ഹിറ്റ്ലറെ ചൂണ്ടി കോണ്‍ഗ്രസിനെതിരേ ജയ്റ്റ്ലി
ഹിറ്റ്ലറെ ചൂണ്ടി കോണ്‍ഗ്രസിനെതിരേ ജയ്റ്റ്ലി
Saturday, November 28, 2015 12:18 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: അസഹിഷ്ണുതയ്ക്ക് എതിരായി ഉയര്‍ന്ന ആരോപണങ്ങളുടെ മുനയൊടിക്കാന്‍ അടിയന്തരാവസ്ഥയെ ഹിറ്റ്ലറുടെ കിരാത വാഴ്ചയോട് ഉപമിച്ച് അരുണ്‍ ജയ്റ്റ്ലി. ഭരണഘടനാ ശില്പികളെ ആദരിക്കുമ്പോള്‍ നെഹ്റുവിനെ മറക്കുന്നതാണ് അസഹിഷ്ണുതയുടെ തെളിവെന്നാണ് കോണ്‍ഗ്രസ് ഇതിനു മറുപടി നല്‍കിയത്. 1975ലെ ഇന്ത്യയെ 1933ലെ ജര്‍മനിയോടു താരതമ്യം ചെയ്തായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അരികിലിരുത്തി പ്രതിപക്ഷത്തിനു നേരെ രാജ്യസഭയില്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ കടന്നാക്രമണം. അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച്, ഭരണഘടനയോടുള്ള പ്രതിബദ്ധത എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ജയ്റ്റ്ലിയുടെ വിമര്‍ശനങ്ങള്‍.

ഇന്ന് ആരെങ്കിലും ടിവി ചാനലില്‍ വന്ന് ഒരു പ്രസ്താവന നടത്തിയാല്‍ അതുടന്‍ തന്നെ അസഹിഷ്ണുതാ പ്രശ്നമായി മാറുന്നു. മൌലികാവകാശങ്ങളുടെ മേല്‍ കടന്നുകയറുക എന്നത് എളുപ്പമല്ല. ഡോ. ബി. ആര്‍. അംബേദ്കര്‍ രൂപം നല്‍കിയ ഭരണഘടന മതവിരുദ്ധമോ മതാനുകൂലമോ അല്ല. ഏതൊരാള്‍ക്കും ഇഷ്ടമുള്ള മതവിശ്വാസം പിന്തുടരാം എന്ന് 25-ാം വകുപ്പ് ഉറപ്പ് നല്‍കുന്നു. ഭരണഘടനാ രൂപകല്പനയിലൂടെ രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കും വിവേചനം അനുഭവിക്കേണ്ടി വരില്ലെന്ന് ഉറപ്പു നല്‍കുന്നു. തീവ്രവാദത്തിനെതിരേയാണ് നാം പോരാടേണ്ടത്. തീവ്രവാദ ആക്രമണക്കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ ചിലര്‍ അവരെ രക്തസാക്ഷികളായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. അംബേദ്കര്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമായിരുന്നെന്നും ജയ്റ്റ്ലി ചോദിച്ചു.

ഏകീകൃത സിവില്‍ കോഡ്, ഗോവധ നിരോധനം എന്നിവ സംബന്ധിച്ച 44, 48 വകുപ്പുകളെക്കുറിച്ച് 1949 ല്‍ അംബേദ്കര്‍ നടത്തിയ പ്രസംഗം ഇന്നായിരുന്നെങ്കില്‍ സഭ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നും ജയ്റ്റ്ലി ചോദിച്ചു. പ്രത്യേക മതാചാരങ്ങള്‍ക്കു പ്രാമുഖ്യമോ മതാധിഷ്ഠിത ഭരണമോ നടക്കില്ല. ഭരണഘടനയെ ശാക്തീകരിക്കാന്‍ വേണ്ട നടപടികളെടുക്കുമെന്നും ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഇനി അനുവദിക്കില്ലെന്നുമാണ് അടിയന്തരാവസ്ഥയെ ചൂണ്ടിക്കാട്ടി ജയ്റ്റ്ലി പറഞ്ഞത്.

