊര്‍ജസംരക്ഷണ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. പരമാവധി സോളാര്‍ ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കാലാവസ്ഥാ വ്യതിയാനം മൂലം തമിഴ്നാട്ടില്‍ വന്‍മഴ നാശം വിതച്ചെന്നും അത് വലിയ ദുഃഖമുണ്ടാക്കിയെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് ദിവസേന കേള്‍ക്കുന്നത് പ്രകൃതി ദുരന്തങ്ങളുടെ വാര്‍ത്തകളാണ്. മുമ്പ് കേട്ടുകേള്‍വിയില്ലാത്തതും നാം ഭാവനയില്‍ പോലും സങ്കല്പിക്കാത്തതുമായ വാര്‍ത്തകളാണു കേള്‍ക്കുന്നത്. ഇപ്പോള്‍ നമ്മുടെ രാജ്യത്തും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ശക്തമായ മഴയാണ് തമിഴ്നാട്ടില്‍ ഇപ്പോള്‍ നാശം വിതച്ചത്. അതുപോലെ മറ്റു സംസ്ഥാനങ്ങളിലും നാശനഷ്ടമുണ്ടായി, നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. കാലാവസ്ഥാ വ്യതിയാനം മൂലം ലോകം മുഴുവന്‍ ദുരിതം അനുഭവിക്കുകയാണ്.

ആഗോളതാപനം തടയാനുള്ള പ്രവൃത്തികള്‍ ചെയ്യാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. പ്രകൃതിദത്തമായ ഊര്‍ജം കൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണങ്ങള്‍ കൂടുതലായി ഉപയോഗിക്കുകയാണ് ഇതില്‍ പ്രധാനം. വൈദ്യുതി ഇല്ലാത്ത കാണ്‍പൂരിലെ ഒരു ഗ്രാമത്തില്‍ സോളാര്‍ പദ്ധതി നടപ്പിലാക്കിയ നൂര്‍ജഹാന്‍ എന്ന സ്ത്രീയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. നൂര്‍ജഹാന്‍ ഉണ്ടാക്കുന്ന സോളാര്‍ വിളക്ക് ഉപയോഗിക്കുന്നത് ഗ്രാമത്തിലെ 500ലധികം വീട്ടുകാരാണെന്നും സാധാരണക്കാരായ പല ആളുകളും സോളാര്‍ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കുന്നുണ്െടന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.


രാജ്യത്തിന്റെ ഐക്യം ശക്തമാക്കുന്നതിനും സംസ്ഥാനങ്ങള്‍ക്കിടയിലെ ബന്ധം മെച്ചപ്പെടുത്താനുമുള്ള “ഏക ഭാരത്, ശ്രേഷ്ഠ ഭാരത് പദ്ധതി’ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രണ്ടു സംസ്ഥാനങ്ങള്‍ക്കിടയില്‍ ഒരു വര്‍ഷത്തേക്കു സഹകരണം ലക്ഷ്യമാക്കുന്ന പദ്ധതിയാണിത്. സാംസ്കാരികമായ വിനിമയമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ മൈഗവ് ഡോട് കോം വഴിയാണ് പൊതുജനങ്ങള്‍ അഭിപ്രായം അറിയിക്കേണ്ടത്. അവയവദാനത്തിന്റെ പ്രസക്തി ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിച്ച പ്രധാനമന്ത്രി, പ്രമുഖ വ്യക്തികളടക്കം നിരവധി പേര്‍ അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ചതിനെ അഭിനന്ദിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.