അടിയന്തരാവസ്ഥക്കാലത്തെ 1930കളിലെ ജര്‍മനിയിലെ അഡോള്‍ഫ് ഹിറ്റ്ലറുടെ ഭരണ കാലഘട്ടത്തോടാണ് ജയ്റ്റ്ലി ഉപമിച്ചത്. 1975ല്‍ ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഇതാവര്‍ത്തിക്കുകയായിരുന്നു. ചരിത്രത്തില്‍ ഭരണഘടനാ സംവിധാനങ്ങളെ അട്ടിമറിച്ചതിനു നിരവധി മോശം ഉദാഹരണങ്ങളുണ്ട്.“നിങ്ങള്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചു. പ്രതിപക്ഷത്തെ തടവിലിട്ടു. ഭരണഘടന ഭേദഗതി ചെയ്തു. പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. 25 ഇന സാമ്പത്തിക പദ്ധതികള്‍ കൊണ്ടു വന്നു’. എന്നിങ്ങനെ അക്കമിട്ടു നിരത്തിയായിരുന്നു കോണ്‍ഗ്രസിനു നേരേ വിമര്‍ശനം. ഹിറ്റ്ലറിന്റെ ഉപദേശകനായിരുന്ന റുഡോള്‍ഫ് ഹെസ് തന്റെ പ്രസംഗത്തിന്റെ ഒടുവില്‍ മുഖസ്തുതിയായി അഡോള്‍ഫ് ഹിറ്റ്ലറാണു ജര്‍മനി, ജര്‍മനി തന്നെയാണ് ഹിറ്റ്ലറെന്നുമാണു പറഞ്ഞത്. അടിയന്തരാവസ്ഥക്കാലത്ത് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ദേവ് കാന്ത് ബറുവ പറഞ്ഞത് ഇന്ദിര ആണ് ഇന്ത്യ, ഇന്ത്യ തന്നെയാണ് ഇന്ദിരയെന്നുമാണെന്നും ജയ്റ്റ്ലി ഓര്‍മിപ്പിച്ചു.


അടിയന്തരാവസ്ഥക്കാലത്ത് നേരിട്ട എറ്റവും പ്രധാന വെല്ലുവിളി 21-ാം വകുപ്പ് സസ്പെന്റ് ചെയ്യപ്പെട്ടതായിരുന്നു. പൌരന്മാര്‍ക്ക് ജീവിക്കാനും സ്വാതന്ത്യ്രത്തിനുമുള്ള അവകാശം നഷ്ടമായി. അത് ഏകാധിപത്യവും അങ്ങേയറ്റം മോശവുമായിരുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം ഭരണഘടന 21-ാം വകുപ്പ് സസ്പെന്‍ഡ് ചെയ്യാനാകാത്ത വിധം ഭേദഗതി ചെയ്തതിനാലാണ് നാം ഇപ്പോള്‍ സുരക്ഷിതരായിരിക്കുന്നത്. എന്നാല്‍, ഭരണഘടനാ ചര്‍ച്ചയില്‍ ജവഹര്‍ലാല്‍ നെഹ്റുവിനെ മറന്നു സംസാരിച്ചത് അസഹിഷ്ണുതയുടെ തെളിവാണെന്ന് ഗുലാം നബി ആസാദ് മറുപടി നല്‍കി. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നതു തന്നെയാണ് അസഹിഷ്ണുത. നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കാനുള്ള സര്‍ക്കാര്‍ നീക്കം തന്നെ ചരിത്രത്തെ മാറ്റിയെഴുതുന്നതിനു തുല്യമാണ്.

ഭരണഘടനാദിനം ആചരിക്കുന്നതിനു പിന്നിലെ ഭരണപക്ഷ താത്പര്യമാണ് ഇതോടെ വെളിവായിരിക്കുന്നതെന്നും ആസാദ് കുറ്റപ്പെടുത്തി. ഹിറ്റ്ലറുമായുള്ള താരതമ്യങ്ങള്‍ക്കെതിരേ പ്രതിപക്ഷം ശബ്ദമുയര്‍ത്തിയപ്പോള്‍ താരതമ്യം അല്ലെന്നും എലിയും കുഴിയാനയും തമ്മിലുള്ള വ്യത്യാസമാണെന്നുമായിരുന്നു ജയ്റ്റ്ലിയുടെ മറുപടി. എവിടെനിന്നാണ് നവംബര്‍ 26 എന്ന പുതിയ ദിനം കടന്നുവന്നതെന്നായിരുന്നു ഗുലാം നബി ആസാദിന്റെ ചോദ്യം.

അംബേദ്കര്‍ നല്‍കിയ ജനുവരി 26 എന്ന ദിവസത്തിന് എന്ത് സംഭവിച്ചുവെന്നും റിപ്പബ്ളിക് ദിനം നവംബര്‍ 26ലേക്കു മാറ്റാന്‍ സര്‍ക്കാരിന് ആലോചനയുണ്േടാ എന്നും അദ്ദേഹം ചോദിച്ചു. നെഹ്റുവിന്റെ കാഴ്ചപ്പാട് അനുസരിച്ചാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം തയാറാക്കിയത്. ഭരണഘടനയുടെ സത്ത തന്നെ അതിന്റെ ആമുഖമാണ്. ഭരണഘടനാ ശില്പികളെയെല്ലാം ആദരിക്കുന്നതായി പ്രഖ്യാപിക്കുമ്പോഴും നെഹ്റുവിന്റെ പേരു പറയാന്‍ പോലും എന്തിനാണു മടിക്കുന്നതെന്ന് ഗുലാം നബി വീണ്ടും ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.